From,
സോമശേഖരന്‍ നായര്‍,
മാടംഭാഗത്ത്, തുറവൂര്‍.പി.ഒ.,
ചേര്‍ത്തല, ആലപ്പുഴ.
To,
പബ്ലിക് റിലേഷന്‍ ഓഫീസര്‍,
ഡയറക്ടര്‍ ജനറല്‍ ഓഫ് എഡ്യൂക്കേഷന്‍ ഓഫീസ്,
ജഗതി.പി.ഒ., തിരുവനന്തപുരം.
സര്‍,
വിഷയം:- വിവരാവകാശ നിയമം 2005 പ്രകാരം താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതു സംബന്ധിച്ച്.
സൂചന:- ഇല്ല
സംസ്ഥാനത്തെ സ്കൂള്‍കുട്ടികള്‍ക്ക് ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിവരാവകാശ നിയമം 2005 പ്രകാരം താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് നിശ്ചിത സമയപരിധിക്കുള്ളില്‍ തരേണ്ടതാണ്.
1. 2022-23 വര്‍ഷത്തിലെ ഉച്ചഭക്ഷണ പദ്ധതിക്കായി ഇറങ്ങിയ സര്‍ക്കുലര്‍ പ്രകാരം ഗവണ്‍മെന്‍റ് കുട്ടി ഒന്നിന് എത്ര രൂപ ചിലവിനത്തില്‍ സ്കൂളുകള്‍ക്ക് നല്‍കുന്നുണ്ട്? അതിന്‍റെ വിശദമായ വിവരങ്ങള്‍ നല്‍കണം.
2. ഉച്ചഭക്ഷണ പദ്ധതി പ്രകാരം ഇറങ്ങിയ സര്‍ക്കുലറില്‍ സ്കൂളുകള്‍ക്ക് ചെലവായ തുക ലഭിക്കുന്നതിനും എല്ലാ മാസവും ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ക്ക് സമര്‍പ്പിക്കേണ്ട രേഖകള്‍ ഏതൊക്കെ? എല്ലാ മാസവും എത്രാം തീയതിക്കകം ഈ രേഖകള്‍ സമര്‍പ്പിക്കണം? ആരാണ് ഇത് സമര്‍പ്പിക്കേണ്ടത്?
3. എല്ലാ മാസവും ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ക്ക് സമര്‍പ്പിക്കേണ്ട രേഖകളില്‍ ഓരോ രേഖയിലും ആരൊക്കെ ഒപ്പു വെയ്ക്കണം?
4. ഉച്ചഭക്ഷണ കമ്മറ്റി അംഗങ്ങള്‍ ആരൊക്കെ? ഈ അംഗങ്ങള്‍ സ്ഥിരമായി കമ്മിറ്റിയില്‍ ഹാജരാകാതിരുന്നാല്‍ ഏതെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കുലറില്‍ പറയപ്പെടുന്ന ഭാഗമേത്?
5. ഉച്ചഭക്ഷണ കമ്മറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്ന രീതി എങ്ങനെ?
6. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സ്കൂളില്‍ പരിശോധനക്ക് സൂക്ഷിക്കേണ്ട രജിസ്റ്ററുകള്‍ ഏതൊക്കെ? അതില്‍ സോഫ്റ്റ് വെയറില്‍ നിന്നും എടുത്തിട്ടുള്ള ഡിജിറ്റല്‍ പ്രിന്‍റ് ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടത് ഏതൊക്കെ? അല്ലാത്തവ ഏതൊക്കെയാ ണെന്നും വേര്‍തിരിച്ച് ലിസ്റ്റ് തരേണ്ടതാണ്.
7. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിലുള്ള മോണിറ്ററിംഗ് കമ്മറ്റികള്‍ ഏതൊക്കെ? ഇവ വിശദമായി സര്‍ക്കുലറില്‍ ഏതുഭാഗമാണ് പറയപ്പെടുന്നത്?
സോമശേഖരന്‍ നായര്‍
-----------------------
DGE/11577/2022-NM(A1)
1/149680/2022
ഭരണഭാഷ-മാതൃഭാഷ
വിവരാവകാശ നിയമം-2005
നം.എന്‍.എം.എ (1)-11577/2022/ഡി.ജി.ഇ
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം
ജഗതി, തിരുവനന്തപുരം-14
ഫോണ്‍: 0471-2324633
ഇ-മെയില്‍:-
തീയതി : 03-08-2022
പ്രേക്ഷകന്‍
സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ഉച്ചഭക്ഷണ വിഭാഗം
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്
തിരുവനന്തപുരം-14
സ്വീകര്‍ത്താവ്
ശ്രീ. സോമശേഖരന്‍ നായര്‍
മാടംഭാഗത്ത്, തുറവൂര്‍.പി.ഒ.
ചേര്‍ത്തല, ആലപ്പുഴ
സര്‍,
വിഷയം:- പൊതുവിദ്യാഭ്യാസം-സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടി സംബന്ധിച്ച്.സൂചനയിലെ വിവരാവകാശ അപേക്ഷയ്ക്ക് ഈ കാര്യാലയത്തില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള മറുപടി ചുവടെ നല്‍കുന്നു.
01. ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍, മൂന്ന് വ്യത്യസ്ത സ്ലാബ്കളിലായാണ് തുക സ്കൂളുകള്‍ക്ക് അനുവദിക്കുന്നത്. വിശദ വിവരങ്ങള്‍ ചുവടെ നല്‍കുന്നു.
സ്ലാബ് 1 - 150 കുട്ടികള്‍ വരെ - കുട്ടിയൊന്നിന് പ്രതിദിനം 8 രൂപ,
സ്ലാബ് 2 - 151 മുതല്‍ 500 കുട്ടികള്‍ വരെ - കുട്ടിയൊന്നിന് പ്രതിദിനം 7 രൂപ,
സ്ലാബ് 3 - 500ന് മുകളില്‍ - കുട്ടിയൊന്നിന് പ്രതിദിനം 6 രൂപ
02. എക്സ്പെന്‍ഡിച്ചര്‍ സ്റ്റേറ്റ്മെന്‍റ്റ് ചെലവുമായി ബന്ധപ്പെട്ട ബില്ലുകള്‍, എന്‍.എം.പി 1 ഫോറം, കെ 2 രജിസ്റ്റര്‍ എന്നീ രേഖകളാണ് സമര്‍പ്പിക്കേണ്ടത്. ഇവ പ്രഥമാധ്യാപകന്‍/പ്രഥമാദ്ധ്യാപിക സാക്ഷ്യപ്പെടുത്തിയിരിക്കണം. വരവ് ചെലവ് കണക്കുകള്‍ സ്കൂള്‍ ഉച്ചഭക്ഷണ കമ്മറ്റി അംഗീകരിച്ചതായിരിക്കും. എന്‍.എം.പി 1 ഫോറം മാസത്തെ ആദ്യ പ്രവര്‍ത്തി ദിവസത്തിലും മറ്റുള്ള രേഖകള്‍ അഞ്ചാം തീയതിയ്ക്കുള്ളിലും ഉപജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. സ്കൂള്‍ ഉച്ചഭക്ഷണ കമ്മറ്റിയുടെ കണ്‍വീനറായ സ്കൂള്‍ പ്രഥമാദ്ധ്യാപകന്‍/ പ്രഥമദ്ധ്യാപികയാണ് രേഖകള്‍ സമര്‍പ്പിക്കേണ്ടത്.
03. സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഉപജില്ലാ ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ട രേഖകളില്‍ ഒപ്പ് വെക്കേണ്ടത് പ്രഥമാദ്ധ്യാപകന്‍/പ്രഥമാദ്ധ്യാപികയാണ്. ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട ഗുണഭോക്താക്കളുടെ ലിസ്റ്റ് കമ്മറ്റി ചെയര്‍മാന്‍ കൂടി സാക്ഷ്യപ്പെടുത്തി വേണം സമര്‍പ്പിക്കേണ്ടത്.
04. സ്കൂള്‍ ഉച്ചഭക്ഷണ കമ്മറ്റിയുടെ ഘടന ചുവടെ നല്‍കുന്നു.
അംഗങ്ങള്‍ കമ്മറ്റിയില്‍ സ്ഥിരമായി ഹാജരാകാതിരുന്നാല്‍ കൈക്കൊള്ളേണ്ട നടപടികള്‍ സംബന്ധിച്ച് സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നില്ല.
05. പി.ടി.എ ജനറല്‍ ബോഡി ചേര്‍ന്നാണ് ചേര്‍ന്നാണ് കമ്മറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.
06. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സ്കൂളുകളില്‍ ഉപയോഗിക്കേണ്ട രജിസ്റ്ററുകളെ സംബന്ധിച്ച വിവരങ്ങള്‍ ചുവടെ നല്‍കുന്നു.
(i) കെ 2 രജിസ്റ്റര്‍
(ii) ഉച്ചഭക്ഷണഹാജര്‍ പുസ്തകം & കണ്‍സോളിഡേറ്റഡ് ഹാജര്‍ പുസ്തകം
(iii) മിഡ് ഡേ മീല്‍ അക്കൗണ്ട് രജിസ്റ്റര്‍
(iv) എന്‍.എം.പി. 1 ഫോറം
(v) ഉച്ചഭക്ഷണ കമ്മറ്റി മിനിട്സ് ബുക്ക്
(vi) സ്പെഷ്യല്‍ അരി വിതരണത്തിന്‍റെ അക്വിറ്റന്‍സ് രജിസ്റ്റര്‍
(vii) ഫുഡ് സെക്യൂരിറ്റി അലവന്‍സ് വിതരണത്തിന്‍റെ അക്വിന്‍സ് രജിസ്റ്റര്‍
(viii) പാത്രങ്ങളുടെയും മറ്റ് ഉപകരണങ്ങളുടെയും സ്റ്റോക്ക് രജിസ്റ്റര്‍
(ix) ഉച്ചഭക്ഷണം രുചിച്ചു നോക്കിയ അദ്ധ്യാപകന്‍ അദ്ധ്യാപിക എസ്.എം.സി അംഗങ്ങള്‍ എന്നിവര്‍ക്ക് അവരുടെ അഭിപ്രായം രേഖപ്പെടുത്തുവാനുള്ള രജിസ്റ്റര്‍
(x) ഉച്ചഭക്ഷണ പാചകത്തൊഴിലാളികളുടെ ഹാജര്‍ രേഖപ്പെടുത്തുവാനുള്ള രജിസ്റ്റര്‍
ഇവയില്‍ കെ 2 രജിസ്റ്റര്‍, കണ്‍സോളിഡേറ്റഡ് ഹാജര്‍ പുസ്തകം, എന്‍.എം.പി 1 ഫോറം എന്നിവ ഡിജിറ്റലായും മറ്റുള്ളവ മാനുവലായുമാണ് പരിപാലിക്കുന്നത്.
07. സംസ്ഥാന തല സ്റ്റീയറിംഗ് മോണിറ്ററിങ് കമ്മറ്റി, ജില്ലാതല മോണിറ്ററിംഗ് കമ്മറ്റികള്‍, ഉപജില്ലാതല മോണിറ്ററിംഗ് കമ്മറ്റി എന്നിവയാണ് മോണിറ്ററിംഗ് കമ്മറ്റികള്‍, ജില്ലാതലത്തില്‍ രണ്ട് കമ്മറ്റികളാണ് ഉള്ളത്. ഒന്ന് ജില്ലയിലെ സീനിയര്‍ ലോക്സഭാംഗം അധ്യക്ഷനായ കമ്മറ്റിയും മറ്റൊന്ന് ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായ കമ്മറ്റിയും ജില്ലാതല മോണിറ്ററിംഗ് കമ്മറ്റികള്‍, ഉപജില്ലാതല മോണിറ്ററിംഗ് കമ്മറ്റി എന്നിവയുടെ ഘടന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ 31.05.2022 ല്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലെ വിവിധ തലങ്ങളിലെ മോണിറ്ററിംഗ് കമ്മറ്റികള്‍ എന്ന വിഭാഗത്തില്‍ (പേജ് 8, 9) നല്‍കിയിട്ടുണ്ട്.
മുകളില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ തൃപ്തികരമല്ലെങ്കില്‍, താങ്കള്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. അപ്പീല്‍ അധികാരിയുടെ വിലാസം ചുവടെ നല്‍കുന്നു.
ഗീത.ടി.എസ്
സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് (എന്‍.എം) - ഇന്‍ ചാര്‍ജ് & അപ്പീല്‍ അധികാരി
ഉച്ചഭക്ഷണ വിഭാഗം
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍
ജഗതി, തിരുവനന്തപുരം 14
വിശ്വസ്തതയോടെ,
ബിപിന്‍.പി.വി
സൂപ്രണ്ട് & സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ഉച്ചഭക്ഷണവിഭാഗം
---------------------------