KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

INCOME TAX FY 2025-26

1961ലാണ് ഇന്‍കംടാക്‌സ് ആക്ട് നിലവില്‍ വന്നത്. 1962ല്‍ വകുപ്പ് 192 കൂടി കൂട്ടിച്ചേര്‍ത്ത് സാലറി വാങ്ങുന്ന ജീവനക്കാരുടെ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. ഓരോ വര്‍ഷവും കേന്ദ്ര ഗവണ്‍മെന്‍റും  സംസ്ഥാനഗവണ്‍മെന്‍റും ഇറക്കുന്ന ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നികുതി പിരിക്കേണ്ടത്. ഇന്‍കം ടാക്‌സ് ശേഖരിച്ച് അടക്കുന്നതിന് ഓരോ സ്ഥാപനത്തിനും TAN (Tax Deduction and Collection account number) ആവശ്യമുണ്ട്. 

എല്ലാ നികുതിദായകര്‍ക്കും PAN (Permanent Account Number) ഉണ്ടായിരിക്കണം. വാര്‍ഷിക വരുമാനം രണ്ടര ലക്ഷത്തില്‍ കൂടുതലുള്ള എല്ലാവരും PAN എടുത്തിരിക്കണം.

2020-21 വര്‍ഷം മുതല്‍ നികുതി നിരക്കുകള്‍ കണക്കാക്കുന്നതിന് പുതിയ ഒരു രീതി കൂടി നിലവില്‍ വന്നു. നികുതിദായകന് പുതിയ രീതിയോ (New Regime) പഴയ രീതിയോ (Old Regime) സ്വീകരിക്കാം.

എല്ലാ സ്ഥാപന മേധാവികളും Quarterly TDS  Return  യഥാസമയം സമര്‍പ്പിച്ചിരിക്കണം. വൈകിയാല്‍, വൈകുന്ന ഓരോ ദിവസത്തിനും 200 രൂപ വെച്ച് Late filing fee അടക്കേണ്ടി വരും. 

Quarterly TDS  Return സമര്‍പ്പിക്കേണ്ട അവസാന ദിവസങ്ങള്‍ താഴെ നല്‍കുന്നു.

First Quarter - July 31

Second Quarter - October 31

Third Quarter - January 31

Fourth Quarter - May 31


ഡി.ഡി.ഒ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

  • ഒരുസ്ഥാപനത്തിലെ ജീവനക്കാരുടെ നികുതികണക്കാക്കിഡിപ്പാര്‍ട്ട്‌മെന്റില്‍ അടയ്ക്കുക എന്നത് ഡി.ഡി.ഒയുടെ ഉത്തരവാദിത്തമാണ്. സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യത്തില്‍ തന്നെ തന്‍റെ കീഴിലുള്ള ജീവനക്കാരുടെ പ്രതീക്ഷിത വരുമാനം കണക്കാക്കി പ്രതീക്ഷിത നികുതി കണ്ടെത്തി (Anticipatory Statement)  തയ്യാറാക്കി പന്ത്രണ്ട് ഗഡുക്കളാക്കി അടവുതുടങ്ങണം
  • ഫിബ്രവരി മാസത്തില്‍ ഫൈനല്‍ സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കി ജീവനക്കാരില്‍ നിന്നും വാങ്ങി ഫയലില്‍ സൂക്ഷിക്കണം. ക്വാര്‍ട്ടര്‍ലി റിട്ടേണ്‍ യഥാസമയം സമര്‍പ്പിക്കുക. അടച്ച ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അടവ് ചെയ്യപ്പെട്ടു എന്ന് ഉറപ്പാക്കാന്‍ BIN VIEW പരിശോധിക്കണം. 
  • രണ്ടര ലക്ഷത്തില്‍ കൂടുതല്‍ വരുമാനമുള്ള ജീവനക്കാരോട് നിര്‍ബന്ധമായും പാന്‍ എടുക്കാന്‍ നിര്‍ദ്ദേശിക്കണം. പാന്‍ ഇല്ലാത്തവര്‍ക്ക് ടാക്സബിള്‍ ഇന്‍കത്തിന്‍റെ (Taxable Income) 20 ശതമാനം ടാക്‌സ് നല്‍കേണ്ടി വരും. 
  • മുഴുവന്‍ ടാക്‌സും അടച്ചുകഴിഞ്ഞ് നാല് ക്വാര്‍ട്ടര്‍ TDS ഉം ഫയല്‍ ചെയ്ത് കഴിഞ്ഞ് 10 ദിവസത്തിനകം ഫോം 16 ഡൗണ്‍ലോഡ് ചെയ്ത് തന്‍റെ കീഴിലുള്ള ജീവനക്കാര്‍ക്ക് നല്‍കണം



പി.എഫ് നിക്ഷേപത്തിന്‍റെ പലിശ :

2021 മാര്‍ച്ച് 31 നു ശേഷം 5 ലക്ഷം രൂപയില്‍ കൂടുതല്‍ വരുന്ന നിക്ഷേപങ്ങളുടെ പലിശക്കും ഇനി ടാക്സ് നല്‍കേണ്ടിവരും. . ഇത്തരം നിക്ഷേപങ്ങളുടെ പലിശക്ക് 10 % TDS നല്‍കേണ്ടി വരുന്നതാണ്. ( U/S 194A) Income from other source എന്ന നിലക്കാണ് ഇതിനെ കണക്കാക്കുന്നത്. ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശപോലെ വരുമാനത്തില്‍ കാണിക്കണം.


2025–26 വരുമാന നികുതി: അറിഞ്ഞിരിക്കേണ്ടതെന്തെല്ലാം

2025–26 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ്, 2025 ഫെബ്രുവരി 1ന് ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചതോടെ, രാജ്യത്തിന്റെ വരുമാന നികുതി ഘടനയിൽ ശ്രദ്ധേയമായ ഘടനാപരമായ മാറ്റങ്ങൾ നടപ്പിലാക്കപ്പെട്ടിരിക്കുകയാണ്. പ്രത്യേകിച്ച് പുതിയ ടാക്സ് റെജിമിലെ സ്ലാബ് പുനഃക്രമീകരണവും റിബേറ്റ് വ്യവസ്ഥകളിലെ വിപുലീകരണവും സ്ഥിര വരുമാനക്കാര്‍ക്ക് ആശ്വാസം നൽകുന്നതായി വിലയിരുത്തപ്പെടുന്നു.

₹12 ലക്ഷം വരെയുള്ള ടാക്സബിൾ ഇൻകത്തിന് പൂർണ്ണ റിബേറ്റ് അനുവദിക്കുകയും, അതിന് മുകളിലുള്ള പരിധിയിൽ മാർജിനൽ റിലീഫ് സംവിധാനം പ്രാബല്യത്തിൽ വരുത്തുകയും ചെയ്തിരിക്കുന്നത് നികുതി ബാധ്യതയിൽ അനുപാതപരമായ നീതിയുറപ്പാക്കുന്നതിനുള്ള ഒരു ശ്രമമായി കാണപ്പെടുന്നു. പഴയ ടാക്സ് റെജിമിൽ യാതൊരു മാറ്റവും വരുത്താത്തത്, നിക്ഷേപങ്ങളുടെയും വിവിധ ഡിഡക്ഷനുകളുടെയും അടിസ്ഥാനത്തിൽ നികുതി കണക്കാക്കുന്നവര്‍ക്ക് തുടർച്ച ഉറപ്പാക്കുന്നതാണ്.

ഈ സാഹചര്യത്തിൽ, 2025–26 സാമ്പത്തിക വർഷത്തിലെ പുതുക്കിയ നികുതി ഘടന,  വിവിധ വരുമാന നിരക്കുകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവ നമുക്ക് പരിശോധിക്കാം


പുതിയ ടാക്സ് റെജിം: വിപുലമായ സ്ലാബ് ഘടന

പുതിയ റെജിമിൽ സ്ലാബ് ഘടന കൂടുതൽ വ്യാപിപ്പിച്ചിരിക്കുകയാണ്:

  • ₹0 – ₹4,00,000 – നികുതി ഇല്ല

  • ₹4,00,001 – ₹8,00,000 – 5%

  • ₹8,00,001 – ₹12,00,000 – 10%

  • ₹12,00,001 – ₹16,00,000 – 15%

  • ₹16,00,001 – ₹20,00,000 – 20%

  • ₹20,00,001 – ₹24,00,000 – 25%

  • ₹24,00,000 മുകളിൽ – 30%

സ്റ്റാൻഡേർഡ് ഡിഡക്ഷൻ ₹75,000 തുടരും എന്നതും ശ്രദ്ധേയമാണ്.


₹12 ലക്ഷം വരെ പൂർണ്ണ റിബേറ്റ്

പുതിയ റെജിമിന്റെ ഏറ്റവും വലിയ പ്രത്യേകത ₹12 ലക്ഷം വരെയുള്ള ടാക്സബിൾ ഇൻകത്തിന് നൽകുന്ന റിബേറ്റാണ്.

സ്റ്റാൻഡേർഡ് ഡിഡക്ഷൻ കഴിഞ്ഞുള്ള വരുമാനം ₹12,00,000 വരെയാണെങ്കിൽ കണക്കാക്കുന്ന നികുതി ₹60,000 വരെയുണ്ടായാലും അത്രയും തുക സെക്ഷൻ 87(1A) പ്രകാരം റിബേറ്റ് ലഭിക്കും.

ഇത് കൊണ്ട് മൊത്തവരുമാനം ₹12,75,000 വരെയുള്ളവർക്ക് (₹75,000 സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഉൾപ്പെടുത്തി) യാതൊരു നികുതിയും അടക്കേണ്ടതില്ല.


മാർജിനൽ റിലീഫ്: ചെറിയ അധിക വരുമാനത്തിന് വലിയ നികുതി ഒഴിവാക്കാൻ

₹12 ലക്ഷം കടന്നാൽ പൂർണ്ണ സ്ലാബ് പ്രകാരം നികുതി ബാധകമാകും. എന്നാൽ ചെറിയ അധിക വരുമാനത്തിന് അനുപാതത്തിൽ കൂടുതലായ നികുതി വരാതിരിക്കാനാണ് മാർജിനൽ റിലീഫ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

₹12 ലക്ഷം മുതൽ ഏകദേശം ₹12.70 ലക്ഷം വരെയുള്ള ടാക്സബിൾ ഇൻകത്തിന് ഈ സംരക്ഷണം ലഭിക്കും.

ഉദാഹരണം

ഒരു വ്യക്തിയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ കഴിഞ്ഞുള്ള ടാക്സബിൾ ഇൻകം ₹12,30,000 ആണെന്ന് കരുതുക.

സാധാരണ കണക്കിൽ നികുതി:

  • ₹4–8 ലക്ഷം (5%) = ₹20,000

  • ₹8–12 ലക്ഷം (10%) = ₹40,000

  • ₹12–12.30 ലക്ഷം (15%) = ₹4,500

ആകെ നികുതി = ₹64,500

എന്നാൽ മാർജിനൽ റിലീഫ് പ്രകാരം ₹12 ലക്ഷത്തിന് മുകളിലുള്ള ₹30,000 മാത്രം നികുതി അടച്ചാൽ മതി. ബാക്കി തുക റിലീഫ് ആയി അനുവദിക്കും.


ഉയർന്ന വരുമാനക്കാർക്ക് പ്രയോജനം

₹12.70 ലക്ഷം മുകളിലുള്ളവർക്ക് പൂർണ്ണ സ്ലാബ് പ്രകാരം നികുതി കണക്കാക്കും. എന്നിരുന്നാലും, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നികുതി ഭാരം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

ഉദാഹരണത്തിന്, ടാക്സബിൾ ഇൻകം ₹15 ലക്ഷം ആയാൽ:

  • ₹4 ലക്ഷം വരെ – നികുതി ഇല്ല

  • ₹4–8 ലക്ഷം – ₹20,000

  • ₹8–12 ലക്ഷം – ₹40,000

  • ₹12–15 ലക്ഷം – ₹45,000

ആകെ നികുതി = ₹1,05,000

കഴിഞ്ഞ വർഷത്തെ കണക്കിനെ അപേക്ഷിച്ച് ഇത് ശ്രദ്ധേയമായ കുറവാണ്.


പഴയ ടാക്സ് റെജിം: മാറ്റമില്ലാത്ത ഘടന


പഴയ ടാക്സ് റെജിമിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. നിലവിലുള്ള സ്ലാബുകൾ തുടരും:

  • ₹2,50,000 വരെ – നികുതി ഇല്ല

  • ₹2,50,001 മുതൽ ₹5,00,000 വരെ – 5%

  • ₹5,00,001 മുതൽ ₹10,00,000 വരെ – 20%

  • ₹10,00,000 മുകളിൽ – 30%

    പഴയ രീതിയില്‍ (Old Regime) വരുമാന നികുതി കണക്കാക്കേണ്ട രീതി 

    PAY,DA,HRA,HTA,SALARY ARREAR,DA ARREAR,FESTIVEL ALLOWANCE,BONUS എന്നിവയും ഇളവില്ലാത്ത അലവന്‍സുകളെല്ലാം ഉള്‍പ്പെടുത്തി സാലറി ഇന്‍കം കാണുക. കണ്‍വേയന്‍സ് അലവന്‍സ്, ഡൈലി അലവന്‍സ്, യൂണിഫോം അലവന്‍സ് എന്നിവക്ക് ലഭിച്ച് ചെലവഴിച്ച തുക വരുമാനത്തില്‍ കണക്കാക്കേണ്ടതില്ല. 

    നിബന്ധനകള്‍ക്ക് വിധേയമായി ഒഴിവാക്കാവുന്ന അലവന്‍സുകളും ഉണ്ട്

    HRA, U/S 10(13A) വാടക വീട്ടില്‍ താമസിക്കുന്ന ജീവനക്കാര്‍ അദ്ദേഹത്തിന്റെ ശമ്പളത്തിന്റെ (PAY+ DA) 10% ല്‍ കൂടുതല്‍ വീട്ടുവാടക കൊടുത്തിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് HRA ഇനത്തില്‍ കുറവ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. താഴെ പറയുന്ന മൂന്ന് ഇനങ്ങളില്‍ ഏറ്റവും കുറവുള്ളത് ഇളവായി ലഭിക്കുന്നതാണ്.  

    • ആ വര്‍ഷം ലഭിച്ച HRA
    • ശമ്പളത്തിന്റെ (PAY + DA) 10%ത്തില്‍ കൂടുതലായി നല്‍കിയ വീട്ടുവാടക 
    • ശമ്പളത്തിന്റെ 40%.

    ഉദാഹരണമായി 12000 രൂപ ഒരുവര്‍ഷം എച്ച്.ആര്‍.എ. ലഭിക്കുന്ന ജീവനക്കാരന്റെ ഒരുവര്‍ഷത്തെ ശമ്പളം 3 ലക്ഷത്തി എണ്‍പതിനായിരം രൂപയാണെന്നിരിക്കട്ടെ. എങ്കില്‍ അയാളുടെ ശമ്പളത്തിന്റെ 10% 38000/-. അയാള്‍ ആ വര്‍ഷം 37,000- രൂപ വീട്ടുവാടക നല്‍കിയിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് HRA. ഇനത്തില്‍ ഇളവ് കിട്ടുന്നില്ല. എന്നാല്‍ 40000/- കൊടുത്തിരുന്നുവെങ്കില്‍ 2000 രൂപ കിഴിവ് ലഭിക്കും.

    ഹില്‍ട്രാക്ക് അലവന്‍സ്

    1000 മീറ്ററില്‍ കൂടുതല്‍ ഉയര്‍ന്ന പ്രദേശത്ത് ജോലിചെയ്യുന്നവര്‍ക്ക് മാത്രമാണ് ഇത് ലഭിക്കുന്നത്. പരമാവധി ഒരുവര്‍ഷം 3600 രൂപ (300X 12) കിഴിവ് ലഭിക്കും.

    കണ്‍വേയന്‍സ് അലവന്‍സ്

    അന്ധനോ ബധിരനോ, വികലാംഗനോ ആയ ജീവനക്കാരന് ലഭിക്കുന്ന അലവന്‍സ് 38400 രൂപ (3200X 12) കിഴിവ് ലഭിക്കുന്നതാണ്. 

    മുകളില്‍ പറഞ്ഞ അലവന്‍സുകള്‍ എല്ലാം വരുമാനത്തില്‍ ചേര്‍ത്തതിന് ശേഷം ഓരോ ഇനത്തിനും അര്‍ഹമായ ഇളവുകള്‍ കുറവ് ചെയ്യുകയാണ് വേണ്ടത്. 

    ഇനി വരുമാനത്തില്‍ നിന്ന് നേരിട്ട് കുറക്കുന്ന മറ്റ് ഇളവുകള്‍ ഏതൊക്കെയെന്ന് നോക്കാം

    • തൊഴില്‍ നികുതി, u/s 16() 

    ആ സാമ്പത്തിക വര്‍ഷം അടച്ച തൊഴില്‍ നികുതി ആകെ വരുമാനത്തില്‍ നിന്നും കുറവ് വരുത്താം. 

    • ഭവന വായ്പയുടെ പലിശ

    സ്വന്തം താമസത്തിനായി വീട് നിര്‍മിക്കുന്നതിനോ വാങ്ങുന്നതിനോ റിപ്പയര്‍ ചെയ്യുന്നതിനോ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് എടുത്തിട്ടുള്ള ലോണിന്റെ പലിശ നിബന്ധനകള്‍ക്ക് വിധേയമായി കുറവ് വരുത്താവുന്നതാണ്. ഇതിനായി വായ്പയെടുത്ത സ്ഥാപനത്തില്‍ നിന്നും ലോണ്‍ എടുത്തതിന്റെ ഉദ്ദേശം, പലിശ എന്നിവ വ്യക്തമാക്കുന്ന സ്റ്റേറ്റ്‌മെന്റ് ഹാജരാക്കേണ്ടതാണ്. വീടിന്റെ ഉടമസ്ഥാവകാശം ഉള്ളവര്‍ക്ക് മാത്രമേ കിഴിവ് ലഭിക്കുകയുള്ളൂ.  1-4-99ന് ശേഷം എടുത്ത  ലോണുകള്‍ക്ക് പലമാവധി 2 ലക്ഷം രൂപയും 1-4-99ന് മുമ്പ് എടുത്ത ലോണുകള്‍ക്ക് പരമാവധി 30,000 രൂപയും ലഭിക്കും. വീട് റിപ്പയര്‍, പുനര്‍നിര്‍മാണം എന്നിവക്ക് എടുത്ത ലോണ്‍ ആണെങ്കില്‍ 30,000 രൂപ മാത്രമെ കഴിവ് ലഭിക്കുകയുള്ളൂ. 

    CHAPTER 6 A പ്രകാരമുള്ള കിഴിവുകള്‍

    • സെക്ഷന്‍ 80C. സേവിംഗ് ആന്റ് ഡെപ്പോസിറ്റ്
    • പി.എഫ് സബ്‌സ്‌ക്രിപ്ഷന്‍ & അരിയര്‍ 
    • എസ്.എല്‍.ഐ, ജി.ഐ.എസ്., എഫ്.ബി.എസ് എന്നിവയിലേക്ക് അടച്ച വിഹിതം
    •  ജീവനക്കാരന്റെയോ, ഭാര്യ/ഭര്‍ത്താവ്/മക്കളുടെയോ പേരില്‍ അടച്ച എല്‍.ഐ.സി. പ്രീമിയം തുക കിഴിവായി ലഭിക്കും. 
    •  ഭവന വായ്പയുടെ മുതലിലേക്ക് അടച്ച തുക (റിപ്പയര്‍, പുനര്‍നിര്‍മ്മാണം) എന്നിവക്ക് എടുത്തത്. വായ്പക്ക് ഇത് ബാധകമല്ല.
    •  ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, പോസ്റ്റ് ഓഫീസ്, തുടങ്ങിയവയില്‍ 5 വര്‍ഷത്തില്‍ കുറയാത്ത സ്ഥിര നിക്ഷേപം. 
    • ജീവനക്കാരന്റെ രണ്ട് കുട്ടികള്‍ക്ക് നല്‍കിയ ട്യൂഷന്‍ ഫീ (ട്യൂഷന്‍ ഫീ ഓണ്‍ലി) ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ പഠിക്കുന്നവര്‍ക്ക് ലഭിക്കും. 
    • അംഗീകാരമുള്ള പെന്‍ഷന്‍ ഫണ്ടിലേക്ക് അടച്ച തുക.  
    • സ്വന്തം താസമത്തിനായി വാങ്ങിയ വീടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീ എന്നിവ കുറക്കാം. (2021-22 സാമ്പത്തിക വര്‍ഷം)
    • പെണ്‍കുട്ടികള്‍ക്കുള്ള സുകന്യാ സമൃദ്ധി എക്കൗണ്ടില്‍ നിക്ഷേപിച്ച തുക. കൂടാതെ
    • സൂപ്പര്‍ ആന്വേഷന്‍ ഫണ്ട്, എന്‍.എസ്.സി, എല്‍.ഐ.സിയുടെയും യു.ടി.ഐയുടെയും യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍, മ്യൂച്ചല്‍ ഫണ്ട്, ഐ.സി.സി.ഐ, ഐ.ഡി.ബി.ഐ, നബാഡ്, ഇന്‍ഫ്രാ സ്‌ട്രെക്ചര്‍ ഡവലപ്പ്‌മെന്റ് ബോണ്ട് എന്നിവയിലെ നിക്ഷേപങ്ങള്‍ക്ക് സെക്ഷന്‍ 80 പ്രകാരം ഇളവിന് അര്‍ഹതയുണ്ട്.
    • 80 CCD -എല്‍.ഐ.സി.യുടെയും അംഗീകൃത ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലെയോ പെന്‍ഷന്‍ പദ്ധതികളായ  നിക്ഷേപം.
    • 80 CCCD (1) - നാഷണല്‍ പെന്‍ഷന്‍ സ്‌കീം (എന്‍.പി.എസ്) അടച്ച ജീവനക്കാരുടെ വിഹിതം കിഴിവായി ലഭിക്കും. ഇത് ശമ്പളത്തിന്റെ (PAY + DA) 10 ശതമാനത്തില്‍ കൂടാന്‍ പാടില്ല. 
    • സെക്ഷന്‍ 80 C, 80 CCC, 80 CCCD(1) - എന്നിവയുടെ ആകെ കിഴിവ് പരമാവധി 1.5 ലക്ഷം രൂപയാകുന്നു.

    ഒന്നര ലക്ഷത്തിന് ശേഷമുള്ള കിഴിവ് ഏതെല്ലാം എന്ന് നോക്കാം

    • 80 CCD (1)ഇത് പ്രകാരം 50,000/- രൂപ വരെ എന്‍.പി.എസ്. നിക്ഷേപത്തിന് അധിക കിഴിവ് ലഭിക്കും. 1.5 ലക്ഷം വരെയുള്ള കിഴിവിനായി ഉപയോഗിച്ച നിക്ഷേപം കഴിച്ച് ബാക്കിയുള്ളതാണ് ഇതിന് പരിഗണിക്കുക
    • 80 CCD(2) ഇത് പ്രകാരം BP + DA യുടെ 10% കിഴിവുണ്ട്. എന്നാല്‍ ഈ തുക വരുമാനത്തില്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ മാത്രമെ ഇളവ് ലഭിക്കുകയുള്ളൂ. 
    • 80 CCG
      • നോട്ടിഫൈ ചെയ്ത ഇക്വിറ്റി സേവിംഗ് സ്‌കീമുകളിലെ നിക്ഷേപത്തിന് അനുവദിക്കുന്ന കിഴിവാണിത്. 2012-13ല്‍ വന്ന രാജീവ് ഗാന്ധി ഇക്വിറ്റി സേവിംഗ് സ്‌കീം ഈ ഇനത്തില്‍ പെടുന്ന ഒന്നാണ്. എന്നാല്‍ 2017 ഏപ്രില്‍ 1 മുതല്‍ ഈ സ്‌കീം നിര്‍ത്തലാക്കി. നിക്ഷേപത്തിന്റെ പരമാവധി കിഴിവ് 25000 രൂപയാണ്. മൂന്ന് സാമ്പത്തിക വര്‍ഷത്തില്‍ ഏതെങ്കിലും ഒരു വര്‍ഷം ക്ലൈം ചെയ്യാം. ടോട്ടല്‍ വരുമാനം 12 ലക്ഷത്തില്‍കൂടരുതെന്ന നിബന്ധനയുണ്ട്. ഇപ്പോള്‍ ഈ സ്‌കീമില്‍ വരുന്ന നിക്ഷേപങ്ങള്‍ 2017 ഏപ്രില്‍ മുതല്‍ തുടങ്ങിയ സെക്യൂരിറ്റി ഓഫ് ബി.എസ്.സി/സി.എന്‍.എക്‌സ് 100 ഷെയര്‍, മഹാരത്‌ന, നവരത്‌ന, മിനിരത്‌ന, ഇ.ടി.എഫ്.എസ്., ഇക്വിറ്റി ഷെയര്‍ ഓഫ് പബ്ലിക് സെക്ടര്‍ (ടേണ്‍ ഓവര്‍, 4000 കോടി) മുതലായവയാണ്. 
    • 80 D മെഡിക്കല്‍ ഇന്‍ഷുറന്‍സ്
      •  ജീവനക്കാരന്റെ സ്പൗസ്, മക്കള്‍ എന്നിവരുടെ പേരില്‍ ഉള്‍പ്പെടെ അംഗീകൃത ഇന്‍ഷുറന്‍സ് കമ്പനികളില്‍ അടച്ചിട്ടുള്ള പ്രീമിയം 25000 രൂപ (ജീവനക്കാരന്‍ 60 വയസ്സ് പൂര്‍ത്തിയായ വ്യക്തിയാണെങ്കില്‍ പമരാവധി 50000 രൂപ) ഇളവ് ലഭിക്കും. കൂടാതെ മാതാപിതാക്കളുടെ പേരില്‍ അടച്ച ഇന്‍ഷുറന്‍സ് പ്രീമിയത്തിന് മറ്റൊരു 25000 രൂപ കൂടി ഇളവ് ലഭിക്കും. ഇവരില്‍ ഒരാള്‍ സീനിയര്‍ സിറ്റിസണ്‍ ആണെങ്കില്‍ പരമാവധി 50000 രൂപ ഇളവ് ലഭിക്കും. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ലാത്ത 80 വയസുള്ള മാതാപിതാക്കളുടെ ചികിത്സാ ചെലവിന് 50000 രൂപ വരെ കഴിവ് നേടാം. ചികിത്സാ ചെലവ് നേരിട്ട് പണമായി നല്‍കിയതാവരുത്. കൂടാതെ മാതാപിതാക്കളുടെ പ്രിവന്റീവ് ഹെല്‍ത്ത് ചെക്കപ്പിന് 5000 രൂപ വരെ ഇളവുണ്ട്.  ഇതിന്റെ തുക പണമായി നല്‍കിയതുമാവാം.,കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പദ്ധതിയായ ജീവനക്കാരുടെ മെഡിക്കല്‍ സ്‌കീമില്‍ അടച്ചതുക  500X12=6000 രൂപ  80D യില്‍ കുറവ് വരുത്താവുന്നതാണ്.     
    • 80 DD
      •  ജീവനക്കാരന്റെ ശാരിരിക മാനസിക വൈകല്യമുള്ള സഹോദരങ്ങള്‍, ഭാര്യ/ഭര്‍ത്താവ്, മക്കള്‍, മാതാപിതാക്കള്‍, എന്നിവരുടെ ചികിത്സ ശുശ്രൂഷ, ട്രൈനിംഗ്, പുനരധിവാസം എന്നിവക്ക് വേണ്ടി ചെലവഴിച്ചാലും ഇവരുടെ സംരക്ഷണത്തിനായി ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഇതിനായുള്ള അംഗീകൃത സ്‌കീമുകളില്‍ നിക്ഷേപിച്ചാലും 80DD. പ്രകാരം കിഴിവ് ലഭിക്കും. ചിലവഴിച്ച തുക എത്രയായാലും 75000 രൂപയാണ് ലഭിക്കുക. എന്നാല്‍ 80% ല്‍ കൂടുല്‍ വൈകല്യമുണ്ടെങ്കില്‍ ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപ ലഭിക്കും. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
    • 80 DDB
      • ജീവനക്കാരന്‍, സ്പൗസ്, മക്കള്‍, മാതാപിതാക്കള്‍ ആശ്രയിച്ചു കഴിയുന്ന സഹോദരങ്ങള്‍ എന്നിവരില്‍ ആര്‍ക്കെങ്കിലും മസ്തിഷ്‌ക സംബന്ധമായോ അല്ലെങ്കില്‍ നാഡീ വ്യൂഹത്തെ ബാധിച്ചതോ ആയ രോഗങ്ങള്‍, കാന്‍സര്‍, വൃക്ക രോഗങ്ങള്‍, എയ്ഡ്‌സ്, തലേസീമിയ തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്ക് 40000 രൂപയുടെ ഇളവ് ലഭിക്കും. എന്നാല്‍ രോഗി സീനിയര്‍ സിറ്റീസണ്‍ ആണെങ്കില്‍ (60 വയസ്) ഒരു ലക്ഷം രൂപ വരെ ഇളവ് ലഭിക്കുന്നതാണ്. ഇളവ് ലഭിക്കുന്നതിന് സ്‌പെഷ്യലൈസ്ഡ് ചെയ്ത ഡോക്ടറില്‍ നിന്നും നിര്‍ദ്ദിഷ്ട മാതൃകയില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. (ഗവണ്‍മെന്റ് ഡോക്ടര്‍ ആവണമെന്ന് നിര്‍ബന്ധമില്ല) കൂടാതെ ചികിത്സ സംബന്ധിച്ച രേഖകളും ഹാജരാക്കണം. മേല്‍ പറഞ്ഞ രോഗങ്ങളുടെ ചികിത്സക്ക് മെഡിക്ലെയിം, റീ ഇമ്പേഴ്‌സ്‌മെന്റ് എന്നിവ കിട്ടിയിട്ടുണ്ടെങ്കില്‍ അത് കഴിച്ചുള്ള സംഖ്യക്ക് മാത്രമേ ഉളവ് ലഭിക്കുകയുള്ളൂ.
    • 80 E
      •  ഭര്‍ത്താവിന്റെ/ഭാര്യയുടെ, മക്കളുടെയോ അല്ലെങ്കില്‍ ജീവനക്കാന്‍ ലീഗല്‍ ഗാര്‍ഡിയനായ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് ബേങ്കിംഗ് സ്ഥാപനങ്ങളില്‍ നിന്നെടുത്ത വിദ്യാഭ്യാസ ലോണിന് പലിശയിനത്തില്‍ അടച്ച തുക 80E പ്രകാരം കിഴിവ് ലഭിക്കും. പലിശ അടച്ചു തുടങ്ങി 7 വര്‍ഷം വരെയാണ് ഇളവ് ലഭിക്കുക. ഹയര്‍ സെക്കണ്ടറിക്ക് മുകളിലുള്ള കോഴ്‌സുകള്‍ക്കാണ് ഇളവുള്ളത്. വിദേശത്താണ് പഠനമെങ്കിലും ഇളവ് ലഭിക്കും. 80E പ്രകാരമുള്ള കിഴിവുകള്‍ക്ക് പരിധിയില്ല. 
    • 80 EE -   വീട് നിര്‍മാണത്തിനും വാങ്ങുന്നതിനും എടുത്ത ഹൗസിംഗ് ലോണിന്റെ ഇന്ററസ്റ്റ് പലിശ സെക്ഷന്‍ 24 പ്രകാരം 2 ലക്ഷം നേരിട്ട് കുറവ് വരുത്താവുന്നതാണ് എന്ന് നാം മനസ്സിലാക്കിയല്ലോ. എന്നാല്‍ അത് കൂടാത ചില നിബന്ധനകള്‍ക്ക് വിധേയമായി പരമാവധി 50000 രൂപ കൂടി ഇളവ് വരുത്താം. 

                                 നിബന്ധനകള്‍

    •    ലോണ്‍ തുക 35 ലക്ഷത്തില്‍ കുറവായിരിക്കണം
    •    മുഴുവന്‍ പ്രോപര്‍ട്ടിയുടെ വില 50 ലക്ഷത്തില്‍ താഴെയായിരിക്കണം
    •     ലോണ്‍ എടുക്കുന്ന സമയത്ത് ജീവനക്കാരുടെ പേരില്‍ മറ്റ് വീടുകള്‍ ഉണ്ടായിരിക്കരുത്. 2016 ഏപ്രില്‍ 1നും 2017 മാര്‍ച്ച് 31നും ഇടയില്‍ എടുത്ത ലോണ്‍ ആയിരിക്കണം.
    • 80 EEA- വീട് നിര്‍മ്മാണത്തിനും വാങ്ങുന്നതിനും എടുത്ത ഹൗസിംഗ് ലോണ്‍ ഇന്ററസ്റ്റ് സെക്ഷന്‍ 24 പ്രകാരം 2 ലക്ഷം രൂപ പലിശയിനത്തില്‍ കുറച്ചതിന് ശേഷം ചില നിബന്ധനകള്‍ക്ക് വിധേയമായ ഒന്നര ലക്ഷം രൂപ കൂടി കുറവ് വരുത്താം.

                                      നിബന്ധനകള്‍

    •        2019 ഏപ്രില്‍ 1ന് ശേഷവും 31-3-2020നും ഇടയില്‍ എടുത്ത ലോണായിരിക്കണം.
    • ലോണ്‍ അനുവദിക്കുന്ന സമയത്ത് മറ്റൊരു വീട് ഉണ്ടായിരിക്കരുത്. വീടിന്റെ വില 45 ലക്ഷത്തില്‍ താഴെയായിരിക്കണം.
    • 80 EEB - ഇലക്ട്രിക് വാഹനം വാങ്ങുന്നതിന് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുത്ത ലോണിന്റെ പലിശ പരമാവധി 1.5 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. 2019 ഏപ്രില്‍ 1നും 2023 മാര്‍ച്ച് 31നും ഇടയിലെടുത്ത ലോണായിരിക്കണം.
    • 80 Gചില റിലീഫ് ഫണ്ടുകളിലേക്കും ചാരിറ്റബിള്‍ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന സംഭാവന തുകയുടെ 50% 80G പ്രകാരം കിഴിവ് വരുത്താം. ഇത് ഡി.ഡി.ഒക്ക് നേരിട്ട് കുറക്കാന്‍ പറ്റില്ല. റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയത്ത് ക്ലൈം ചെയ്യാം. എന്നാല്‍ സി.എം.ഡി.ആര്‍.എഫ്, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്, യുദ്ധ ഫണ്ടുകള്‍ എന്നിവക്ക് നല്‍കുന്ന സംഭാവനക്ക് 100% ഇളവ് ലഭിക്കുന്നതാണ്. ഇത് ഡി.ഡി.ഒക്ക് നേരിട്ട് കുറക്കാവുന്നതാണ്. 
    • 80 GGC - റപ്രസന്റേഷന്‍ ഓഫ് പീപ്പിള്‍സ് ആക്ട് 29A പ്രകാരം രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനകള്‍ക്ക് കിഴിവ് ലഭിക്കും. സംഭാവന ക്യാഷ് ആയി നല്‍കിയതാവരുത്.ചെക്ക്, ഡി.ഡി. ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവയിലൂടെ നല്‍കിയതാവണം. ഡി.ഡി.ഒക്ക് നേരിട്ട് കുറക്കാന്‍ കഴിയില്ല. ആന്വല്‍ റിട്ടേണ്‍ നല്‍കുന്ന  സമയത്ത് ക്ലെയിം ചെയ്ത് കിഴിവ് നേടാം. 
    • 80 TTAബേങ്കുകള്‍, കോ-ഓപ്പറേറ്റീവ് ബേങ്കുകള്‍, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ സ്ഥിരം നിക്ഷേപത്തിന് പലിശയിനത്തില്‍ ലഭിച്ച തുകയില്‍ പരമാവധി 10000 രൂപ കിഴിവ് ലഭിക്കും. മറ്റുവരുമാനം എന്ന നിലയില്‍ മൊത്തവരുമാനമായി കാണിച്ചിട്ടെങ്കില്‍ 80TTA പ്രകാരം കിഴിവ് വരുത്താം. 
    • 80 TTB  60 വയസ് കഴിഞ്ഞവര്‍ക്ക് ബേങ്ക് നിക്ഷേപങ്ങളുടെ പലിശയിനത്തില്‍ ലഭിച്ച തുക പരമാവധി 50000 രൂപ ഇളവ് ലഭിക്കും. ഇത് സേവിംഗ് ബേങ്കിനും ഫിക്‌സഡ് ഡെപ്പോസിറ്റിനും ബാധകമാണ്. 
    • 80 U -  അംഗവൈകല്യമുള്ള ജീവനക്കാര്‍ക്ക് 80U പ്രകാരമുള്ള നികുതിയിളവിന് അര്‍ഹതയുണ്ട്. ഡിസബിലിറ്റിയുടെ തോതനുസരിച്ച് താഴെ പറയുന്ന രോഗങ്ങള്‍ക്ക് ലഭിക്കുന്നതാണ്. ബ്ലൈന്റ്‌നസ്, ലോ വിഷന്‍, ലപ്രസി, ഹിയറിംഗ് ഇംപയേഡ്, ലോക്കോ മോട്ടാര്‍ ഡിസബിലിറ്റി, മെന്റല്‍ റിട്ടാര്‍ഡേഷന്‍, മെന്റല്‍ ഇല്‍നസ്,etc... 40% അംഗവൈകല്യമുള്ളവര്‍ക്ക് 75000 രൂപയും 80% ല്‍ കൂടുതല്‍ വൈകല്യമുള്ളവര്‍ക്ക് 1,25,000 രൂയുമാണ് ഇളവ് ലഭിക്കുക. അംഗീകൃത മെഡിക്കല്‍ അതോറിറ്റി നല്‍കുന്ന ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഇളവ് നേടാം. 

    ഇതുപ്രകാരമുള്ള കിഴിവുകള്‍ കുറച്ചതിനു ശേഷമുള്ള തുകക്ക് പഴയ നിരക്കില്‍ വരുമാന നികുതി കണക്കാക്കി 4% എജ്യുക്കേഷന്‍ സെസ് കൂടി ചേര്‍ത്താല്‍ അടക്കേണ്ട ടാക്സ് ആയി.

    Up to ₹2,50,000Nil                                     
    ₹2,50,001 - ₹5,00,0005%
    ₹5,00,001 - ₹10,00,00020 %
    Above ₹10,00,00030 %


    Income Tax Rebate U/S 87 A 

    Old Regime പ്രകാരം 5 ലക്ഷം രൂപയില്‍ താഴെയാണ് ഒരാളുടെ  Taxable Income എങ്കില്‍  അദ്ദേഹത്തിന്‍റെ ആകെ നികുതിയോ അല്ലെങ്കില്‍ 12500 രൂപയോ ഇളവ് ലഭിക്കും.



ഡിഡക്ഷനുകളും നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട വിവിധ ഒഴിവുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് പഴയ റെജിം ഇപ്പോഴും പ്രസക്തമാണ്.



ഏത് റെജിം തിരഞ്ഞെടുക്കണം?

കൂടുതൽ നിക്ഷേപങ്ങളും ഡിഡക്ഷനുകളും ഉള്ളവർക്ക് പഴയ റെജിം ഗുണകരമായേക്കാം.

  • ഡിഡക്ഷൻ കുറവുള്ള ശമ്പളക്കാർക്കും യുവ പ്രൊഫഷണലുകൾക്കും പുതിയ റെജിം കൂടുതൽ ലാഭകരമാകാം.

  • ₹12 ലക്ഷം വരെ ടാക്സബിൾ ഇൻകം ഉള്ളവർക്ക് പുതിയ റെജിം വ്യക്തമായ ഗുണം നൽകുന്നു.



2025–26 സാമ്പത്തിക വർഷത്തെ വരുമാന നികുതി ഘടന സ്ഥിരവരുമാനക്കാർക്ക് ആശ്വാസം നൽകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

റിബേറ്റ്, മാർജിനൽ റിലീഫ്, വിപുലമായ സ്ലാബ് ഘടന എന്നിവ ചേർന്നപ്പോൾ പുതിയ ടാക്സ് റെജിം കൂടുതൽ ആകർഷകമാകുന്നു.

സ്വന്തം വരുമാന ഘടന, നിക്ഷേപങ്ങൾ, ഡിഡക്ഷനുകൾ എന്നിവ കൃത്യമായി വിലയിരുത്തി ശരിയായ റെജിം തിരഞ്ഞെടുക്കുന്നതാണ് ഈ വർഷം ഏറ്റവും പ്രധാനപ്പെട്ട ധനകാര്യ തീരുമാനം.

Popular Posts

Category