കമ്മ്യൂണിറ്റി കിച്ചൺ സംവിധാനം നടപ്പിലാക്കണം:കെ.പി.പി.എച്ച്.എ.
കൂത്തുപറമ്പ് : സ്കൂൾ ഉച്ചഭക്ഷണ പരിപാടി പ്രധാനാധ്യാപകരുടെ ചുമതലയിൽ നിന്നും മാറ്റി കമ്മ്യൂണിറ്റി കിച്ചൺ സംവിധാനമുണ്ടാക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
മുട്ട-പാൽ - ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് ഏറെ സമയം ചെലവഴിക്കേണ്ടി വരുന്നതിനാൽ അക്കാദമിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വിദ്യാലയ പ്രവർത്തനങ്ങളിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുവാനും പ്രധാനാധ്യാപകർക്ക് കഴിയുന്നില്ല.
ഉച്ചഭക്ഷണച്ചെലവിന് ഒരു കുട്ടിക്ക് 15 രൂപ നിരക്കിൽ തുക അനുവദിക്കണം.
മുട്ട,പാൽ വിതരണത്തിന് പ്രത്യേക പാക്കേജായി തുക ലഭ്യമാക്കണം. ഇത് സംസ്ഥാന ഗവൺമെന്റിന്റെ സമഗ്രപോഷകാഹാര പദ്ധതിയുടെ ഭാഗമായി ട്ടുള്ളതാണ്. ഇതിന് ഇപ്പോൾ പ്രത്യേക തുക അനുവദിക്കുന്നില്ല.
2016ൽ ഉച്ചഭക്ഷണ ച്ചെലവിലേക്ക് നിശ്ചയിച്ച 8 രൂപ നിരക്കിലാണ് ഇപ്പോഴും തുക അനുവദിക്കുന്നത്. ഉച്ചഭക്ഷണ സംവിധാനത്തിന് ഉപയോഗിക്കുന്ന അവശ്യസാധനങ്ങളുടെയും പാചകവാതകത്തിന്റെയും വില ഇരട്ടിയോ അതിലധികമോ ആയതിനാൽ പ്രധാനാധ്യാപകർ കടക്കെണിയിലായി.
ഉച്ചഭക്ഷണ പരിശോധനയ്ക്കായി സ്കൂളിലെത്തുന്ന ഉദ്യോഗസ്ഥരിൽ പലരും പ്രായോഗിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കാതെ പ്രധാനാധ്യാപകരോട് മോശമായി പെരുമാറുന്നതായും പരാതിയുണ്ട്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മുട്ട,പാൽ വിതരണം നിർത്തിവയ്ക്കേണ്ടിവരും.
എയിഡഡ് സ്കൂളുകളിലെ പ്രധാനാധ്യാപക നിയമനങ്ങൾ അംഗീകരിക്കാൻ അടിയന്തിര നടപടിയുണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കൂത്തുപറമ്പ് സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാന കൗൺസിൽ യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വരണാധികാരി എം.ടി. ആന്റണി തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നല്കി.
ഭാരവാഹികൾ:
പി.കൃഷ്ണപ്രസാദ് പാലക്കാട്
(പ്രസിഡൻറ്)
ജി.സുനിൽകുമാർ കൊല്ലം(ജനറൽ സെക്രട്ടറി)
ഉമ്മർ പാലഞ്ചീരി മലപ്പുറം (ജോ.സെക്ര)
ടി.അനിൽകുമാർ കൊല്ലം ,
അജി സ്കറിയ എറണാകുളം, അലക്സ്.പി.ജേക്കബ് കോഴിക്കോട് (വൈസ് പ്രസിഡന്റുമാർ)
കെ.ശ്രീധരൻ കണ്ണൂർ, പി.കെ.ബിജുമോൻ കോട്ടയം,
സിന്ധു മേനോൻ തൃശ്ശൂർ (അസി. സെക്രട്ടറിമാർ)
കെ.എ.ബെന്നി തൃശ്ശൂർ (ട്രഷറർ)
വനിതാ ഫോറം : കെ.പി.റംലത്ത് മലപ്പുറം (ചെയർ പേഴ്സൺ),
ജയമോൾ മാത്യു കോട്ടയം (കൺവീനർ).