തിരുവനന്തപുരം : എയിഡഡ് സ്കൂളുകളിലെ പ്രധാനാധ്യാപക നിയമനങ്ങൾ അംഗീകരിക്കാനും തസ്തിക നഷ്ടപ്പെടുന്ന സ്പെഷലിസ്റ്റ് അധ്യാപകരെ സംരക്ഷിക്കുവാനും അടിയന്തര നടപടി വേണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ.) സംസ്ഥാന സമിതി ആവശ്യപ്പെട്ടു. പ്രധാനാധ്യാപക നിയമന അംഗീകാരത്തിലുണ്ടായിരുന്ന അനിശ്ചിതത്വം അവസാനിപ്പിക്കുവാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സ്പഷ്ടീകരണവും ഉണ്ടായെങ്കിലും നിയമനങ്ങൾ അംഗീകരിക്കാൻ വിവിധ വിദ്യാഭ്യാസ ഓഫീസുകൾ വിമുഖത കാണിക്കുകയാണ്.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.പി.എച്ച്.എ. ജനറൽ സെക്രട്ടറി ജി.സുനിൽ കുമാർ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നിവേദനം നല്കി.