KERALA PRIVATE PRIMARY HEADMASTERS ASSOCIATION



           സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി (MEDISEP)- രണ്ടാം പോളിസി വര്‍ഷം ഒഴിവാക്കപ്പെടേണ്ടവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിലേക്കുള്ള നിര്‍ദ്ദേശങ്ങള്‍ 19/01/2024  തീയതിയിലെ  പരിപത്രം നം.06/2024/ധന /തിരുവനന്തപുരം, പ്രകാരം പുറപ്പെടുവിച്ചു .

ഒന്നാം വര്‍ഷ പോളിസി കാലാവധി മുതല്‍ രണ്ടാം പോളിസി വര്‍ഷത്തില്‍ ഇത്‌ വരെ സര്‍ക്കാര്‍ മുന്‍കൂറായി ഇന്‍ഷുറന്‍സ്‌ കമ്പനിക്ക്‌ കരാര്‍ പ്രകാരം നല്‍കിയിട്ടുള്ള പ്രീമിയം തുകയും ഗുണഭോക്താവില്‍ നിന്നും കുറവ്‌ ചെയ്ത്‌ ട്രഷറിയില്‍ ലഭ്യമായ മെഡിസെപ്‌ പദ്ധതിയുടെ വിവിധ ഹെഡ്‌ ഓഫ്  അക്കൗണ്ടുകളിലെ തുകയും തമ്മില്‍ ഉണ്ടായ വൃത്യാസം രണ്ടാം പോളിസി കാലഘട്ടത്തില്‍ തന്നെ പരിഹരിക്കപ്പെടുന്നതിനുള്ള കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്‌ .

   മെഡിസെപ്‌ കാര്‍ഡ്‌ നല്‍കപ്പെടുകയും എന്നാല്‍ തുടര്‍ന്ന്‌ പ്രീമിയം തുക ഗുണഭോക്താവില്‍ നിന്നും കുറവ്‌ ചെയ്യുന്നതിലേക്ക്‌ സാധിക്കാതെ വരികയും ചെയ്യുന്ന  സാഹചര്യത്തിലാണ്‌ ഇത്തരത്തില്‍ സര്‍ക്കാര്‍ നല്‍കിയ തുകയും തിരികെയെത്തിയ തുകയും തമ്മില്‍ വൃത്യാസം ഉണ്ടായിട്ടുള്ളത്‌. അതിനാല്‍ മെഡിസെപ്‌ ഡാറ്റാ ബേസില്‍ നിലവിലുള്ള (അതായത്‌ മെഡിസെപ്‌ കാര്‍ഡ്‌ ഉള്ള) എല്ലാ ഗുണഭോക്താക്കളില്‍ നിന്നും പ്രീമിയം തുക കുറവ്‌ ചെയ്ത്‌ അടയ്ക്കുന്നു എന്ന്‌ ഉറപ്പാക്കുന്നതിലേക്ക്‌ മെഡിസെപ്‌ ബാധകമായ സ്ഥാപനങ്ങളിലെ എല്ലാ ഡി.ഡി.ഒ. മാരും ശ്രദ്ധിക്കേണ്ടതാണ്‌.

ഇത്തരത്തില്‍ മുന്‍കൂറായി സര്‍ക്കാര്‍ നല്‍കുന്ന പ്രീമിയം തുക കൃത്യമായി തന്നെ സര്‍ക്കാരിന്‌ ലഭ്യമാകുന്നുണ്ട്‌ എന്ന്‌ ഉറപ്പ വരുത്തുന്നതിലേക്ക്‌ ചുവടെ ചേര്‍ത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്‌ .




➡️  മെഡ്കാര്‍ഡ്‌ ലഭിക്കുകയും എന്നാല്‍, സര്‍ക്കാര്‍ മുന്‍കൂറായി നല്‍കിയ പ്രീമിയം തുക തിരികെ ലഭിക്കുന്നതിന്‌ സാധ്യതയില്ലാത്തതുമായ ചുവടെ ചേര്‍ത്തിരിക്കുന്ന വിഭാഗം ജീവനക്കാരെ മെഡിസെപ്‌ പദ്ധതിയുടെ രണ്ടാം പോളിസി വര്‍ഷത്തില്‍ നിന്നും ഒഴിവാക്കുന്നതിലേക്ക്‌ അത്തരക്കാരുടെ വിവരങ്ങള്‍ ധനകാര്യ (ITSF) വകുപ്പില്‍ ലഭ്യമാക്കേണ്ടതാണ്‌.  


⏺️ കഴിഞ്ഞ പോളിസി ( 01.07.2022 മുതല്‍ 30.06.2023 )വര്‍ഷം മരണപ്പെട്ട, അനന്തരാവകാശികളില്ലാത്ത ഗുണഭോക്താക്കളുടെ വിവരങ്ങള്‍.
⏺️ 30.06.2022 വരെ വിരമിച്ച എന്‍.പി.എസ്‌. പെന്‍ഷന്‍കാരില്‍ കാര്‍ഡ്‌ ഉള്ളതും എന്നാല്‍ 3 വര്‍ഷത്തെ പ്രീമിയം തുക മുഴുവനായും അടയ്ക്കാത്തവരുടെയും വിവരങ്ങള്‍. 
⏺️ മെഡിസെപ്‌ കാര്‍ഡുള്ളതും ഒരു വര്‍ഷത്തിലധികം കാലഘട്ടത്തിലേക്ക്‌ (മൂന്ന്‌ വര്‍ഷ പോളിസി കാലയളവില്‍) ശുന്യവേതനാവധിയില്‍ പ്രവേശിക്കുകയും 3 വര്‍ഷത്തേക്കുള്ള പ്രീമിയം തുക മുഴുവനായും അടക്കാത്തതുമായവരുടെ വിവരങ്ങള്‍.
⏺️ മെഡിസെപ്‌ കാര്‍ഡുള്ളതും ഒരു വര്‍ഷത്തില്‍ താഴെ (മൂന്ന്‌ വര്‍ഷ പോളിസി കാലയളവില്‍) ശുന്യവേതനാവധി എടുക്കയും എന്നാല്‍ ഒരു വര്‍ഷത്തെ പ്രീമിയം തുക ഒരുമിച്ച്‌ അടക്കാത്തതുമായവരുടെ വിവരങ്ങള്‍.
⏺️ സര്‍വ്വീസില്‍ നിന്നും പിരിച്ച്‌ വിടപ്പെട്ടവരുടെ വിവരങ്ങള്‍
⏺️ ഒരു ഗുണഭോക്താവിന്‌ തന്നെ ഒന്നിലധികം കാര്‍ഡ്‌ ഉണ്ടാകുകയും അതിലേക്ക്‌ ഒന്നില്‍ മാത്രം പ്രീമിയം കുറവ്‌ ചെയ്യപ്പെടുന്നതുമായ സാഹചര്യത്തില്‍ അത്തരത്തിലുള്ളവരുടെ വിവരങ്ങള്‍.
⏺️ മെഡിസെപ്‌ പദ്ധതിയില്‍ ഉള്‍പ്പെട്ട്‌ കാര്‍ഡ്‌ ലഭിക്കുകയും തുടര്‍ന്ന്‌ മെഡിസെപ്‌ നിലവില്‍ ഇല്ലാത്തതുമായ സ്ഥാപനത്തിലേക്ക്‌ ജോലി മാറി പോകുകയും ചെയ്തവരുടെ വിവരങ്ങള്‍. (ഇത്തരക്കാര്‍ മെഡിസെപ്‌ ആനുകൂല്യം ലഭ്യമാകുവാന്‍ മൂന്ന്‌ വര്‍ഷത്തെ പ്രീമിയം തുക 18,000/- രൂപ അടച്ചിട്ടുണ്ടെങ്കില്‍ കാര്‍ഡ്‌ റദ്ദാക്കേണ്ട ആവശ്യമില്ല)
⏺️ മെഡ്‌കാര്‍ഡ്‌ ലഭിച്ച ശേഷം മറ്റേതെങ്കിലും കാരണത്താല്‍ ജോലി ഉപേക്ഷിച്ച്‌ പോയവരുടേയും അനുമതിയില്ലാതെ ജോലിയില്‍ നിന്ന്‌ വിട്ട്‌ നില്‍ക്കുന്നവരുടെയും (deserter) വിവരങ്ങള്‍.
⏺️  മേല്‍ ഖണ്ഡിക (1) മുതല്‍ (8) പരാമര്‍ശിച്ചതല്ലാതെ മറ്റേതെങ്കിലും കാരണത്താല്‍, പ്രീമിയം  തുക തിരികെ ലഭിക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ അത്തരം ഗുണഭോക്താക്കളുടെയും വിവരങ്ങള്‍.


 ➡️ മേല്‍ സൂചിപ്പിച്ച വിഭാഗം ജീവനക്കാരുടെ ഡാറ്റാ ബന്ധപ്പെട്ട ഡി.ഡി.ഒ. മാര്‍ ഡി-ആക്ടീവേറ്റ്‌ (deactivate) ചേയ്യേണ്ടതും ആയതിനുള്ള കാരണങ്ങള്‍ പോര്‍ട്ടലില്‍ വൃക്തമായി രേഖപ്പെടുത്തേണ്ടതുമാണ്‌.




 ➡️ ഒരു വകുപ്പിനു  കീഴില്‍ ഇത്തരത്തില്‍ ഒഴിവാക്കേണ്ടവരുടെ വിവരങ്ങള്‍ ക്രോഡീകരിച്ച്‌ അതാത്‌ വകുപ്പിലെ  നോഡല്‍ ഓഫീസര്‍മാര്‍ ധനകാര്യ (ITSF) വകുപ്പില്‍ ഇ-മെയില്‍ (info.medisep@kerala.gov.in), (info.fin@kerala.gov.in) മുഖാന്തിരവും ലഭ്യമാക്കേണ്ടതാണ്‌.




➡️ ഇത്തരത്തിലുള്ള ഗുണഭോക്താക്കളെ ഒഴിവാക്കുന്നതിലേക്ക്‌ ആവശ്യമായ ഡാറ്റാ ലഭ്യമാക്കുന്നതിലേക്ക്‌ ചുവടെ ചേര്‍ത്തിരിക്കുന്ന സമയക്രമം പാലിക്കേണ്ടതാണ്‌ . 


31.01.2024 
2022-23 പോളിസി വര്‍ഷത്തെ പ്രീമിയം അക്കൗണ്ടുകള്‍ ക്രമീകരിക്കേണ്ട തീയതി
31.07.2024
2023-24 പോളിസി വര്‍ഷത്തെ പ്രീമിയം അക്കൗണ്ടുകള്‍ ക്രമീകരിക്കേണ്ട തീയതി
15.02.2024
2022 ജുലൈ മുതല്‍ 2023 നവംബര്‍ വരെയുള്ള റീകണ്‍സിലിയേഷന്‍ സ്റ്റേറ്റ്‌ മെന്റ്‌ (തന്നിട്ടുള്ള പ്രൊഫോര്‍മ പ്രകാരം) സമര്‍പ്പിക്കുന്നതിനുമുള്ള തീയതി.


 **************************