KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

ഉച്ച ഭക്ഷണ പരിപാടി - കെ പി പി എച്ച് എ സമരമുഖത്തേക്ക്


കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷന്‍ 

പ്രസിദ്ധീകരണത്തിന്



കേരളത്തിലെ പ്രൈമറി മേഖലയിലെ പ്രധാനാദ്ധ്യാപകരുടെ ഏക സംഘടനയായ KPPHA സ്കൂള്‍ ഉച്ചഭക്ഷണ സംവിധാനത്തിന്‍റെ തുക കാലാനുസൃതമായി വര്‍ദ്ധിപ്പിക്കാത്ത സര്‍ക്കാരിന്‍റെ നിഷേധാത്മകമായ നിലപാടിനെതിരെ സമരമുഖത്തേക്ക്.

ഉച്ചഭക്ഷണ സംവിധാനത്തിന് വിപണിയിലെ വില വര്‍ദ്ധനവനിന് ആനുപാതികമായും കാലാനുസൃതമായും തുക വര്‍ദ്ധിപ്പിക്കുക, സംസ്ഥാനത്തിന്‍റെ പോഷാകാഹാര പദ്ധതിയുടെ ഭാഗമായിട്ടുള്ള മുട്ടയ്ക്കും പാലിനും പ്രത്യേകമായി തുക അനുവദിക്കുക, നാളിതുവരെ ഉച്ചഭക്ഷണത്തിന് ചെലവായ അധികബാധ്യത നികത്തുന്നതിന് അടിയന്തിര ഫണ്ട് അനുവദിക്കുക, പ്രധാനാദ്ധ്യാപകരെ ഉച്ചഭക്ഷണ ചുമതലയില്‍ നിന്നും മാറ്റി പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ട്  2022 ആഗസ്റ്റ് 20 ശനിയാഴ്ച സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഡെപ്യട്ടി ഡയറക്ടറുടെ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ സമരവും, 2022 സെപ്തംബര്‍ 8 ന് തിരുവോണ നാളില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവാസ സമരവും സംഘടിപ്പിക്കാന്‍ സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു.

സമൂഹത്തിലെ സാമ്പത്തിക പരാധീനതയുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ ആരംഭിച്ച സ്കൂള്‍ ഉച്ചഭക്ഷണ പരിപാടിയെ തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വമെന്ന നിലയില്‍ ഏറ്റെടുത്തത് കേരളത്തിലെ പ്രൈമറി മേഖലയിലെ പ്രധാനാദ്ധ്യാപകര്‍ ആണ്. വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ടുകളും, പ്രായോഗിക പ്രയാസങ്ങളും ഉണ്ടായിട്ടും, ഈ പദ്ധതി മുടക്കം കൂടാതെ നടത്തുന്നതില്‍ അസാധാരണമായ ആര്‍ജ്ജവം തന്നെയാണ് നാളിതുവരെ, പ്രധാനാദ്ധ്യാപകര്‍ കാണിച്ചിട്ടുള്ളത്.

1984 മുതലാണ് കേരളത്തില്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കി തുടങ്ങിയത്.1995 മുതല്‍ ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്ന ഉച്ചഭക്ഷണ പദ്ധിതിയിലേക്ക് കേന്ദ്ര-സംസ്ഥാന വിഹിതം എത്തിത്തുടങ്ങിയത്. കുട്ടികള്‍ക്ക് ഗുണമേന്മയും പോഷകസമൃദ്ധവും ആയ ആഹാരം നല്‍കുക എന്ന വിശാലമായ കാഴ്ചപ്പാട് ആണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യപ്പെടുന്നത്. 2012 ന് മുമ്പ് ആരംഭിച്ച പ്രീപ്രൈമറി ക്ലാസ്സുകള്‍ മുതല്‍ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികളാണ് ഇതിന്‍റെ ഗുണഭോക്താക്കള്‍. സംസ്ഥാനത്തെ 12,200 ല്‍പ്പരം സ്കൂളുകളിലെ 29 ലക്ഷത്തിലധികം കുട്ടികള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്.

സംസ്ഥാനത്തെ സ്കൂളുകളില്‍ ഉച്ചഭക്ഷണ നടത്തിപ്പിന്‍റെ ചുമതല സ്കൂള്‍ ഉച്ചഭക്ഷണ സമിതിക്കാണ്. ഓരോ വര്‍ഷവും സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി പുറപ്പെടുവിക്കുന്ന സര്‍ക്കാര്‍ സര്‍ക്കുലറില്‍ ഇതിനെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. സ്കൂള്‍ പ്രധാനാദ്ധ്യാപകരും ഉച്ചഭക്ഷണ ചുമതലക്കാരായ അദ്ധ്യാപകരോടൊപ്പം സ്കൂള്‍ പാചക തൊഴിലാളിയും, വിദ്യാര്‍ത്ഥി പ്രതിനിധിയും ഇതില്‍ അംഗങ്ങളാണ്.  ഉച്ചഭക്ഷണ സമിതിക്കാണ് ഉച്ചഭക്ഷണത്തിന്‍റെ ചുമതല എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമെങ്കിലും, ഈ സംവിധാനത്തിന്‍റെ സാമ്പത്തിക ബാധ്യത പേറേണ്ടത് പ്രഥാനാദ്ധ്യാപകര്‍ തന്നെയാണ്.  

ഈ ബൃഹദ്പദ്ധതിക്കായി കേന്ദ്രഗവണ്‍മെന്‍റ് 60% തുക നല്‍കുമ്പോള്‍ 40 % തുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ സമഗ്രപോഷകാഹാര പദ്ധതിയുടെ ഭാഗമായി ആഴ്ചയില്‍ ഒരു കോഴി മുട്ടയും, രണ്ട് ദിവസങ്ങളിലായി 300 മില്ലി പാലും നല്‍കുന്നു. ഇതിനായി പ്രത്യേകമായി തുക സംസ്ഥാന സര്‍ക്കാര്‍ വകയിരിത്തിയിട്ടുമില്ല. കേന്ദ്ര സര്‍ക്കാരിന്‍റെ വിഹിതത്തിലാണ് സംസ്ഥാനം ഈ പദ്ധതി നടപ്പിലാക്കുന്നത് എന്നതാണ് ഏറെ വൈചിത്ര്യം. 

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ 2005 ല്‍ മുട്ടയും, 2010-ല്‍ പാല്‍ വിതരണവും ആരംഭിച്ചത്. 2016 ലാണ് ഏറ്റവും അവസാനം തുക വര്‍ദ്ധിപ്പിച്ച് ഒരു കുട്ടിക്ക് 8 രൂപ എന്ന തോതില്‍ നല്‍കിയത് (ജി.ഒ (ആര്‍.ടി) 2911/16 തീയതി: 5.9.2016). ടി തുക ഒരു സ്കൂളില്‍ 150 കുട്ടികള്‍ക്ക് വരെ മത്രമാണ്. എന്നാല്‍ 150 കുട്ടികള്‍ മുതല്‍ 500 വരെ 7 രൂപയും, 500 ന് മുകളില്‍ 6 രൂപയുമാണ് സര്‍ക്കാര്‍ ഈ പദ്ധതിയ്ക്കായി തുക നിശ്ചയിച്ചിട്ടുള്ളത്.




                        ഉച്ചഭക്ഷണത്തിനായി 2016 ല്‍ അനുവദിച്ച ടി തുക 7 വര്‍ഷം പിന്നിടുമ്പോഴും, തുച്ഛമായ ഈ തുകയ്ക്ക്  പദ്ധതി നടപ്പിലാക്കുക അസാധ്യമാണ്. ആവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ നട്ടംതിരിയുകയാണ് പ്രധാനാദ്ധ്യാപകര്‍. ഇതിനിടയില്‍ ഉച്ചഭക്ഷണത്തിന് പാചകവാതകം നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ 2017 ല്‍ ഉത്തരവിറക്കുകയുണ്ടായി. അതിനാല്‍ പാചക വാതകത്തിന്‍റെ അനിയന്ത്രിമായ വിലക്കയറ്റവും ഞങ്ങളുടെ ബാധ്യതയായി മാറിയിട്ടുണ്ട്. പാചക വാതകത്തിന്‍റെയും നിത്യോപയോഗ സാധനങ്ങളുടെയും വില അനിയന്ത്രിതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സിലിണ്ടര്‍ ഒന്നിന് 150 രൂപയില്‍ കൂടുതല്‍ ആണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിലവര്‍ദ്ധന ഉണ്ടായിട്ടുള്ളത്. 


ഒരു ദിവസത്തേക്ക് ഒരു കുട്ടിക്ക് ഇപ്പോള്‍ നല്‍കുന്ന 8 രൂപയില്‍ 300 മില്ലി ലിറ്റര്‍ പാലിന് (ആഴ്ചയില്‍ രണ്ട് ദിവസം) 18 രൂപയും, ഒരു കോഴിമുട്ടക്ക് 6 രൂപയും (18+6 = 24), കഴിഞ്ഞാല്‍ ഒരാഴ്ചയില്‍ ഒരു കുട്ടിക്ക് ലഭ്യമാകുന്ന 40 രൂപ (8ഃ5) യില്‍ പിന്നീട് 16 രൂപ മാത്രമാണ് ശേഷിക്കുന്നത്. ട്രാന്‍സ്പോര്‍ട്ടിംഗ്, പാചകവാതകം എന്നിവയുടെ ചെലവ് കഴിയുമ്പോള്‍ അത് 10 രൂപയായി ചുരുങ്ങും. ഇവിടെ ഒരു ദിവസം കുട്ടിക്ക് വിഭവസമൃദ്ധമായ പോഷകസമൃദ്ധമായ ആഹാരം നല്‍കുന്നതിന് സര്‍ക്കാര്‍ നല്‍കുന്നത് വെറും 2 രൂപ മാത്രം. 2016 ല്‍ നിന്നും 2022 ല്‍ എത്തിയപ്പോള്‍ നിരക്കുകളില്‍ വന്‍ വര്‍ദ്ധനവാണ് വന്നിട്ടുള്ളത്. 


വിലവര്‍ദ്ധനവ് സംബന്ധിച്ച് 2016 ല്‍ നിന്നും 2022 ലേക്ക് എത്തുമ്പോഴുള്ള ഒരു താരതമ്യം നോക്കാം.



2016 2022
പാല്‍ 
3952
മുട്ട
3.155.75- 6.00
ഗ്യാസ്
4201110


      എന്നിങ്ങനെ 100 ശതമാനത്തിലധികം വര്‍ദ്ധനവാണ് ഇതുള്‍പ്പെടെ പച്ചക്കറി, പലവൃജ്ഞനങ്ങള്‍ക്കും ആയിട്ടുള്ളത്. പയറും പച്ചക്കറിയും അടക്കമുള്ള പോഷക സമൃദ്ധമായ ആഹാരമാണ് ദിവസവും നല്‍കേണ്ടത് എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.


എല്‍.പി. വിഭാഗത്തിന് 50 ഗ്രാം പച്ചക്കറിയും, യു.പി.വിഭാഗത്തിന് 75 ഗ്രാം പച്ചക്കറിയുമാണ് ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 1 കിലോ ഗ്രാം പയറിന് 110 രൂപയാണ് വിപണിവില. ഒരു  കുട്ടിക്ക് നിശ്ചിതഗ്രാം പയര്‍ ഒരു ദിവസം നല്‍കുന്നതിന് 2.50 രൂപ മുതല്‍ 3 രൂപ വരെയാണ് ഇപ്പോഴത്തെ വില. പച്ചക്കറിക്കും പലവൃഞ്ജനത്തിനുമായി ഒരു കുട്ടിക്ക് 10 രൂപയോളം ചെലവ് വരുന്നുണ്ട്. മല്ലി, മുളക്, എണ്ണ ചിലവിലേക്ക് ഒരു കുട്ടിക്ക് തുലോം 2 രൂപ കൂടി വകയിരുത്തിയാല്‍ ആകെ 15 രൂപ വേണ്ടിടത്ത് സര്‍ക്കാര്‍ നല്‍കുന്നത് വെറും 2 രൂപ മാത്രം. 100 വരെ കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ ഒരു ദിവസം 1300 രൂപയോളം അധിക ബാധ്യത പ്രധമാദ്ധ്യാപകന്‍റെ ചുമലില്‍ വന്നുചേരുകയാണ്. അത് ഒരു മാസമാകുമ്പോള്‍ (22 പ്രവൃത്തി ദിവസം) 25,000/- രൂപയ്ക്ക് മുകളിലേയ്ക്ക് എത്തുന്നു. നൂറ് കുട്ടികള്‍ കൂടുതലുള്ള സ്കൂളുകളില്‍ ഇതിന് ആനുപാതികമായ ബാധ്യതയാണ് ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ഉണ്ടായിട്ടുള്ളത്. ഇത് എന്ത് വിരോധാഭാസമാണ്. എങ്ങനെ ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും.


പബ്ലിക് ഫണ്ട് കണ്ടെത്തി ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെന്നാണ് സര്‍ക്കാര്‍ അനൗദ്യോഗികമായി നല്‍കുന്ന നിര്‍ദ്ദേശം. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നടപ്പാക്കുന്ന പദ്ധതികള്‍ക്ക് എങ്ങനെയാണ് ദൈനംദിനം  പൊതുജനങ്ങളില്‍ നിന്നും ഫണ്ട് കണ്ടെത്തുന്നത്. പ്രധാനാദ്ധ്യാപകരെ സമൂഹത്തിലെ പിച്ചചട്ടിയുമായി പറഞ്ഞുവിടുകയാണോ സര്‍ക്കാര്‍ ചെയ്യേണ്ടത്. കേന്ദ്രസര്‍ക്കാരിന്‍റെ വിഹിതത്തില്‍ സംസ്ഥാന ഗവണ്‍മെന്‍റ് പദ്ധതി നടത്തി പ്രധാനാദ്ധ്യാപകരെ കടക്കെണിയിലാക്കുന്ന സംവിധാനം ഈ സംസ്ഥാനത്ത് മാത്രമാണ് നിലനില്‍ക്കുന്നത്. കുട്ടിക്ക് മെച്ചപ്പെട്ട ഭക്ഷണം നല്‍കേണ്ടത് ഗവണ്‍മെന്‍റിന്‍റെ ഉത്തരവാദിത്വവും കടമയുമാണ്. അത് ലഭിക്കേണ്ടത് കുട്ടിയുടെ മൗലികാവകാശവും ആണ്.


ഉച്ചഭക്ഷണ പദ്ധതി കേരളത്തില്‍ നടപ്പിലാക്കിയ ശേഷമാണ്  മറ്റ് സംസ്ഥാനങ്ങളില്‍ ടി പദ്ധതി ആരംഭിച്ചത് തന്നെ. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി ഏറെ വ്യത്യസ്തമാണ്. തെലുങ്കാനയില്‍ എല്ലാ ദിവസവും മുട്ട നല്‍കിവരുന്നു, തമിഴ്നാട്ടില്‍ 5 ദിവസം മുട്ടയും 3 ദിവസം പാലും നല്‍കുന്നു. കര്‍ണ്ണാടകയില്‍ എല്ലാ ദിവസവും മുട്ടയും പാലും നല്‍കുന്നു. ഇവിടെങ്ങളില്‍ ഒക്കെ സാമൂഹ്യനീതി വകുപ്പിന്‍റെ നേതൃത്വത്തില്‍ ഇവ സ്കൂളുകളില്‍ എത്തിക്കുന്നു. നമ്മുടെ തൊട്ടടുത്ത കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയില്‍ (കേരളത്തില്‍ സ്ഥിതി ചെയ്യുന്ന മാഹിയില്‍) ഇവ നേരിട്ട് ഗവണ്‍മെന്‍റ് വിദ്യാലയങ്ങളില്‍ എത്തിച്ച് കുട്ടികള്‍ക്ക് നല്‍കുന്നു. പ്രധാനാദ്ധ്യാപകന് വിതരണ ചുമതല മാത്രം. യാതൊരു സാമ്പത്തിക ബാദ്ധ്യതയും ഉണ്ടാകുന്നില്ല. . കര്‍ണ്ണാടകയില്‍ 60 ലക്ഷം കൂട്ടികള്‍ക്ക് 500 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. 16 വര്‍ഷം കഴിഞ്ഞിട്ടും നമുക്ക് മുട്ടയ്ക്കും പാലിനും ആയി ഒരു രൂപ പോലും വകയിരുത്താനായിട്ടില്ല എന്നത് വിചിത്രമാണ്.   


ഈ വര്‍ഷം 526 കോടി രൂപയാണ് ഉച്ചഭക്ഷണത്തിനായി ബഡ്ജറ്റില്‍ വകയിരിത്തിയിട്ടുള്ളത്. 300 കോടി രൂപ കേന്ദ്രവിഹിതവും 226 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്‍റേതും. 30 ലക്ഷം കുട്ടികള്‍ക്ക് മുട്ടയ്ക്കും പാലിനുമായി  240 കോടി രൂപ ഇതിനായി പ്രത്യേകം അനുവദിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയ ബഡ്ജറ്റ് നിര്‍ദ്ദേശം ധനവകുപ്പ് പരിഗണിക്കാതെ മാറ്റിവയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. ഇതിനായുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം പൊതുവിദ്യാഭ്യാസ വകുപ്പും അംഗീകരിച്ച് ബഡ്ജറ്റ് അംഗീകാരത്തിനായി അയച്ചുവെങ്കിലും ധനവകുപ്പില്‍ ഇപ്പോള്‍ അത് പൊടിപിടിച്ച് മാറാല പിടിച്ച് കിടക്കുകയാണ്.  


ദേശീയ കുടുംബാരോഗ്യ സര്‍വ്വേ പ്രകാരം കുട്ടികളുടെ മാനസികവും ശാരീരികവും ആയ ആരോഗ്യം സംരക്ഷിക്കുന്നതിനും പോഷകാഹാരം നല്‍കുന്നതിനും ഉള്ള ബാധ്യത സര്‍ക്കാരിനാണ്. എന്നാല്‍ ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിന് ആവശ്യമായ തുക അനുവദിക്കാതെ പ്രധാനാദ്ധ്യാപകരുടെ ചുമലിലേക്ക് ഈ പദ്ധതി അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലാക്കുന്ന ഈ സംവിധാനത്തിന് പരിഹാരം ഉണ്ടാകേണ്ടത് അനിവാര്യമാണ്. ഈ പ്രവണത സര്‍ക്കാര്‍ തുടരുകയാണെങ്കില്‍ സാമ്പത്തിക കടകെണിയില്‍പ്പെട്ട പ്രധാനാദ്ധ്യാപകര്‍ ജീവത്യാഗം ചെയ്യേണ്ടിവരുമോ എന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. ഇതിന് ശാശ്വാതമായ ഒരു പരിഹാരം സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും അടിയന്തിരമായി ഉണ്ടാകേണ്ടതായിട്ടുണ്ട്. 


മാതൃകാപരമായ സാമൂഹ്യക്ഷേമ പദ്ധതി എന്ന നിലയില്‍ തുടങ്ങിയ ഉച്ചഭക്ഷണ പദ്ധതി സര്‍ക്കാരിന് വേണ്ടിയുള്ള സര്‍ക്കാര്‍ വിലാസം പദ്ധതി ആയിരുന്നുവെങ്കില്‍ ഇന്ന് സര്‍ക്കാരിന് വേണ്ടി പ്രധാനാദ്ധ്യാപകര്‍ നടത്തിവരുന്ന ട്രപ്പീസ് കളിയായി മാറിയിരിക്കുകയാണ് ഇത്. പൊതുസമൂഹത്തിന് മുന്നില്‍ പ്രധാനാദ്ധ്യാപകരെ അവഹേളന പാത്രമാക്കുകയും, നിര്‍ദ്ദാഷിണ്യം ദ്രോഹിക്കുകയും ചെയ്യുന്ന ദുഃസ്ഥിതിയാണ് നിലവിലെ സാഹചര്യം. തുച്ഛമായ ഈ തുകയില്‍ ഉച്ചഭക്ഷണം സംവിധാനം നടത്തിക്കൊണ്ടുപോകാന്‍ പ്രയാസപ്പെടുമ്പോഴും ഈ സംവിധാനത്തിന്‍റെ പരിശോധനാ ചുമതലക്കാരായ ഉദ്യോഗസ്ഥന്മാരില്‍ ചിലരെങ്കിലും പ്രധാനാദ്ധ്യാപകരെ അവഹേളിക്കുകയും, മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നത് തുടര്‍ക്കഥയാണ്. ടി ഉദ്യോഗസ്ഥരുടെ പ്രവൃത്തിമൂലം സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ക്ക് ആഡിറ്റ് തടസ്സവാദങ്ങള്‍ പറഞ്ഞ് അവരുടെ സര്‍വ്വീസ് ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്.  


ഇന്ത്യയില്‍ മാതൃകാപരമായി സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിക്കൊണ്ടിരിക്കുന്ന സംസ്ഥാനം കേരളമാണ് എന്ന കേന്ദ്രസര്‍ക്കാരിന്‍റെ അംഗീകാരം കേരളത്തിന് ലഭിച്ചപ്പോള്‍ അതിന്‍റെ പിന്നിലെ വിയര്‍പ്പിന്‍റെയും വേദനയുടെയും ബാധ്യതയുടെയും പിന്നാമ്പുറങ്ങള്‍ ആരുമറിഞ്ഞില്ല. ഈ അഭിമാനാര്‍ഹമായ നേട്ടം  നേരിക്കൊടുത്തത് ഈ സംസ്ഥാനത്തിലെ പ്രൈമറി മേഖലയിലെ പ്രധാനാദ്ധ്യാപകര്‍ തന്നെയാണ് എന്ന് നമുക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും.


അയല്‍ സംസ്ഥാനങ്ങളില്‍ വിജയകരമായി നടപ്പിലാക്കി വരുന്ന പൊതു അടുക്കള സംവിധാനം നമുക്കും മാതൃകയാക്കാം. 


അദ്ധ്യാപകന്‍റെ ജോലി കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങളില്‍ ശ്രദ്ധിക്കുക എന്നതാണ്. സ്കൂള്‍ നടത്തിപ്പിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം പ്രധാനാദ്ധ്യാപകനില്‍ നിക്ഷിപ്തമാണ്. പഠിക്കാനുള്ള കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് സമൂഹത്തിന്‍റെ കടമയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്ന് പറയുമ്പോള്‍ പ്രധാനാദ്ധ്യാപകനെ അടുക്കളയില്‍ തളച്ചിട്ടുകൊണ്ട് അതെങ്ങനെ യാഥാര്‍ത്ഥ്യമാകും.  

ആകയാല്‍ സര്‍ക്കാര്‍ അടിയന്തിരമായി :

(1) ഉച്ചഭക്ഷണ സംവിധാനത്തിന് കാലാനുസൃതമായി തുക വര്‍ദ്ധിപ്പിക്കുക,

(2) സംസ്ഥാനത്തിന്‍റെ പോഷാകാഹാര പദ്ധതിയുടെ ഭാഗമായിട്ടുള്ള മുട്ടയ്ക്കും പാലിനും പ്രത്യേകമായി തുക അനുവദിക്കുക, 

(3) നാളിതുവരെ ഉച്ചഭക്ഷണത്തിന് ചെലവായ അധികബാധ്യത നികുത്തുന്നതിന് അടിയന്തിര ഫണ്ട് അനുവദിക്കുക, 

(4) പ്രധാനാദ്ധ്യാപകരെ ഉച്ചഭക്ഷണ ചുമതലയില്‍ നിന്നും മാറ്റി പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ടാണ് കെ.പി.പി.എച്ച്.എ സമരമുഖത്തേക്ക് ഇറങ്ങുന്നത്.


അഭിവാദനങ്ങളോടെ,

കൃഷ്ണപ്രസാദ്.പി.                                                                                                           സുനില്‍കുമാര്‍.ജി

(പ്രസിഡന്‍റ്)                                                                                                                (ജനറല്‍ സെക്രട്ടറി)

Popular Posts

Category