കേരള വിദ്യാഭ്യാസ ചട്ടങ്ങളോടൊപ്പം അതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തന്നെ മാതൃക നല്‍കി പ്രസിദ്ധീകരിച്ചിട്ടുള്ള 42 ഫോറങ്ങളുണ്ട്. ഇവയെല്ലാം സ്കൂളുകളില്‍ എഴുതി സൂക്ഷിക്കേണ്ട രേഖകളുടെയോ രജിസ്റ്ററുകളുടെയോ നിര്‍ദിഷ്ട മാതൃകകള്‍ അല്ല. എന്നാല്‍ ഇവയില്‍ സ്കൂളില്‍ എഴുതി സൂക്ഷിക്കേണ്ട നിരവധി പ്രധാനപ്പെട്ട രേഖകളും രജിസ്റ്ററുകളും ഉള്‍പ്പെടുന്നു. അവയോരോന്നിനെയും കുറിച്ചുള്ള സംക്ഷിപ്ത വിവരണമാണ് ഇനി ചേര്‍ക്കുന്നത്.
FORM 3 – സ്കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷ (APPLICATION FOR ADMISSION)
വിദ്യാര്‍ത്ഥികളുടെ “സ്കൂള്‍ പ്രവേശനം, മാറ്റം, നീക്കം ചെയ്യല്‍” തുടങ്ങിയ വിഷയങ്ങളിലെ ചട്ടങ്ങള്‍ പ്രതിപാദിക്കുന്നത് കെ.ഇ.ആറിലെ അദ്ധ്യായം VI ലാണ്. (ADMISSION, TRANSFER AND REMOVAL OF PUPILS). ഇതിലെ ചട്ടം 1 (1) പ്രകാരം കുട്ടിയുടെ സ്കൂള്‍ പ്രവേശന സമയത്ത് രക്ഷിതാവ് പൂരിപ്പിച്ച് ഒപ്പിട്ടു നകേണ്ട അപേക്ഷയാണ് മൂന്നാം നമ്പര്‍ ഫോറത്തിലെ ‘Application for Admission’. 15 കോളങ്ങള്‍ ഉള്ള ഈ അപേക്ഷാഫോറത്തിലെ രേഖപ്പെടുത്തലുകളില്‍ യാതൊരു വിധത്തിലുമുള്ള തെറ്റുകള്‍ ഉണ്ടാകാതിരിക്കാന്‍ പ്രഥമാധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടുന്ന കുട്ടിയുടെ ജീവിതകാലത്ത് എപ്പോള്‍ വേണമെങ്കിലും ഈ അപേക്ഷാ ഫോറത്തിന്റെ പകര്‍പ്പോ അതിലെ വിവരങ്ങളോ ആവശ്യമായി വന്നേക്കാം എന്ന ചിന്ത ഈ ഫോറം പൂരിപ്പിക്കുമ്പോഴും അത് ഫയല്‍ ചെയ്തു സൂക്ഷിക്കുമ്പോഴും ഉണ്ടാകണം.
അപേക്ഷയോടൊപ്പം പ്രവേശന സമയത്ത് കുട്ടിയുടെ ജനന സര്‍ടിഫിക്കറ്റും ഹാജരാക്കണം. 21-06-2006 ലെ സര്‍ക്കുലര്‍ നമ്പര്‍ എച്ച് 1/10426/04 പ്രകാരം ജനന സര്‍ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താല്‍ ഒരു കുട്ടിക്കും പ്രവേശനം നിഷേധിക്കരുതെന്ന് ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.. ഇതേ കാര്യം RTE Act, സെക്ഷന്‍ 14 (2) ലും വ്യവസ്ഥ ചെയ്തിരിക്കുന്നു.
1969 ലെ ജനന മരണ രജിസ്ട്രേഷന്‍ ആക്റ്റ്, സെക്ഷന്‍ 12 പ്രകാരം സാധാരണ കടലാസിലും, സെക്ഷന്‍ 17 പ്രകാരം മുദ്രപത്രത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നു ജനന സര്‍ടിഫിക്കറ്റ് ലഭ്യമാകുന്നുണ്ട്. ഇവ രണ്ടും സ്കൂള്‍ പ്രവേശനത്തിനു സ്വീകാര്യമാണ്. (സര്‍ക്കുലര്‍ നമ്പര്‍ H1/19122/2010/ഡി.പി.ഐ തീയതി 08-03-2010)
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നു ഓണ്‍ലൈനായി ലഭിക്കുന്ന ജനന സര്‍ടിഫിക്കറ്റിന്റെ കമ്പ്യൂട്ടര്‍ പ്രിന്റൗട്ടും സ്കൂള്‍ പ്രവേശനത്തിനു സ്വീകാര്യമാണ്. (ജി.ഒ. (എം.എസ്) നമ്പര്‍ 173/10/പൊ.വി.വ. തീയതി 02-09--2010)
സ്കൂള്‍ പ്രവേശന ആവശ്യം കഴിഞ്ഞാല്‍ ഒരു പകര്‍പ്പ് എടുത്തു സ്കൂളില്‍ സൂക്ഷിച്ചുകൊണ്ട് അസ്സല്‍ ജനന സര്‍ടിഫിക്കറ്റ് രക്ഷിതാവിനു തിരികെ നല്‍കണം. (സര്‍ക്കുലര്‍ നമ്പര്‍ H1/41717/2009/താ..തീ/ഡി.പി.ഐ തീയതി 24-06-2009)
കുട്ടിയുടെ മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ ഒപ്പിടാത്ത അപേക്ഷ സ്വീകാര്യമല്ല. എന്നാല്‍ രക്ഷിതാവായോ ലോക്കല്‍ ഗാര്‍ഡിയനായോ ആരെയെങ്കിലും നിയോഗിച്ചുകൊണ്ടുള്ള കുട്ടിയുടെ പിതാവിന്റെ ഡിക്ലറേഷന്‍ ഉണ്ടെങ്കില്‍ ആ അപേക്ഷ സ്വീകരിക്കാം. പിതാവ് ജീവിച്ചിരിക്കുന്നില്ലെങ്കിലോ ഡിക്ലറേഷന്‍ നല്‍കാന്‍ കഴിവില്ലെങ്കിലോ മാതാവിന്റെ ഡിക്ലറേഷന്‍ സ്വീകാര്യമാണ്. (Rule 2, Chapter VI, KER)
മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ ആ വിവരം കാണിച്ച് താനാണ് രക്ഷിതാവ് എന്ന ഡിക്ലറേഷന്‍ സമര്‍പ്പിക്കുന്നയാളിന്റെ അപേക്ഷയും സ്വീകാര്യമാണ്. (Note 1 under Rule 2, Chapter VI, KER)
ഓര്‍ഫനേജുകള്‍, ബോര്‍ഡിംഗ് ഹൗസുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളെ സംബന്ധിച്ച് അത്തരം സ്ഥാപനങ്ങളിലെ അധികാരികള്‍ നല്‍കുന്ന അപേക്ഷ മതിയാകുന്നതാണ്. (Note 3 under Rule 2, Chapter VI, KER)
അപേക്ഷാഫോറം പൂരിപ്പിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം.
ഒന്നാം കോളത്തില്‍ കുട്ടിയുടെ പേര് കൃത്യമായി ഇംഗ്ലീഷിലും മലയാളത്തിലും എഴുതണം.
രണ്ടാം കോളത്തില്‍ പിതാവിന്റെയും മാതാവിന്റെയും പേരുകള്‍ (ബന്ധവും) തെറ്റ് കൂടാതെ എഴുതണം.
കോളം 6 (a) യില്‍ ജനനത്തീയതി അക്കത്തിലും അക്ഷരത്തിലും എഴുതണം.
എട്ടാം കോളം മതം രേഖപ്പെടുത്താനുള്ളതാണ്. മതം രേഖപ്പെടുത്താന്‍ താല്പര്യമില്ലാത്തവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. അവര്‍ ഈ കോളത്തില്‍ “Religion not stated” എന്നാണ് എഴുതേണ്ടത്. (G.O (Ms) No. 77/74/Gen. Edn Dated 29-04-1974)
കുട്ടിക്ക് അഡ്മിഷന്‍ നല്‍കിക്കഴിഞ്ഞാല്‍ പ്രവേശന തീയതി, അഡ്മിഷന്‍ നമ്പര്‍, ക്ലാസ് എന്നിവ എഴുതി പ്രഥമാധ്യാപകന്‍ ഒപ്പിട്ട് ഫോറങ്ങള്‍ സൂക്ഷിക്കണം. ഓരോ വര്‍ഷവും അഡ്മിഷന്‍ പൂര്‍ത്തിയായാല്‍ പ്രസ്തുത വര്‍ഷത്തെ അപേക്ഷകളെല്ലാം അഡ്മിഷന്‍ നമ്പരിന്റെ ക്രമത്തില്‍ അടുക്കി ബയന്റ് ചെയ്തു വേണം സൂക്ഷിക്കേണ്ടത്. മറ്റു സ്കൂളുകളില്‍ നിന്നുള്ള T.C മൂലം പ്രവേശനം നേടുന്ന കുട്ടികള്‍ പ്രവേശനത്തിനുള്ള അപേക്ഷയോടൊപ്പം ഹാജരാക്കുന്ന T.C യും ഇതുപോലെ തന്നെ പ്രത്യേകം ബയന്റ് ചെയ്തു സൂക്ഷിക്കണം. (‘സമ്പൂര്‍ണ’ വഴി ഓണ്‍ലൈന്‍ ആയി ലഭിക്കുന്ന T.C യുടെ പ്രിന്റൌട്ട് ഉള്‍പ്പെടെ)
2011-12 വര്‍ഷം മുതല്‍ കുട്ടികളുടെ U.I.D യും നിര്‍ബന്ധമാക്കിയിട്ടുള്ളതിനാല്‍ പ്രവേശന സമയത്ത് കുട്ടികളുടെ ആധാറിന്റെ പകര്‍പ്പും വാങ്ങണം. ഓരോ ക്ലാസ് ഡിവിഷനിലെയും കുട്ടികളുടെ ആധാറിന്റെ പകര്‍പ്പുകള്‍ ക്ലാസ് നമ്പര്‍ ക്രമത്തില്‍ അടുക്കി, അഡ്മിഷന്‍ നമ്പര്‍ ചുവന്ന മഷിയില്‍ രേഖപ്പെടുത്തി, പ്രഥമാധ്യാപകന്‍ ഒപ്പിട്ട് സാക്ഷ്യപ്പെടുത്തി വൃത്തിയായി ബയന്റ് ചെയ്തു സൂക്ഷിക്കണം. (പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 20-06-2017 ലെ പരിപത്രം നമ്പര്‍ എച്ച്2/34017/2017/ഡി.പി.ഐ).
KER FORM 4 (ADMISSION REGISTER) വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക