അന്‍വര്‍സാദത്ത്, എം.എല്‍.എ, 24.08.2022 ന് ഉന്നയിച്ചിട്ടുള്ള, സ്കൂൾ ഉച്ചഭക്ഷണത്തിന്റെ ചെലവിനുള്ള തുക പരിഷകരിക്കുന്നതു സംബന്ധിച്ച ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിന്‍ മേലുള്ള മറുപടി.
(കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ.- എംഎൽഎക്ക് നൽകിയ നിവേദനത്തിന്‍റെ ഭാഗമായി)
1. സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനായി നിലവിൽ സർക്കാർ നൽകിവരുന്ന തുക കാലോചിതമായി പരിഷ്‌കരിച്ച് വരുന്നു. 60 : 40 എന്ന മാൻഡേറ്ററി അനുപാതത്തിലുള്ള കേന്ദ്ര-സംസ്ഥാന പദ്ധതിയായ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായി സ്‌കൂളുകൾക്ക് ഉച്ചഭക്ഷണം പാചക ചെയ്യുന്നതിനായാണ് കുക്കിംഗ് കോസ്റ്റ് (പാചകച്ചെലവ്) തുക അനുവദിക്കുന്നത്. ടി തുക പച്ചക്കറി, പലവ്യഞ്ജനം, പാചകവാതകം മുതലായവ വാങ്ങുന്നതിനും സപ്ലിമെന്ററി ന്യൂട്രീഷ്യന്റെ ഭാഗമായി കുട്ടികൾക്ക് നൽകുന്ന പാൽ, മുട്ട / നേന്ത്രപ്പഴം എന്നിവയുടെ ചെലവുകൾക്കുമായാണ് വിനിയോഗിയ്ക്കുന്നത്.
കേന്ദ്ര ഗവൺമെന്റ് ഒരു പാചക തൊഴിലാളിയ്ക്ക് ഒരു മാസം അനുവദിക്കുന്നതിനായി നിഷ്‌കർഷിച്ചിട്ടുള്ള തുക ആയിരം (1,000/-) രൂപയാണ്. ടി തുകയിൽ 60 : 40 അനുപാതം കണക്കാക്കുമ്പോൾ 600 രൂപ മാത്രമാണ് കേന്ദ്ര സർക്കാർ അനുവദിക്കുന്നത്. എന്നാൽ കേരളത്തിലെ സ്‌കൂൾ പാചകതൊഴിലാളികൾക്ക് കുട്ടികളുടെ എണ്ണം കണക്കാക്കി ഒരു ദിവസം ലഭിക്കുന്നത് ശരാശരി 500 രൂപയാണ്. ഇത് പരിശോധിക്കുമ്പോൾ കേരളത്തിലെ പാചക തൊഴിലാളികൾക്ക് പ്രതിമാസം പരമാവധി പതിനായിരം (10,000/-) രൂപയോളം വേതനം ലഭ്യമാകുന്നുണ്ട്. ഇതിൽ കേന്ദ്രം നൽകുന്ന 600 രൂപ കഴിച്ച് ബാക്കി തുക മുഴുവനും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.
സംസ്ഥാനത്തെ സ്‌കൂളുകൾക്ക് ഉച്ചഭക്ഷണം പാചകം ചെയ്ത് നൽകുന്ന ഇനത്തിൽ നിലവിൽ ലഭ്യമായ തുകയിൽ വർദ്ധനവ് വരുത്തിയത് 2016 ൽ കേരളം ഭരിച്ച ഒന്നാം പിണറായി വിജയൻ ഗവൺമെന്റാണ്.2016 സെപ്തംബർ 5 ൽ ഈ പരിഷ്‌കരണം വഴി നിശ്ചയിച്ചിട്ടുള്ളത്.
സ്ലാബ് - I | 150 കുട്ടികൾവരെ | കുട്ടിയൊന്നിന് 8 രൂപ. |
സ്ലാബ് - II | 151 മുതൽ 500 കുട്ടികൾ വരെ | കുട്ടിയൊന്നിന് 7 രൂപ |
സ്ലാബ് III | 500 ന് മുകളിൽ | കുട്ടിയൊന്നിന് 6 രൂപ |
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് നൽകി വരുന്ന ഉച്ചക്കഞ്ഞി മാറ്റി പകരം പോഷകസമൃദ്ധമായ ഉച്ചയൂണ് പദ്ധതി നടപ്പിലാക്കിയത് 2009 - 10 കാലഘട്ടത്തിൽ കേരളം ഭരിച്ച എൽ.ഡി.എഫ്. സർക്കാരാണ്.
അതോടൊപ്പം കേരളത്തിലെ സ്‌കൂളുകളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ രണ്ടായിരത്തിൽപ്പരം വരുന്ന സ്‌കൂളുകൾക്ക് പ്രഭാതഭക്ഷണവും നൽകി വരുന്നുണ്ട്. നിലവിൽ ഏകദേശം രണ്ടായിരത്തി ഇരുന്നൂറ്റി ഇരുപത്തി മൂന്ന് (2,223) സ്‌കൂളുകളിലാണ് പ്രഭാത ഭക്ഷണ വിതരണം നടത്തി വരുന്നത്.
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ആഴ്ചയിൽ ഒരിക്കൽ നൽകിയിരുന്ന മുട്ട കൂടാതെ സംസ്ഥാനത്ത് ആദ്യമായി ആഴ്ചയിൽ രണ്ടു ദിവസം വീതം പാൽ വിതരണം ആരംഭിച്ചത് 2010 - 11 കാലഘട്ടത്തിൽ കേരളം ഭരിച്ച എൽ.ഡി.എഫ്. ഗവൺമെന്റാണ്. പ്രൈമറി വിഭാഗം കുട്ടികൾക്ക് കുട്ടിയൊന്നിന് പ്രതിദിനം 4.97 രൂപയും അപ്പർ പ്രൈമറി വിഭാഗം കുട്ടികൾക്ക് കുട്ടിയൊന്നിന് പ്രതിദിനം 7.45 രൂപയുമാണ് നിലവിൽ പാചകചെലവിന് നൽകി വരുന്നത്. സ്‌കൂൾ കുട്ടികൾക്ക് പാൽ, മുട്ട എന്നിവ നൽകുന്ന സപ്ലിമെന്ററി ന്യൂട്രീഷൻ പരിപാടി പൂർണ്ണമായും സംസ്ഥാന പദ്ധതിയാണ്. എന്നാൽ ഇതിനുള്ള ചെലവ് കൂടി ഉച്ചഭക്ഷണം നൽകുവാനുള്ള തുകയിൽ നിന്നാണ് കണ്ടെത്തുന്നത്. ആഴ്ചയിൽ രണ്ട് ദിവസം പാൽ, ഒരു ദിവസം മുട്ട / നേന്ത്രപ്പഴം എന്നിവ നൽകുന്നതിന് കുട്ടിയൊന്നിന് 20 രൂപയോളം ചെലവ് വരുന്നതായും പാചകവാതകം, പച്ചക്കറികൾ, പയർ വർഗ്ഗങ്ങൾ, ഭക്ഷ്യ എണ്ണ തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ വർദ്ധനവ് വന്നിട്ടുള്ളതിനാൽ നിലവിൽ പാചകചെലവ് ഇനത്തിൽ അനുവദിക്കുന്ന തുക അപര്യാപ്തമാണെന്നും ആയത് വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി നിവേദനങ്ങൾ ലഭിച്ചിട്ടുണ്ട്.
പ്രസ്തുത നിവേദനങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള കുക്കിംഗ് കോസ്റ്റ് സ്ലാബ് സമ്പ്രദായത്തിന് (8 രൂപ/ 7 രൂപ/ 6 രൂപ) പകരം പരിഷ്‌ക്കരിച്ച് പ്രൈമറി, അപ്പർ പ്രൈമറി എന്നിങ്ങനെ വേർതിരിച്ച് 6 രൂപ, 8 രൂപ എന്നീ നിരക്കുകളിൽ കുക്കിംഗ് കോസ്റ്റ് പരിഷ്‌ക്കരിക്കുന്ന കാര്യവും, സപ്ലിമെന്ററി ന്യൂട്രീഷന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള പാൽ, മുട്ട/നേന്ത്രപ്പഴം എന്നിവയുടെ വിതരണത്തിനായി കുട്ടിയൊന്നിന് ആഴ്ചയിൽ 20 രൂപ അനുവദിക്കുന്ന കാര്യവും പരിശോധിച്ചു വരുന്നു.
***********************