തലശ്ശേരി : കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. കുഞ്ഞിരാമൻ മാസ്റ്റർ സംഘടനയുടെ ധീരനായ പോരാളിയായിരുന്നുവെന്ന് കെ.പി.പി.എച്ച്.എ.സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ പറഞ്ഞു.
കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി പാർക്കോ ഹാളിൽ നടന്ന കുഞ്ഞിരാമൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപകരുടെ ദുരിതങ്ങൾ പരിഹരിക്കാനും നീതി നടപ്പിലാക്കിക്കിട്ടാനും കുഞ്ഞിരാമൻ മാസ്റ്റർ ജീവിതാവസാനം വരെ പോരാടി. അംഗങ്ങൾക്കായി പഠന ക്ലാസ്സുകൾ സംഘടിപ്പിച്ച് സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം വലിയ പങ്കു വഹിച്ചു.
കുഞ്ഞിരാമൻ മാസ്റ്ററുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു.
കെ.പി.പി.എച്ച്എ .ജില്ലാ പ്രസിഡൻറ് കെ. വിജയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. സെക്രട്ടറി കെ. ശ്രീധരൻ, ജില്ലാ സെക്രട്ടറി വി.പി.രാജീവൻ ,മുൻ സംസ്ഥാന അസി.സെക്രട്ടറിമാരായ പി.പി.ലേഖ, പി.പുരുഷോത്തമൻ, ജി.രവീന്ദ്രൻ ,കെ.പി.പി.എച്ച്.എ. സംസ്ഥാന എക്സി. അംഗങ്ങളായ ജസ്റ്റിൻ ജയകുമാർ, കെ.പി.വേണുഗോപാലൻ,സംസ്ഥാന കൗൺസിൽ അംഗം ടി.പി.അബ്ദുൽ സലാം, വനിതാ ഫോറം സംസ്ഥാന എക്സി. അംഗം ബിന്ദു കൃഷ്ണൻ ,ജില്ലാ അസി.സെക്രട്ടറി പി. സുചിത്ര,പി.ബിജോയ് എന്നിവർ സംസാരിച്ചു.