ഹെഡ്മാസ്റ്റർമാരുടെ ആശാകേന്ദ്രം- സംസ്ഥാന വിദ്യാഭ്യാസ പഠനഗവേഷണകേന്ദ്രം- കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ അയനിക്കാട് എന്ന സ്ഥലത്തു നേഷണൽ ഹൈവേയുടെ പടിഞ്ഞാറു ഭാഗത്തായി ഇന്നും പ്രൗഡിയോടെ നിലകൊളളുന്നു. ആ സൗധത്തെക്കുറിച്ച് അല്പം. - 1988 ൽ പയ്യോളിയിൽ കെ.പി.പി.എച്ച്.എ യുടെ മുഖപത്രമായ ഹെഡ്മാസ്റ്റർ മാസികയ്ക്ക് അടിച്ചു വിതരണം ചെയ്യുന്നതിനു വേണ്ടി താല്ക്കാലികമായിട്ടാണെങ്കിലും മുൻ ജനറൽ സെക്രട്ടറിയും മാസികയുടെ എല്ലാമായിരുന്ന പി.എൻ.കെ ഒരു പ്രസ്സ് ആരംഭിച്ചു പ്രവർത്തനം തുടങ്ങി. 1989 ൽ ശ്രീ.ടി കുഞ്ഞിരാമൻ മാസ്റ്റർ വിരമിച്ചശേഷം അദ്ദേഹവും അവിടെ ചുമതലയേറ്റു.ഏതാണ്ടു 2000 ത്തോടടുത്തപ്പോൾ പ്രസ്സിലെ വരുമാനംകൊണ്ടു പ്രസ്സിനു സ്വന്തമായി ഒരു കെട്ടിടം ഉണ്ടാവണമെന്ന ഒരാശയം ശ്രീ പി.എൻ.കെ യുടെ മനസ്സിലുദിച്ചു. അതിനുവേണ്ട സാമ്പത്തികം കണ്ടെത്തുന്നതിനും അദ്ദേഹം പ്രസ്സിലൂടെ ശ്രമിച്ചു.ഈ അവസരത്തിൽ പ്രസ്സ് തുടങ്ങുന്നതിനുവേണ്ടി സ്ഥലം കണ്ടെത്തുക എന്നതു മാറ്റി ശ്രീ ടി.കെ യുടെ മനസ്സിൽ അതു കുറച്ചുകൂടി വിപുലീകരിച്ചുകൊണ്ടു സംഘട നയ്ക്കു പഠനക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ കൂടി ഉതകുന്ന കെട്ടിടം വേണമെന്ന ഒരു ആശയം ഉദിച്ചു. അപ്പോഴേയ്ക്കും സംഘടനയ്ക്കു നിർത്തിവേക്കേണ്ടിവന്ന അക്കാദമിക് കൗൺസിൽ വീണ്ടും പ്രവർത്തനം തുടങ്ങുവാൻ കഴിഞ്ഞു. 2002 അർധവാർഷിക പരീക്ഷയോടെ അക്കാദമിക് കൗൺസിൽ പ്രവർത്തനം തുടങ്ങി.ഈ സമയത്തെല്ലാം സംഘടനയ്ക്കു വേണ്ടി ഒരു സ്ഥലം പയ്യോളിയിൽ കണ്ടെത്തുന്നതിനുവേണ്ടി ടി.എസ്. ടി.കെ, മഞ്ചാളത്ത്, കെ.കെ.ജി, ബി.പി ബാലകൃഷ്ണൻ, പി.കെ വേലായുധൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടന്നു കൊണ്ടിരിക്കുകയായിരുന്നു. പലസ്ഥലങ്ങളും കണ്ടെത്തിയെങ്കിലും നേഷണൽ ഹൈവേയുടെ തൊട്ടടുത്തു തന്നെ സ്ഥലം കിട്ടണമെന്ന ടി.ശ്രീധരൻ മാസ്റ്ററുടെ നിർബന്ധം കാരണം പല സ്ഥലവും ഒഴിവാക്കേണ്ടി വന്നു.അങ്ങനെ സ്ഥലം അന്വേഷിച്ചു നടക്കുന്ന വിവരം കേട്ടറിഞ്ഞ ഇരിങ്ങൽ ഭാഗത്തു നിന്നുളള ഒരാൾ 2002 നവംബർ മാസം പയ്യോളിക്കടുത്തു തച്ചൻകുന്ന് എന്ന സ്ഥലത്തു ചോദ്യപേപ്പർ എണ്ണിക്കൊണ്ടിരിക്കുന്ന സ്ഥലത്ത് വന്നു. ഗംഗാധരൻമാസ്റ്റർ ഇവിടെ ഉണ്ടാ എന്നന്വേഷിച്ചു ഞാൻ ഗെയിറ്റിലേക്കു ചെന്നപ്പോൾ അയാൾ നിങ്ങൾക്കു സ്ഥലം വേണോ എവിടെയാണ് സ്ഥലം നോക്കുന്നത് എന്നന്വേഷിച്ചു. അയാൾ പറഞ്ഞതനുസരിച്ച ഞാൻ ഉടനെ തന്നെ ഓട്ടോ വിളിച്ചു പോയി സ്ഥലം കണ്ടു. സ്ഥലം കണ്ടപ്പോൾ എനിക്കു വളരെ സന്തോഷം. ഞങ്ങൾ ഇതുവരെ അന്വേഷിച്ചു നടന്ന എല്ലാ സൗകര്യങ്ങളും ഉളള സ്ഥലം തന്നെ.ഞാൻ ഉടനെ ടി.കെ യുടെ അടുത്തുപോയി. മേലടി സജി.പ്രസിഡണ്ടും പയ്യോളി പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടുമായ ശ്രീ രാഘവൻ മാസ്റ്റരേയും കൂട്ടി 3 പേരും ഉടനെ സ്ഥലമുടമയുടെ വീട്ടിൽ പോയി. 2002 ഡിസംബർമാസം സ്ഥലം റജിസ്ട്രറാക്കി, അതിനുശേഷം 2002 ഡിസംബർ മാസം കുമിളിയിൽ വെച്ചു നടന്ന സംസ്ഥാന പഠനക്യാമ്പിൽ ടി.കെ നമ്മുടെ പഠനകേന്ദ്രത്തെ പറ്റി ഒരു പ്രൊജക്ട് വെക്കുകയും അതു സംസ്ഥാന കമ്മിറ്റിയിൽ അംഗീകരിക്കപ്പെട്ടുകയും ചെയ്തു. ആദ്യം പഠനകേന്ദ്രം എന്നായിരുന്നു അതിനിട്ടപേര്. പിന്നീടു ശ്രീധരൻ മാസ്റ്റർ അതിന്റെ കൂടെ പഠനഗവേഷണ കേന്ദ്രം എന്നു കൂട്ടി ചേർത്തു. അങ്ങനെ സംസ്ഥാന വിദ്യാഭ്യാസ പഠനഗവേഷണ കേന്ദ്രം ആയി. 2005 മാർച്ച് 6 ന് അന്നു നമ്മുടെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ബഹു. ഈ ടി മുഹമ്മദ് ബഷീർ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്ഥലം എം.എൽ.എ അഡ്വ. പി ശങ്കരൻ അധ്യക്ഷനായിരുന്നു. ടി.കെ യുടെ ആഗ്രഹം അതോടുകൂടി നിറവേറ്റപ്പെടുകയുണ്ടായി. |