കോവിഡിന്റെ തീവ്ര വ്യാപനം മൂലം 2020-21, 2021-22 അധ്യയന വർഷങ്ങൾ.... സ്കൂളുകൾ തുറന്നു പ്രവർത്തിക്കാത്ത സാഹചര്യത്തിൽ കുട്ടികൾക്ക് നൽകിവരുന്ന സ്റ്റാമ്പുകളുടെയും കൂപ്പണുകളുടേയും വിതരണം നിർത്തി വെക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടരോടും ഗവൺമെന്റ്നോടും KPPHA നിവേദനം വഴി ആവശ്യപ്പെട്ടിരുന്നു.ഈ വിഷയം ഗവൺമെന്റിന്റെ അടിയന്തരശ്രദ്ധയിൽ എത്തിക്കാമെന്നും, ഉചിതമായി പരിഹരിക്കാമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉറപ്പുനൽകിയിരുന്നു.എന്നാൽ ശിശുക്ഷേമ സമിതിയുടെയും സൈനിക് വെൽഫെയർ കമ്മിറ്റിയുടെയും, മറ്റു വിവിധ ഏജൻസികളുടെയും പേരിൽ സ്കൂളുകളിലേക്ക് പതിനായിരക്കണക്കിന് രൂപയുടെ സ്റ്റാമ്പുകളാണ് വിദ്യാഭ്യാസ ഓഫീസുകൾ വഴി എത്തിച്ചേർന്നു കൊണ്ടിരിക്കുന്നത്.പ്രൈമറി മേഖലയിൽ പഠിക്കുന്ന കുട്ടികൾക്ക് ഏകദേശം പത്തു രൂപ മുതൽ 30 രൂപ വരെയും ഹൈസ്കൂൾ മേഖലയിൽ അത് 40 മുതൽ 60 രൂപ വരെയും ഈ ഇനത്തിൽ വസൂൽ ആക്കുന്നത്. സാമ്പത്തിക പരാധീനതയുള്ള കുട്ടികളാണ് ഏറിയപങ്കും ഗവൺമെന്റ് /ഏയിഡ്ഡ് സ്കൂളുകളിൽ പഠിക്കുന്നത്. . പ്രധാനാധ്യാപകനെ സമ്മർദ്ദത്തിലാക്കി നിർബന്ധമായും സ്റ്റാമ്പ് വാങ്ങിക്കുകയും വാങ്ങിയ സ്റ്റാമ്പുകളുടെ തുക നിർബന്ധമായും ഈടാക്കുന്ന സാഹചര്യവുമാണ് ഇപ്പോൾ വിദ്യാഭ്യാസ ഓഫീസുകൾ സ്വീകരിക്കുന്നത്.സ്കൂളുകൾ തുറന്നു പ്രവർത്തിക്കാത്ത സാഹചര്യത്തിൽമുൻ വർഷങ്ങളിലെതടക്കo സ്റ്റാമ്പുകളുടെ വിതരണം നിർത്തി വച്ചില്ലെങ്കിൽ സ്വാഭാവികമായും അത് പ്രധാനാധ്യാപകരുടെ മാത്രം സാമ്പത്തിക ബാധ്യതയായി മാറും.സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ കുട്ടികളിൽ നിന്ന് അനധികൃതമായ പിരിവ് പാടില്ല എന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതുമാണ്. എന്നിട്ടും വിദ്യാഭ്യാസ വകുപ്പ് അത് മുഖവിലക്കെടുക്കുന്നില്ല.
നിലവിൽ ഉച്ചഭക്ഷണ പദ്ധതിക്കായി ലക്ഷക്കണക്കിന് രൂപയാണ് ഈ രണ്ട്, മൂന്നു മാസങ്ങളായി പ്രധാനാധ്യാപകരുടെ സാമ്പത്തിക ബാധ്യത ആയി മാറിയിട്ടുള്ളത്. ഈ വിഷയം ഗവൺമെന്റ് ശ്രദ്ധയിൽപ്പെടുത്തിയിട്ടും നാളിതുവരെ യാതൊരു അനുകൂല നിലപാടുകളും ബന്ധപ്പെട്ടവർ സ്വീകരിച്ചിട്ടുമില്ല.ആയതിനാൽ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ സ്റ്റാംപുകൾ, മറ്റ് ഇതര കൂപ്പണുകൾ എന്നിവ വിതരണം ചെയ്യാനുള്ള നടപടി അടിയന്തരമായി നിർത്തിവെക്കണമെന്ന് KPPHA സർക്കാരിനോട് ആവശ്യപ്പെടുന്നു. കൂടാതെ വിതരണം ചെയ്യപ്പെട്ട സ്റ്റാമ്പുകളിൽ ചെലവഴിക്കാൻ ആകാത്ത സ്റ്റാമ്പുകൾ അടിയന്തരമായി തിരിച്ചെടുക്കണമെന്നും,ആയത് പ്രധാനാദ്ധ്യാപകരുടെ ബാധ്യതയായി നിലനിർത്തുവാൻ കഴിയില്ല എന്നും സംസ്ഥാന ജനറൽസെക്രട്ടറി ജി സുനിൽ കുമാർ, പ്രസിഡണ്ട് പി കൃഷ്ണപ്രസാദ്.... എന്നിവർ ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
( പ്രസിദ്ധീകരണത്തിന് )