സർക്കാർ ജീവനക്കാർക്ക്, വിദേശത്തുള്ള മക്കളെ സന്ദർശിക്കുന്നതിന് അവധി അനുവദിയ്ക്കുന്നത് സംബന്ധിച്ച് സ്പഷ്ടീകരണം പുറപ്പെടുവിച്ചു
(No.32/2024/FIN/ Dt 05.06.2024)
സർക്കാർ ജീവനക്കാർക്ക്, വിദേശത്തുളള മക്കളെ സന്ദർശിക്കുന്നതിന്, സ.ഉ. (അച്ചടി) നം. 04/11/ധന തീയതി 03/01/2011 പ്രകാരം പരമാവധി ആറു മാസം വരെ അവധി (ആർജ്ജിതാവധി, അർദ്ധവേതനാവധി, പരിവർത്തിതാവധി, ശൂന്യവേതനാവധി എന്നിവ) അനുവദനീയമാണ്.
കൂടാതെ നാല് മാസത്തിന് മേൽ ഈ ആവശ്യത്തിലേക്കായി ശൂന്യവേതന അവധി അനുവദിക്കുന്നതിന് സർക്കാർ അനുമതി ആവശ്യമാണ് എന്നും ടി ഉത്തരവിൽ നിഷ്കർഷിച്ചിട്ടുണ്ട്.
എന്നാൽ സ.ഉ. (അച്ചടി) നം. 112/2017/ധന തീയതി 24/08/2017 ലെ സർക്കാർ ഉത്തരവ് പ്രകാരം മൂന്ന് വർഷത്തെ തുടർച്ചയായ സേവനമുളള ഉദ്യോഗസ്ഥർക്ക് 120 ദിവസം വരെ നിയമനാധികാരി തലത്തിലും,
180 ദിവസം വരെ വകുപ്പ് തലവൻ തലത്തിലും ശൂന്യവേതനാവധി അനുവദിക്കുന്നതിനുളള അധികാരം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സ.ഉ. (അച്ചടി) നം. 143/2021/ധന തീയതി 30/10/2021 (SRO No.794/2021 വിജ്ഞാപനപ്രകാരം കേരള സർവ്വീസ് ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തിയിട്ടുമുണ്ട്.
ഈ സാഹചര്യത്തിൽ വിദേശത്തുളള മക്കളെ സന്ദർശിക്കുവാൻ സ.ഉ. (അച്ചടി) നം. 04/11/ധന തീയതി 03/01/2011 ലെ സർക്കാർ ഉത്തരവ് പ്രകാരം പരമാവധി ആറ് മാസത്തേക്ക് കെ.എസ്.ആർ., ഭാഗം ഒന്ന്, ചട്ടം 88 പ്രകാരം അനുവദനീയമായ ശൂന്യവേതനാവധി, മൂന്ന് വർഷത്തെ തുടർച്ചയായ സേവനമുളള ഉദ്യോഗസ്ഥർക്ക് 120 ദിവസത്തേക്ക് നിയമനാധികാരി തലത്തിലും, പരമാവധി 180 ദിവസത്തേക്ക് വകുപ്പ് അദ്ധ്യക്ഷൻ തലത്തിലും അനുവദിക്കാവുന്നതാണ് എന്ന് സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നു.