KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

SCHOOL ATTENDANCE REGISTER (സ്കൂൾ ഹാജർ പട്ടിക)

സ്കൂൾ അധ്യാപകരുടെ ഹാജർപട്ടിക


    സ്കൂൾ അധ്യാപകരുടെ ഹാജർപട്ടികയിൽ പേരെഴുതേണ്ടതു സീനിയോറിറ്റി അടിസ്ഥാനമാക്കിയാണോ അല്ലെങ്കിൽ അക്ഷരമാല ക്രമത്തിലാണോ?അക്ഷരമാലക്രമത്തിലാണെങ്കിൽ മലയാളം അക്ഷരമാലക്രമത്തിലാണോ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണോ എഴുതേണ്ടത് ?

    എയ്ഡഡ് സ്കൂൾ അധ്യാപകരുടെ ഹാജർ രജിസ്റ്ററിൽ സീനിയോറിറ്റി ക്രമത്തിൽ പേരെഴുതണമെന്നു നിർദേശിച്ചുകൊണ്ടു പൊതുവിദ്യാഭ്യാസ ഡയറക്ടർ നം.H3/86308/91 ഡി.പി.ഐ തിയ്യതി 26-11-1991 പ്രകാരം ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

പിന്നീട്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഈ വിഷയം അധ്യാപക സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പേരെഴുതുന്ന ക്രമം പുതുക്കി നിശ്ചയിച്ചുകൊണ്ടു പൊതുവിദ്യാഭ്യാസ ഡയറക്ടർ നം. H3/69367/95 ഡി.പി.ഐ തിയ്യതി 14-11-1995 പ്രകാരം മറ്റൊരു സർക്കുലർ പുറപ്പെടുവിച്ചു. ഈ സർക്കുലറിന്റെ രണ്ടാം ഖണ്ഡിക ചുവടെ ഉദ്ധരിക്കുന്നു.“ പ്രധാനാധ്യാപകന്റെ പേരിനുശേഷം മറ്റുവിഭാഗം അധ്യാപകരുടെ പേരു മലയാളം അക്ഷരമാല ക്രമത്തിൽ മലയാളത്തിൽ തന്നെ എഴുതേണ്ടതാണ്. ഇക്കാര്യത്തിൽ അധ്യാപകരുടെ വിഭാഗം (കാറ്റഗറി) പരിഗണിക്കേണ്ടതില്ല. ഒന്നിലധികം പേർക്കു ഒരേ പേർ വന്നാൽ തിരിച്ചറിയാനുതകുന്ന സംഞ്ജകൾ ചേർക്കേണ്ടതാണ്. 1-1-1996 മുതൽ ഈ നിർദേശം പ്രാബല്യത്തിൽ വരുന്നതാണ്.''

     മുകളിൽ കൊടുത്ത സർക്കുലർ പ്രകാരം പ്രധാനാധ്യാപകന്റെ പേരു ആദ്യം തന്നെ എഴുതണം. അതിനുശേഷം മറ്റധ്യാപകരുടെ പേരുകളാണ് മലയാളം അക്ഷരമാല ക്രമത്തിൽ ക്രമപ്പെടുത്തി എഴുതേണ്ടത്. ചിലർ മലയാളം അക്ഷരമാല ക്രമത്തിൽ ക്രമപ്പെടുത്തുകയും, അതേ ക്രമത്തിൽ പേര് ഇംഗ്ലീഷിൽ എഴുതുന്ന രീതി അവലംബിക്കുന്നതു കാണാറുണ്ട്. മലയാളം അക്ഷരമാലാക്രമത്തിൽ മലയാളത്തിൽ തന്നെ എഴുതണമെന്നാണു സർക്കുലറിൽ നിർദേശിച്ചിട്ടുളളത്.

ഹെഡ് മാസ്റ്റർ മാസിക, ഡിസംബർ 2021


സ്കൂൾ കുട്ടികളുടെ ഹാജർപട്ടിക.


സ്കൂൾ കുട്ടികളുടെ ഹാജർപട്ടികയിൽ കുട്ടി കളുടെ പേരുകൾ ഏതു കമത്തിലാണ് എഴുതുതേണ്ടത് ?

     പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുളള എല്ലാ സ്കൂളുകളിലെയും ഹാജർ പട്ടികകളിലും മറ്റുരേഖകളിലും വിദ്യാർഥികളുടെ പേരുകൾ ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിൽ എഴുതണമെന്നാണു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നം. എച്ച്  3/79636/06 തിയ്യതി 16-05-2007 പ്രകാരമുളള സർക്കുലറിൽ നിർദേശിക്കുന്നത്. കൂടാതെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പേരു ഹാജർപട്ടികകളിലും മറ്റു രേഖകളിലും വേർതിരിച്ചെഴുതരുതെന്നും, ലിംഗാടിസ്ഥാനത്തിൽ വേർതിരിക്കാതെ തന്നെ ഇംഗ്ലീഷ് അക്ഷരമാലക്രമത്തിൽ എഴുതണമെന്നു ഈ സർക്കുലറിൽ പറയുന്നുണ്ട്. ഇപ്രകാരം പേരെഴുതിയാൽ ഓരോ പേരിന്റെയും അവസാന ആൺകുട്ടിയാണെങ്കിൽ "ബി' എന്നും പെൺ കുട്ടിയാണെങ്കിൽ - "ജി' എന്നും എഴുതണമെന്നു സർക്കുലറിൽ നിർദേശിക്കുന്നുണ്ട്. സർക്കുലറിന്റെ പ്രസക്തഭാഗം ചുവടെ കൊടുക്കുന്നു. “ പൊതു വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഹാജർ പട്ടികകളിലും മറ്റു രേഖകളിലും ലിംഗാടിസ്ഥാനത്തിൽ കുട്ടികളുടെ പേര് എഴുതുന്ന രീതി മാറ്റി ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ വിദ്യാർത്ഥികളുടെ പേര് എഴുതുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അറിയിക്കുന്നു. ഓരോ പേരിന്റെയും അവസാനം ആൺകുട്ടിയാണെങ്കിൽ "ബി' എന്നും പെൺകുട്ടിയാണെങ്കിൽ "ജി' എന്നും രേഖപ്പെടുത്തേണ്ടത് .

ഹെഡ് മാസ്റ്റർ മാസിക, ഡിസംബർ 2021


ദിവസ വേതനക്കാരുടെ ഹാജർ പട്ടിക .


     സ്കൂളുകളിൽ ജീവനക്കാരുടെ ഒരു ഹാജർ പട്ടികയല്ലാതെ റഗുലർ ജീവനക്കാരെയും ദിവസവേതനക്കാരെയും തരംതിരിച്ച് ഒരേ സമയം ഒന്നിലധികം ഹാജർപട്ടിക സൂക്ഷിക്കാനുള്ള യാതൊരു ഉത്തരവും സർക്കാരിൽ നിന്നോ പൊതുവിദ്യാഭ്യാസ ഡയറക്ടറിൽ നിന്നോ ഉണ്ടായിട്ടില്ല. ദിവസവേതനക്കാരും ജോലിചെയ്യുന്നതു അവിടെയുളള ഏതെങ്കിലും ഒരു തസ്തികയിലെ ഒഴിവിലാണ്. ഒരു സ്ഥാപനത്തിൽ അനുവദനീയമായ തസ്തികകളിൽ ജോലിചെയ്യുന്ന എല്ലാവരുടെയും പേരു ഒരു പട്ടികയിൽത്തന്നെ ഉൾപ്പെടുത്തണം. റഗുലറായി നിയമിക്കപ്പെട്ട അധ്യാപകരുടെ പേരു മലയാളം അക്ഷരമാല ക്രമത്തിൽ എഴുതിയശേഷം ദിവസവേതനാക്കാരായ ജീവനക്കാർ, എന്ന തലക്കെട്ടോടുകൂടി അവരുടെ പേരു പ്രത്യേകമായി എഴുതാവുന്നതാണ്. ഓരോ കാലത്തും ജോലിചെയ്ത ദിവസവേതന ജീവനക്കാരെ തിരിച്ചറിയാൻ ഇതു സഹായകമാകും. ദിവസവേതനക്കാരായ ജീവനക്കാരാണെങ്കിലും അവർ ജോലി ചെയ്യുന്നത് ആ സ്ഥാപനത്തിൽ അനുവദിക്കപ്പെട്ടത് തസ്തികയിലായതിനാൽ അവരുടെ പേരു പ്രത്യേക ഹാജർ പട്ടികയിലേക്കു മാറ്റുവന്നതല്ല.

  എന്നാൽ മറ്റു ചില ഡിപ്പാർട്ട്മെന്റിൽ ആ സ്ഥാപനത്തിൽ അനുവദിക്കപ്പെട്ട തസ്തികയല്ലാതെ ആ സ്ഥാപനത്തിലെ ചില പ്രത്യേക ജോലി ചെയ്യാൻ ഡിപ്പാർട്ട്മെന്റിന്റെ അനുമതിയോടെ കരാർ അടിസ്ഥാനത്തിലും അല്ലാതെയും ദിവസവേതന ജീവനക്കാരെ നിയമിച്ചു വരുന്നുണ്ട്. ഇത്തരക്കാർ ആ സ്ഥാപനത്തിൽ അനുവദിക്കപ്പെട്ട തസ്തികകൾക്കു പുറമേയായതിനാൽ അവരുടെ ഹാജർ സൂക്ഷിക്കുന്നതിനായി പ്രത്യേക ഹാജർ പട്ടിക സൂക്ഷിക്കേണ്ടതുണ്ട്. ഇക്കാര്യം അനുകരിച്ചായിരിക്കാം ചിലർ സ്കൂളുകളിലെ ദിവസവേതനജീ വനക്കാർക്കു തെറ്റായ രീതിയിൽ പ്രത്യേക ഹാജർ പട്ടികയുണ്ടാകുന്നത്.

 ഹെഡ് മാസ്റ്റർ മാസിക, ജനുവരി 2022

Popular Posts

Category