തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പോഷകാഹാര വിതരണത്തിനുള്ള തുക വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ.) നിരാഹാര സമരത്തിലേക്ക്. ഉച്ചഭക്ഷണ പദ്ധതിക്കായി 2016 ൽ അനുവദിച്ച നിരക്കിലാണ് ഇപ്പോഴും തുക അനുവദിക്കുന്നത്. അവശ്യ സാധനങ്ങളുടെ വില ഇരട്ടിയിലേറെയായിട്ടും നിരക്ക് വർദ്ധിപ്പിച്ചിട്ടില്ല.മുട്ട, പാൽ വിതരണത്തിന് ഇതേവരെ പ്രത്യേകം തുക അനുവദിച്ചിട്ടുമില്ല. കേന്ദ്ര ഗവൺമെന്റ് ആനുപാതികമായി തുക വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാന ഗവൺമെന്റ് ഒരു രൂപ പോലും വർദ്ധിപ്പിച്ചിട്ടില്ല.അധ്യാപകരും ഉച്ചഭക്ഷണ സമിതികളും കടക്കെണിയിലാണ്. ഓണത്തിനുശേഷം തുക വർദ്ധിപ്പിക്കുമെന്ന് നിയമസഭയ്ക്കും സംഘടനകൾക്കും നല്കിയ വാക്കുപാലിക്കാൻ സർക്കാർ തയ്യാറാകാത്തതിനാൽ ഡിസംബർ മാസം ആദ്യവാരം സെക്രട്ടറിയേറ്റിനു മുന്നിൽ ഏകദിന നിരാഹാര സമരം നടത്തുമെന്ന് കെ.പി.പി.എച്ച്.എ. സംസ്ഥാന പ്രസിഡൻറ് പി. കൃഷ്ണപ്രസാദ്, ജനറൽ സെക്രട്ടറിജി.സുനിൽകുമാർ എന്നിവർ അറിയിച്ചു.കോവിഡ് നിമിത്തമുണ്ടായ പഠനവിടവ് നികത്താനുള്ള പരിശ്രമങ്ങൾക്കിടെ പഠനസമയം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതി അപ്രായോഗികമാണെന്ന് കെ.പി.പി.എച്ച്.എ.നേതാക്കൾ പറഞ്ഞു.