ഒരു ജീവനക്കാരന്റെ ജീവനും ജീവിതവും ഇതിലാണുള്ളത്. അതുകൊണ്ടുതന്നെ ഇത് കൈകാര്യം ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ വേണം.
എയ്ഡഡ് സ്കൂള്‍ ജീവനക്കാരുടെ സേവനപുസ്തക പരിപാലനം സംബന്ധിച്ച വ്യവസ്ഥകള്‍ കെ.ഇ.ആര് അദ്ധ്യായം XIVA യില്‍ 20 മുതല്‍ 33 വരെ ചട്ടങ്ങളിലാണ് പ്രതിപാദിച്ചിരിക്കുന്നത്.
എയ്ഡഡ് സ്കൂളിലെ ആദ്യ നിയമനത്തീയതി മുതലുള്ള വിവരങ്ങള്‍ സേവനപുസ്തകത്തില്‍ എഴുതണം (ചട്ടം 25)
സേവനപുസ്തകം കൃത്യമായി എഴുതി, ഭദ്രമായി സൂക്ഷിക്കുന്നതില്‍ HM ന് മാനേജരോടും ഡിപ്പാര്‍ട്ടുമെന്റിനോടും ഉത്തരവാദിത്തമുണ്ട്. ഡിപ്പാര്‍ട്ടുമെന്റ് അധികാരികള്‍ ആവശ്യപ്പെടുമ്പോള്‍ അവ പരിശോധനയ്ക്ക് HM ഹാജരാക്കണം. (ചട്ടം 26)
സേവനപുസ്തകത്തില്‍ വിവരങ്ങള്‍ എഴുതുന്നതിനു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശിച്ചിട്ടുള്ള നടപടിക്രമം സാമാന്യമായി പാലിക്കണം. സംശയങ്ങള്‍ ഉണ്ടായാല്‍ വിദ്യാഭ്യാസ ഓഫീസറുടെ നിര്‍ദേശം സ്വീകരിക്കണം. (ചട്ടം 27)
ഒരിക്കല്‍ സേവനപുസ്തകത്തില്‍ രേഖപ്പെടുത്തിയ ജനനത്തീയതി സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ മാറ്റാവൂ. ജനനത്തീയതി തിരുത്തുന്നതിനു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബാധകമായ വ്യവസ്ഥകള്‍ എയ്ഡഡ് സ്കൂളിനും ബാധകം. (Note under Rule 28)
സര്‍ക്കാര്‍ ജീവനക്കാരുടെ സേവനപുസ്തകം സംബന്ധിച്ച വ്യവസ്ഥകള്‍ കെ.എസ്.ആര് ഭാഗം III ല്‍ 140 മുതല്‍ 151 വരെ ചട്ടങ്ങളിലാണ് പ്രതിപാദിച്ചിരിക്കുന്നത്.
ഔദ്യോഗിക ജീവിതത്തിന്റെ ഓരോ ഘട്ടവും സേവനപുസ്തകത്തില്‍ എഴുതി സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തണം. ചുരണ്ടലോ മായ്ക്കലോ പുറത്തെഴുതലോ പാടില്ല. തെറ്റുകള്‍ വൃത്തിയായി തിരുത്തി സാക്ഷ്യപ്പെടുത്തണം (ചട്ടം 143)
സ്വന്തം ചെലവില്‍ ഓരോ ജീവനക്കാരനും സേവനപുസ്തകത്തിന്റെ ഒരു Extra copy വാങ്ങി നല്‍കണം. അസ്സല് SB നോക്കി ഇതിലേക്ക് വിവരങ്ങള്‍ പകര്‍ത്താന്‍ സ്ഥാപന മേധാവി അനുവദിക്കണം. രേഖപ്പെടുത്തലുകള്‍ ഒത്തുനോക്കി സാക്ഷ്യപ്പെടുത്തണം. ആദ്യപേജില്‍ Duplicate Copy എന്നു ചുവന്ന മഷിയില്‍ എഴുതി നല്‍കണം. ഓരോ വര്‍ഷവും ജൂണ്‍ 1 മുതല്‍ ആഗസ്റ്റ് 31 വരെയുള്ള കാലയളവിലാണ് Duplicate SB എഴുത്തും സാക്ഷ്യപ്പെടുത്തലും നടത്തേണ്ടത്. (GD under Rule 146)
സേവനപുസ്തകത്തില്‍ പതിക്കുന്ന ഫോട്ടോ പത്തു വര്‍ഷത്തിലൊരിക്കല്‍ മാറ്റി പുതിയത് പതിക്കണം
ജീവനക്കാരന്റെ SB യില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരില്‍ മാറ്റം വരുത്താന്‍ വകുപ്പു മേധാവിയുടെ (DGE) അനുമതി നിര്‍ബന്ധം. (G.O (MS) No.14/86/GAD Dated 09-01-1986). ഇതിനായി വില്ലേജ് ഓഫീസറുടെ സര്ടിഫിക്കറ്റ്, ഗസറ്റ് വിജ്ഞാപനം എന്നിവ സഹിതമുള്ള അപേക്ഷ DGE യ്ക്ക് വിദ്യാഭ്യാസ ഓഫീസര്‍ മുഖാന്തരം അയക്കണം.
17-08-2021 മുതല്‍ SPARK ല്‍ ‘e-SB’ യും വന്നുകഴിഞ്ഞു. ഇതനുസരിച്ച് 01-01-2021 മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും Electronic Service Book (e-SB) ആണ് ഉപയോഗിക്കേണ്ടത്. അവര്‍ക്ക് കടലാസ് സേവന പുസ്തകം (Physical SB) ആവശ്യമില്ല. 31-12-2023 വരെ വിരമിക്കുന്നവര്‍ക്ക് e-SB വേണ്ട.
01-01-2021 നു മുന്‍പ് സര്‍വീസില്‍ പ്രവേശിക്കുകയും 31-12-2023 നു ശേഷം വിരമിക്കുകയും ചെയ്യുന്ന എല്ലാവരും e-SB യോടൊപ്പം അവരുടെ Physical SB യും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തുടരണം. (G.O (P) No. 152/2019/Fin Dated 06-11-2019 read with G.O (P) No. 118/2021/Fin Dated 17-08-2021)