KERALA PRIVATE PRIMARY HEADMASTERS ASSOCIATION

                                                                                    

                                                                പഠനയാത്രയുടെ സംഘാടനവും നിർവഹണവും പ്രൈമറി വിദ്യാലയങ്ങളെ സംബന്ധിച്ച് വളരെ ഗൗരവമുള്ളതായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ സ്കൂളുകളിൽ സുരക്ഷിതമായ പഠനയാത്ര സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്  നിരവധി നിർദ്ദേശങ്ങൾ നിലവിലുണ്ട്. ലഭ്യമാക്കപ്പെട്ട നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നത് സുരക്ഷിതമായ പഠനയാത്രയ്ക്ക് അനിവാര്യമാണ്. ആസൂത്രണം, യാത്ര, തുടർ പ്രവർത്തനം എന്നിങ്ങനെ മൂന്നു പ്രധാനപ്പെട്ട ഘട്ടങ്ങൾ പഠനയാത്രയ്ക്കുണ്ട്. അതിൽ ആസൂത്രണവും യാത്ര നിർവഹണവും നിലവിലുള്ള ഔദ്യോഗിക നിർദ്ദേശങ്ങൾ അനുസരിച്ച് ആയിരിക്കണമെന്നത് സ്ഥാപനമേധാവി ഉറപ്പുവരുത്തേണ്ടതുണ്ട്.

                               യാത്രയ്ക്ക് ഒരുങ്ങുമ്പോൾ:     സന്ദർശിക്കേണ്ട സ്ഥലങ്ങൾ , യാത്ര വാഹനങ്ങൾ, യാത്ര ദിവസങ്ങൾ, ബജറ്റ് എന്നിവ ഉൾപ്പെടുന്ന ആസൂത്രണ രേഖകൾ തയ്യാറാക്കേണ്ടതുണ്ട്. ഇവ പിടിഎ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ചർച്ചചെയ്ത് അംഗീകാരം നേടിയ ശേഷം വിദ്യാഭ്യാസ മേലധികാരികളുടെ പരിഗണനയ്ക്കായി സമർപ്പിക്കു. കൂടാതെ പ്രൈവറ്റ് വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ അവ സംബന്ധിച്ച വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിനും നൽകി അംഗീകാരം വാങ്ങേണ്ടതാണ്. ഗതാഗത വകുപ്പ് നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾ മാത്രമേ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടുള്ളൂ ട്രാഫിക് നിയമങ്ങൾ പാലിച്ചാണ് യാത്ര നടത്തേണ്ടത്. അനുവദനീയമായ എണ്ണം ആളുകൾ മാത്രമേ വാഹനങ്ങളിൽ കയറാവൂ.സന്ദർശന സ്ഥലങ്ങളെ സംബന്ധിച്ച് വിവരങ്ങൾ കുട്ടികളുമായി പങ്കുവയ്ക്കുകയും നേതൃത്വം വഹിക്കാൻ കഴിയുന്ന കുട്ടികൾക്ക് ചുമതലനൽകേണ്ടതുമാണ്. യാത്രയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ യാത്രാവിവരങ്ങൾ പൂർണ്ണമായും ധരിപ്പിക്കേണ്ടതുണ്ട്. ഒരു അക്കാദമിക വർഷം  പരമാവധി മൂന്ന് ദിവസങ്ങൾ മാത്രമേ പഠനയാത്രയ്ക്കായി ഉപയോഗിക്കാൻ പാടുള്ളൂ. തുടർച്ചയായ മൂന്ന് ദിവസങ്ങളാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ  അവ പ്രവർത്തി ദിനങ്ങൾ അല്ലാത്ത ദിവസങ്ങളോട് ചേർത്ത് ക്രമീകരിക്കേണ്ടതാണ് ( വ്യാഴം, വെള്ളി,ശനി ദിവസങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്). യാത്രയിൽ പാലിക്കേണ്ട കാര്യങ്ങളും  ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും സ്ഥാപനത്തിൻ്റെ നോട്ടീസ് ബോർഡിൽ പതിക്കേണ്ടതാണ്. സ്കൂൾ ഉൾപ്പെടുന്ന പ്രദേശത്തെ പോലീസ് സ്റ്റേഷനിൽ യാത്ര സംബന്ധിച്ചു ഉപയോഗിക്കുന്ന വാഹനത്തെ സംബന്ധിച്ച് റിപ്പോർട്ട് നൽകണം. എല്ലാ വിഭാഗം കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്ന തരത്തിലുള്ള യാത്രാ പദ്ധതി തിരഞ്ഞെടുക്കേണ്ടതാണ് വിദ്യാർത്ഥികളിൽ നിന്നും അമിത തുക ഈടാക്കുവാൻ പാടുള്ളതല്ല. സന്ദർശന സ്ഥലങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാസംവിധാനങ്ങൾ മുൻകൂട്ടി മനസ്സിലാക്കേണ്ടതാണ്. ജലയാത്ര, വനയാത്ര, വന്യമൃഗ സങ്കേതങ്ങൾ എന്നിവിടങ്ങളിൽ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചു സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കേണ്ടതാണ്. ഗൈഡുകളുടെ സേവനം പ്രയോജനപ്പെടുത്തണം. ആവശ്യമാണെങ്കിൽ ആ പ്രദേശത്തെ  ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ആവശ്യമായ അനുമതി രേഖമൂലം വാങ്ങേണ്ടതാണ്.  

യാത്രയിൽ:

            പുറപ്പെടുന്നത് തൊട്ട് തിരിച്ചെത്തുന്നതുവരെയുള്ള യാത്ര സന്ദർശന സ്ഥലങ്ങൾ സമയം എന്നിവ ടൂർ കൺവീനർ യാത്രയിൽ കയ്യിൽ സൂക്ഷിക്കേണ്ടതാണ്. പകർപ്പ് സ്കൂളിലും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസിലും ഉണ്ടായിരിക്കണം. അധ്യാപക വിദ്യാർത്ഥി അനുപാതം 1:15 ആയിരിക്കണം, വിദ്യാർഥിനികൾക്ക്  അധ്യാപികമാരും ആനുപാതികമായിഉണ്ടായിരിക്കേണ്ടതാണ്. രാവിലെ അഞ്ചുമണിക്ക് മുമ്പേയും രാത്രി 10 മണിക്ക് ശേഷമുള്ള യാത്രകൾ പൂർണമായി ഒഴിവാക്കണം. അംഗീകൃത ടൂർ ഓപ്പറേറ്റർ മാറി മാത്രം ഉപയോഗിക്കണംയാത്രയിൽ ഉപയോഗിക്കുന്ന താമസസൗകര്യങ്ങളും ഭക്ഷണവും ശുചിത്വമുള്ളതും ആരോഗ്യപൂർണ്ണവും ആയിരിക്കണം. കുട്ടികളുടെ സ്വകാര്യത ലംഘിക്കുന്ന ചിത്രങ്ങളോ വീഡിയോയോ പകർത്തുകയോ പങ്കുവയ്ക്കുകയോ ചെയ്യരുത്. 

യാത്ര കഴിഞ്ഞ്:
യാത്ര പൂർത്തിയാക്കിയതിനു ശേഷം  കുട്ടികളുടെ അഭിപ്രായങ്ങളോടുകൂടിയ റിപ്പോർട്ട് ടൂർ കൺവീനർ സ്ഥാപന മേധാവിക്ക് സമർപ്പിക്കണം. ഇതു സംബന്ധിച്ച റിപ്പോർട്ട് വിദ്യാഭ്യാസ മേലധികാരിക്ക് നൽകേണ്ടതാണ്. യാത്രയ്ക്ക് ശേഷം വാഹന ഡ്രൈവർമാരുടെ പെരുമാറ്റസംബന്ധിച്ച് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ റീജണൽ ട്രാൻസ്പോർട്ട് ഓഫീസർക്ക് സമർപ്പിക്കാവുന്നതാണ്.

circularജി ഒ എം എസ് നം 51/07/പൊ.വി.വ :