ഉച്ചഭക്ഷണ ഫണ്ട് വർധിപ്പിക്കണം: കെ.പി.പി.എച്ച്.എ. ഡി.ഡി.ഇ. ഓഫീസ് ധർണ 20ന് കണ്ണൂരിൽ
കണ്ണൂർ:സ്കൂൾ ഉച്ചഭക്ഷണ, പോഷകാഹാര വിതരണച്ചെലവിന് അനുവദിക്കുന്ന തുക കമ്പോള വിലനിലവാരത്തിന് അനുസൃതമായി വർധിപ്പിക്കണമെന്ന അധ്യാപകരുടെയും സ്കൂൾ ഉച്ചഭക്ഷണ സമിതികളുടെയും നിരന്തരമായ ആവശ്യം അംഗീകരിക്കുന്നതിൽ സംസ്ഥാന ഗവൺമെന്റ് തുടരുന്ന നിഷേധാത്മക നയത്തിൽ പ്രതിഷേധിച്ച് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 20 ന് രാവിലെ 11ന് പ്രധാനാധ്യാപകർ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിനു മുന്നിൽ ധർണ നടത്തുമെന്ന്കെ.പി.പി.എച്ച്.എ.സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി കെ.ശ്രീധരൻ , ജില്ലാ സെക്രട്ടറി വി.പി. രാജീവൻ , പ്രസിഡൻറ് കെ.വിജയൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കെ.പി.പി.എച്ച്.എ. സംസ്ഥാന ട്രഷറർ കെ.എ.ബെന്നി ധർണ ഉദ്ഘാടനം ചെയ്യും. 2016ൽ നിശ്ചയിച്ച നിരക്കിലാണ് ഇപ്പോഴും തുക അനുവദിക്കുന്നത്.
150 കുട്ടികൾ വരെയുള്ള വിദ്യാലയങ്ങൾക്ക്
8രൂപ,500 വരെയുള്ളതിന്
7രൂപ,500 നു മുകളിൽ 6രൂപ നിരക്കിലാണ് തുക അനുവദിക്കുന്നത്. ഇത് 20 രൂപയായെങ്കിലും വർധിപ്പിക്കണം.
ഉച്ചഭക്ഷണ സംവിധാനത്തിന് ഉപയോഗിക്കുന്ന അവശ്യസാധനങ്ങളുടെയും പാചക വാതകത്തിന്റെയും വില ഇരട്ടിയോ അതിലധികമോ ആയി വർധിച്ചതിനാൽ പ്രഥമാധ്യാപകരും ഉച്ചഭക്ഷണച്ചുമതലയുള്ള അധ്യാപകരും സ്കൂൾ ഉച്ചഭക്ഷണ സമിതി ഭാരവാഹികളും കടക്കെണിയിലാണ്.
മുട്ട,പാൽ വിതരണം സംസ്ഥാന ഗവണ്മെന്റിന്റെ പോഷകാഹാര പരിപാടിയുടെ ഭാഗമായിട്ടുള്ളതാണ്. ഇതിന് പ്രത്യേകമായി ഫണ്ട് അനുവദിക്കുന്നില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതിനായി കഴിഞ്ഞ വർഷം ഇരുന്നൂറ്റി നാല്പതു കോടി രൂപ അധികമായി ഗവൺമെന്റിനോട് ആവശ്യപ്പെട്ടെങ്കിലും നാളിതുവരെ തുക അനുവദിച്ചിട്ടില്ല.
മുട്ട,പാൽ വിതരണം പ്രത്യേക പാക്കേജാക്കി തുക അനുവദിക്കുക, ഉച്ചഭക്ഷണ സംവിധാനത്തിനുള്ള പലവ്യഞ്ജനങ്ങളും പച്ചക്കറികളും പാൽ, മുട്ട എന്നിവയും സർക്കാർ നിയന്ത്രണത്തിലുള്ള വിപണി വഴി സ്കൂളുകളിൽ എത്തിക്കുക എന്നീ ആവശ്യങ്ങളുമുണ്ട്.
സംസ്ഥാനത്തുടനീളം വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകളുടെ മുന്നിൽ നടക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് ധർണ നടത്തുന്നത്.
ഉച്ചഭക്ഷണ ച്ചുമതലയിൽ നിന്ന് പ്രഥമാധ്യാപകരെ ഒഴിവാക്കി , പകരം സമൂഹ അടുക്കള സംവിധാനം ഉണ്ടാക്കണമെന്ന സംഘടനയുടെ അടിസ്ഥാനാവശ്യത്തിൽ നിന്നു പിന്നോട്ടില്ലെന്ന് നേതാക്കൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ജില്ലാ ട്രഷറർ ടി. ചന്ദ്രൻ ,സംസ്ഥാന നിർവാഹക സമിതി അംഗം ജസ്റ്റിൻ ജയകുമാർ എന്നിവരും പങ്കെടുത്തു