Superannuation date കഴിഞ്ഞും സർവീസിൽ തുടരുന്നവരുടെ അവധി
KER അധ്യായം XIV A- ചട്ടം 62
Rule 62. പെൻഷൻ (Retirement)-
പെൻഷന് നിശ്ചയിച്ചിരിക്കുന്ന പ്രായം, പൂർത്തിയാകുന്നത്, വേനലവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന തീയതി മുതൽ (ജൂൺ 1) ഒരു മാസ ത്തിനകമല്ലാതെയും വിദ്യാഭ്യാസ വർഷത്തിനിടയ്ക്കും ആണെങ്കിൽ വേനലവധിക്ക് സ്‌കൂൾ അടക്കുന്നതുവരെ ഒരദ്ധ്യാപകന് സർവ്വീസിൽ തുടരാവുന്നതാണ്. എന്നാൽ ഡ്യൂട്ടിക്ക് തിരിച്ചുവരാൻ സാദ്ധ്യതയില്ലാത്തവിധം അവധിയിലാകുകയോ സ്‌കൂൾ തുറന്ന ദിവസം മുതൽ പെൻഷൻ പറ്റേണ്ട തീയതി വരെ അവധിയിലായിരിക്കുകയോ ചെയ്താൽ അദ്ധ്യാപകനെ പെൻഷൻ പറ്റേണ്ട തീയതിക്കു തന്നെ പിരിച്ചു വിടേണ്ടതാണ്. ഈ ചട്ടമ നുസരിച്ച് പെൻഷൻ പറ്റേണ്ട തീയതിക്കുശേഷം സർവ്വീസിൽ തുടരുന്ന അദ്ധ്യാപകൻ കാഷ്വൽ അവധിയൊഴികെയുള്ള ഏതെങ്കിലും അവധിക്കപേക്ഷിക്കുകയാണെങ്കിൽ അദ്ദേ ഹത്തെ ഉടനടി ജോലിയിൽ നിന്നും പെൻഷൻ നൽകി വിരമിപ്പിക്കേണ്ടതാണ്.
എന്നാൽ ഏതെങ്കിലും വർഷം, വിദ്യാഭ്യാസ വർഷം മാർച്ച് 31 കഴിഞ്ഞ് നീട്ടുകയാണെങ്കിലും ഈ ചട്ടം ബാധകമായ ഒരദ്ധ്യാപകൻ, മാർച്ച് അവസാന ദിവസം തന്നെ സർവ്വീസിൽ നിന്ന് പിരിയേണ്ടതാണ്.
ഒരു അക്കാദമിക വർഷത്തിനിടയിൽ 56 വയസ്സ് പൂർത്തിയാക്കുന്ന അധ്യാപകർക്ക് പ്രസ്തുത അക്കാദമിക വർഷം അവസാനിക്കുന്ന മാസത്തിലെ * അവസാന ദിനം വരെ സർവീസിൽ തുടരാം. എന്നാൽ re opening date മുതൽ ഒരു മാസത്തിനുള്ളിലാണ് superannuation date എങ്കിൽ re opening date മുതൽ മാസാന്ത്യം വരെ Additional Leave അനുവദിക്കണം.
ചട്ടം 60 (c) പ്രകാരം ദീർഘിപ്പിക്കുന്ന സർവീസ് യാതൊരു വിധത്തിലുമുള്ള സർവീസ് ആനുകൂല്യങ്ങൾക്കും പരിഗണിക്കില്ല.
അതായത് actual date of superannuation നു ശേഷം due ആകുന്ന ഇൻക്രിമെന്റ്, ഗ്രേഡ്, അവധി ആർജനം, പെൻഷൻ, പ്രൊമോഷൻ, ശമ്പള പരിഷ്കരണം ഒന്നും കിട്ടില്ല.
ദീർഘിപ്പിക്കുന്ന സർവീസിൽ തുടരുന്നവർ 56 വയസ്സ് തികയുന്ന ദിനത്തിൽ അവധിയിൽ ആയിരിക്കുകയും actual date of superannuation കഴിഞ്ഞു വരുന്ന ആദ്യ പ്രവൃത്തി ദിനത്തിൽ ഹാജരാകാതിരിക്കുകയും ചെയ്‌താൽ അവർക്ക് actual date of superannuation ൽ വിരമിക്കൽ നൽകണം. *
Actual date of superannuation കഴിഞ്ഞു ദീർഘിപ്പിക്കുന്ന കാലത്ത് കാഷ്വൽ ലീവിനു മാത്രമേ അർഹതയുള്ളൂ. Special Casual Leave കാഷ്വൽ ലീവിന്റെ ഗണത്തിൽ വരാത്തതിനാൽ അതും കിട്ടില്ല.
കോടതി വിധികൾ
കോടതിവിധികൾ- ചട്ടം 60C-യുടെ അവസാനഭാഗത്തിൽ പ്രതിപാദിക്കുന്ന ഏതെങ്കിലും വ്യക്തിയുടെ റിട്ടയർമെന്റ്റ് തീയതി നിർണ്ണയിക്കുന്ന ആവശ്യത്തിലേയ്ക്ക് ബന്ധപ്പെട്ട ഓഫീസർ സൂപ്പർ ആനുവേഷനിലെത്തുന്ന തീയതിയോ അല്ലെങ്കിൽ അയാൾ സസ്പെൻഷനി ലായ തീയതിയോ ഇവയിലേതാണ് പിന്നീട് വരുന്നത് ആ തീയതിയാണ് പരിഗണിക്കേണ്ടത്.[Haridasan v. Dy. Director of Education 2014 (3) KLT 263]
ഈ അദ്ധ്യായത്തിലെ ചട്ടം 62 പ്രകാരം കേരള സർവ്വീസ് ചട്ടം ഭാഗം I ചട്ടം 60C പ്രകാരവും 1997 മാർച്ച് 31 വരെയോ അതിനുശേഷമോ സർവ്വീസിലുണ്ടായിരുന്ന എല്ലാ അദ്ധ്യാപകർക്കും 1997 മാർച്ചിലെ പുതുക്കിയ ശമ്പളസ്‌കെയിൽ പ്രകാരമുള്ള ശമ്പളത്തിൻ്റെ ആനുകൂല്യത്തിന് അർഹരാണ്.[Accountant General v. Neelakandan Nair 2003 (3) KLT 525 FB]
കേരള വിദ്യാഭ്യാസ ചട്ടം 14 A ചട്ടം 62-ഉം കേരള സർവ്വീസ് ചട്ടം ഭാഗം | ചട്ടം 60C-യും ഒരു അദ്ധ്യാപകന് പുതുക്കിയ ശമ്പളസ്‌കെയിലിലെ ആനുകൂല്യം നൽകുന്നത് തടയുന്നില്ല.[Accountant General v. Kunjamma 2003 (3) KLT 345 FB)
പെൻഷൻ പ്രായം പൂർത്തിയായ ശേഷം അദ്ധ്യയന വർഷത്തിൻ്റെ അവസാനം വരെ സർവ്വീസിൽ തുടരുന്ന അദ്ധ്യാപകർക്ക് അവരുടെ സൂപ്പർ ആനുവേഷന് ശേഷം നിലവിൽ വന്ന റിവിഷൻ, ഇൻക്രിമെൻ്റ്, ഉയർന്ന ഗ്രേഡ് ഇവയ്‌ക്കൊന്നും അർഹത ഉണ്ടായിരിക്കുന്നതല്ല.[Krishnapaniker v. State of Kerala 2002 (2) KLT 889]
റിട്ടയർമെന്റ്റിനുശേഷം മൂന്ന് വർഷത്തിനുള്ളിൽ ബാദ്ധ്യതകൾ വല്ലതുമുണ്ടെങ്കിൽ സർക്കാരിന് തിരിച്ചു പിടിക്കാവുന്നതാണ്. എന്നാൽ ഇങ്ങനെ ചെയ്യുന്നതിനുമുമ്പ് മതിയായ നോട്ടീസ് നൽകിയിരിക്കേണ്ടതാണ്.[State of Kerala v. Anandanarayan Bhat 2001 (1) KLJ 443]
പരാതിക്കാരനെതിരെ അഴിമതിനിരോധന നിയമം അനുസരിച്ച് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ബന്ധപ്പെട്ട മജിസ്ട്രേട്ടിന് അന്തിമറിപ്പോർട്ട് നൽകിയിട്ടില്ല. പരാതിക്കാരന് അവകാശപ്പെട്ട ഡി.സി.ആർ.ജി തടഞ്ഞുവയ്ക്കുന്നത് ന്യായീകരിക്കത്തക്കതല്ല.[Kesavan Nair v. Director Health Service 2001 (2) KLT 770]
സൂപ്പർ ആനുവേഷൻ തീയതിക്ക് ശേഷമുള്ള സേവനം പേ റിവിഷൻ ആനുകൂല്യം ലഭിക്കുന്നതിനോ പെൻഷൻ കണക്കാക്കുന്നതിനോ കൂട്ടാവുന്നതല്ല.[G.O. (P) 1552/2000 Fin dt. 15.12.2000]
Rule :63. സ്കൂൾ തുറക്കുന്ന തീയതി മുതൽ ഒരു മാസത്തിനകമാണ് അദ്ധ്യാപകൻ പെൻഷൻ പ്രായം പൂർത്തിയാക്കുന്നതെങ്കിൽ, തുറക്കുന്ന തീയതി മുതൽ അദ്ദേഹം സജീ വമായ ഡ്യൂട്ടിയിലല്ലാതെയായിത്തീരുന്നതാണ്. തുറക്കുന്ന ദിവസം മുതൽ പെൻഷൻ പറ്റേണ്ട തീയതി വരെ, മുഴുവൻ ശമ്പളത്തോടുകൂടി പ്രത്യേക അവധിക്ക് (Special Casual Leave ന് അദ്ദേഹം അർഹത നേടുന്നതാണ്.