ടി.ശ്രീധരൻ ചോമ്പാല
ഡയറക്‌ടർ, പഠനഗവേഷണകേന്ദ്രം
കേരളാ പ്രൈവറ്റ് പ്രൈമറി ഹെഡ്‌മാസ്റ്റേഴ്‌സ് അസോസിയേഷൻ്റെ മുൻ ജനറൽ സെക്രട്ടറിയും സംഘടന അതിൻ്റെ ആചാര്യ സ്ഥാനം നൽകി ആദരിക്കുകയും ചെയ്ത ശ്രീ.ടി. കുഞ്ഞിരാമൻ മാസ്റ്ററുടെ മനസ്സിലാണ് ഈ സംഘടനക്കുവേണ്ടി ഒരു പഠന കേന്ദ്രം സ്ഥാപിക്കണമെന്ന ആശയം ആദ്യമായി രൂപം കൊണ്ടത്. പേരാമ്പ്ര ഉപജില്ലയിലെ വാകയാട് എ.യു.പി.സ്‌കൂളിലെ അധ്യാപകനായിരിക്കെ 1974 ൽ അദ്ദേഹത്തിന് ഹെഡ്മാസ്റ്ററായി പ്രൊമോഷൻ ലഭിച്ചു. അദ്ദേഹത്തിന്‍റെ സുഹൃത്തും അന്ന് കെ.പി.പി.എച്ച്.എ വടകര വിദ്യാഭ്യാസ ജില്ലാ സെക്രട്ടറിയുമായിരുന്ന ശ്രീ.പി.എൻ.കെ.നായരുടെ സ്നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങി ആ വർഷം തന്നെ അദ്ദേഹം കെ.പി.പി.എച്ച്.എ-യുടെ അംഗത്വമെടുത്തു, അംഗത്വമെടുക്കുക മാത്രമല്ല ആ വർഷംതന്നെ പേരാമ്പ്ര ഉപജില്ലയിലെ മുഴുവൻ എയ്‌ഡഡ് പ്രൈമറി ഹെഡ്‌മാസ്റ്റർമാരെയും കെ.പി.പി.എച്ച്.എയിൽ അദ്ദേഹം അംഗത്വമെടുപ്പിക്കുകയും ചെയ്തു. തൊട്ടടുത്ത വർഷം തന്നെ സംഘടനയുടെ പേരാമ്പ്ര ഉപജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കെ.പി.പി.എച്ച്.എ യിലേക്ക് വരുന്നതിനുമുമ്പുതന്നെ ടി.കെ.യ്ക്ക് അസാധാരണമായ നേതൃപാടവം കൈമുതലായുണ്ടായിരുന്നു. ജില്ലാ സെക്രട്ടറിയായിരുന്ന ശ്രീ.പി.എൻ.കെ.നായർ 1981 ൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ടി.കുഞ്ഞിരാമൻ മാസ്റ്റർ കെ.പി.പി.എച്ച്.എ വടകര ജില്ലാ സെക്രട്ടറിയായി. ജില്ലാസെക്രട്ടറിയായിരിക്കെ ടി.കെ വടകര വിദ്യാഭ്യാസ ജില്ലയിലെ മിക്ക ഉപജില്ലകളിലും ഹെഡ്‌മാസ്റ്റർമാർക്കായി പഠന ക്ലാസ്സുകൾ നടത്തിക്കൊണ്ടിരുന്നു.
അക്കാദമിക് രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ഹെഡ്‌മാസ്റ്റർമാർ പോലും സർവീസ് നിയമകാര്യങ്ങളിൽ വേണ്ടത്ര അറിവില്ലാത്തതുമൂലം വിദ്യാഭ്യാസ ഓഫീസുകളിലെ ഉദ്യോഗസ്ഥന്മാരുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന അന്നത്തെ അവസ്ഥ ടി.കെ യെ വല്ലാതെ വേദനിപ്പിച്ചിരുന്നു. നിരന്തരമായ പഠനക്ലാസുകളിലൂടെ മാത്രമേ ഇത്തരം അടിമത്ത മനോഭാവത്തിന് മാറ്റം വരുത്തുവാൻ കഴിയുകയുള്ളൂവെന്ന് തിരിച്ചറിഞ്ഞ ടി.കെ. 1985ൽ സംഘടനയുടെ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഉടനെ ആ വർഷം ആഗസ്ത‌് മാസത്തിൽ കണ്ണൂരിൽവെച്ചു സംഘടനയുടെ നേതൃത്വത്തിൽ ഹെഡ്മാസ്റ്റർമാർക്കായി 2 ദിവസത്തെ പഠന ക്യാമ്പ് നടത്തി.
1986 ഏപ്രിൽ 9, 10, 11 തിയ്യതികളിൽ ആലപ്പുഴയിൽവെച്ചു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള കൗൺസിൽ യോഗത്തിൽ വെച്ച് ശ്രീ.ടി.കുഞ്ഞിരാമൻ മാസ്റ്ററെ സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. തുടർന്ന്, 1986 ആഗസ്ത് 23, 24, 25 തിയ്യതികളിലായി എല്ലാ ജില്ലകളിൽ നിന്നും ടി.കെ. പ്രത്യേകം മുൻകൈയെടുത്ത് തിരഞ്ഞെടുത്ത പ്രധാനാധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ട് പത്തനംതിട്ട ജില്ലയിലെ ചരൽക്കുന്നിൽവച്ച് ആദ്യമായി സംസ്ഥാനതല പഠനക്യാമ്പ് നടത്തി. തുടർന്നുള്ള വർഷങ്ങളിൽ പെരുവണ്ണാമുഴി, തലശ്ശേരി, മലമ്പുഴ, പീച്ചി എന്നിവിടങ്ങളിലെ സംസ്ഥാന പഠനക്യാമ്പ് കഴിഞ്ഞതോടുകൂടി കേരളത്തിൽ എവിടെയും പോയി സർവീസ് നിയമകാര്യങ്ങളിൽ ക്ലാസ്സെടുക്കാൻ പ്രാപ്തരും സന്നദ്ധരുമായ ഒരു റിസോഴ്‌സ് ഗ്രൂപ്പിനെ സംഘടനക്കുവേണ്ടി വാർത്തെടുക്കുവാൻ ടി.കെക്കു കഴിഞ്ഞു. ഇതു തികച്ചും ടി.കെ. യുടെ ഉൾക്കാഴ്ച്‌ചയുടെയും ദൂരക്കാഴ്ചയുടെയും ഫലമായുണ്ടായതാണ്. ടി.കെ. ക്കു പുറമെ ടി. ശ്രീധരൻ ചോമ്പാല, സി.അബ്‌ദുറഹ്‌മാൻ, മഞ്ചാളത്ത് പ്രഭാകരൻ, ടി.എം.വർഗ്ഗീസ്. കെ.ഉമ്മർകോയ, എ.എൻ.ശ്രീധരൻ, ബി.പി.ബാലകൃഷ്ണൻ, കെ.കെ.ഹസ്സൻ, എൻ.പത്മനാഭൻ എന്നിവർ കേരളത്തിലങ്ങോളമിങ്ങോളം കെ.പി.പി.എച്ച്.എ യുടെ നേതൃത്വത്തിൽ നടത്തിയ പഠനക്ലാസിലും പഠനക്യാമ്പിലും ക്ലാസെടുക്കുവാൻ പോയവരിൽ പ്രമുഖരാണ്. പഠനക്ലാസു കൾക്ക് നേതൃത്വം നൽകുന്നതിൽ മാസികാ മാനേജരായ ശ്രീ.പി.എൻ.കെ നായരും മുഖ്യ പങ്ക് വഹിച്ചിരുന്നു. മൂന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും ടി.കെ.കൊളുത്തിയ ആ വിളക്കിന്റെ വെളിച്ചത്തിൽ റിസോഴ്‌സ് ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങൾ ഇന്നും തുടർന്നുകൊണ്ടേയിരിക്കുകയാണ്.
കെ.പി.പി.എച്ച്.എ നടത്തുന്ന പഠനക്യാമ്പിൽ പങ്കെടുക്കുന്ന റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങളോട് പ്രതിഫലേച്ഛ കൂടാതെ തങ്ങൾക്ക് ലഭിക്കുന്ന അറിവും കഴിവും മറ്റു ഹെഡ്‌മാസ്റ്റർമാർക്കു മാത്രമല്ല സർവീസ് നിയമസഹായം ആവശ്യമായി വരുന്ന ഏതൊരാൾക്കും സൗജന്യമായി നൽകണമെന്ന് ആചാര്യനായ ടി.കുഞ്ഞിരാമൻ മാസ്റ്റർ ഉപദേശിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഈ ഉപദേശം സ്വീകരിച്ചുകൊണ്ട് സർവീസിലുള്ളപ്പോൾ മാത്രമല്ല, തങ്ങളുടെ റിട്ടയർമെൻ്റിന് ശേഷവും സൗജന്യമായ നിയമസഹായം നൽകുന്ന ധാരാളം പേരുണ്ട്. അതേസമയം, റിസോഴ്‌സ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്ന കുറെപേർ സർവീസിലിരിക്കെ സൗജന്യമായി സർവീസ് നിയമസഹായം നൽകുകയും റിട്ടയർ ചെയ്തശേഷം സംസ്ഥാനത്തിന്‍റെ പലഭാഗത്തും സർവീസ് കൺസൽട്ടന്റായി ജോലി ചെയ്ത് വൻതോതിൽ വരുമാനമുണ്ടാക്കുകയും ചെയ്യുന്നുണ്ട്.
1989 മാർച്ച് 31 ന് സർവീസിൽ നിന്നും വിരമിച്ച ടി.കെ., ഹെഡ്‌മാസ്റ്റർ മാസിക അച്ചടിക്കാനായി അദ്ദേഹം തന്നെ മുൻകൈ എടുത്തു സ്ഥാപിച്ച 'ഹെമാ പ്രസ്സി'ന്‍റെ മാനേജരായി നിയമിക്കപ്പെട്ടു. കൂടാതെ പി.എൻ.കെ. യോടൊപ്പം ചേർന്ന് ഹെഡ്മാസ്റ്റർ മാസികയുടെ പ്രവർത്തനങ്ങളിലും വ്യാപൃതനായി. റിട്ടയർ ചെയ്‌ത ശേഷവും കെ.പി.പി.എച്ച്.എ യുടെ ആചാര്യ സ്ഥാനത്തു നിന്നുകൊണ്ട് സംസ്ഥാന തലത്തിലുള്ള പഠന ക്യാമ്പിനും, പഠനക്ലാസിനും നേതൃത്വം നൽകിയത് ടി.കെ തന്നെയായിരുന്നു. മാത്രമല്ല 2019 ജൂലായ് 19ന് ആദരണീയനായ ടി.കെ ഈ ലോകത്തോട് വിടപറയുന്നതുവരെ സംഘടനയുടെ വഴികാട്ടിയും രക്ഷാധികാരിയും അദ്ദേഹം തന്നെയായിരുന്നു.
സബ്ജില്ലാതലം മുതൽ സംസ്ഥാന തലം വരെ നിരന്തരമായി പഠനക്ലാസുകളും ക്യാമ്പുകളും നടത്തുമ്പോൾ അത് ഏകോപിപ്പിക്കാനും നിയന്ത്രിക്കാനുമായി അതിനൊരു കേന്ദ്രം വേണമെന്ന ഒരു സ്വപ്നം ആദ്യമായി മൊട്ടിട്ടത് 2001 ൽ ടി.കെ. യുടെ മനസ്സിലാണ്.
ടി.കെ. യുടെ സ്വപ്‌നം പൂവണിയുന്നു.
പയ്യോളിയിൽ പേരാമ്പ്ര റോഡിലുള്ള ഒരു കെട്ടിടത്തിന്‍റെ താഴെ നിലയിലായിരുന്നു അന്ന് 'ഹെഡ്‌മാസ്റ്റർ മാസിക' ഓഫീസ് പ്രവർത്തിച്ചിരുന്നത്. 2001 നവംബറിലെ രണ്ടാം വെള്ളിയാഴ്‌ച ദിവസം ഉച്ചസമയത്ത് ടി.കെ. യുടെ ഒരു ഫോൺകോൾ ശ്രീധരൻ ചോമ്പാലയുടെ സ്‌കൂളിലേക്ക് വന്നു. "നാളെ രണ്ടാം ശനിയാഴ്‌ചയല്ലേ. രാവിലെ നീ പ്രഭാകരനെയും കൂട്ടി ഇവിടെ വരണം." ആരുടെയെങ്കിലും ഓഡിറ്റ് ഒബ്ജക്ഷന്‍റെ കുരുക്കഴിക്കാനുള്ള ചർച്ചക്കായിട്ടാണ് പലപ്പോഴും ഇപ്രകാരം ടി.കെ.വിളിക്കാറുള്ളത്. എന്താണാവശ്യമെന്നു ചോദിച്ചപ്പോൾ ടി.കെ. അതിന് കൃത്യമായി മറുപടി പറഞ്ഞില്ല. "നാളെ വന്നിട്ടു പറയാം" എന്നു മാത്രം പറഞ്ഞ് ഫോൺ വച്ചു. രാത്രി മുഴുവൻ ടി.കെ. എന്തിനായിരിക്കും വിളിച്ചതെന്ന ചിന്തയിലൂടെ കടന്നുപോയി. ശനിയാഴ്‌ച രാവിലെ തന്നെ ഞങ്ങൾ മാസികാ ഓഫീസിലെത്തി. വളരെ നാളായി മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു സ്വപ്നത്തെക്കുറിച്ച്, ഒരു പഠനകേന്ദ്രം സ്ഥാപിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും, അതിന്‍റെ സാമ്പത്തിക സ്രോതസ്സ് ഉൾപ്പെടെയുള്ള പ്ലാനിംഗിനെ പറ്റിയും വിശദമായി സംസാരിച്ചു. കൂടാതെ ആ ഒരു പദ്ധതിയുടെ രൂപകല്പന എഴുതി തയ്യാറാക്കി ഞങ്ങളുടെ മുമ്പിൽ അദ്ദേഹം അവതരിപ്പിക്കുകയായിരുന്നു. ഞങ്ങൾ ആ പദ്ധതിയെ സന്തോഷപൂർവം സ്വാഗതം ചെയ്‌തു. അടുത്തമാസം കുമിളിയിൽ വച്ച് നടക്കുന്ന സംസ്ഥാന പഠന ക്യാമ്പിൽ ഈ പദ്ധതി അവതരിപ്പിച്ചുകൊണ്ട് അവരുടെ അഭിപ്രായം അറിഞ്ഞശേഷം ഈ വിഷയം കെ.പി.പി.എച്ച്.എ സംസ്ഥാന കൗൺസിൽ മുമ്പാകെ വയ്ക്കാമെന്ന ധാരണയിൽ ഞങ്ങളെത്തി.
2001 ഡിസംബർ 27 മുതൽ 29 വരെ ഇടുക്കി ജില്ലയിലെ കുമിളിയിൽ വച്ചു നടന്ന കെ.പി.പി.എച്ച്.എ യുടെ സംസ്ഥാന പഠന ക്യാമ്പിൽ ടി.കെ തന്‍റെ സ്വപ്‌നപദ്ധതി അവതരിപ്പിക്കുകയുണ്ടായി. ക്യാമ്പ് അംഗങ്ങൾ ഹർഷാരവത്തോടെയാണ് ആ സ്വപ്നപദ്ധതിയെ സ്വാഗതം ചെയ്‌തത്. തുടർന്ന്, 2002 ജനുവരിയിൽ ഗുരുവായൂർ ശിക്ഷക് സദനിൽ വച്ചു ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ഈ പ്രൊജക്‌ട് അവതരിപ്പിക്കുകയും കൗൺസിൽ അത് ഐകകണ്ഠേന അംഗീകരിക്കുകയും ചെയ്‌തു.
2002 മെയ് മാസം 6,7,8 തിയ്യതികളിൽ കെ.പി.പി.എച്ച്.എ യുടെ 36-ാം സംസ്ഥാന സമ്മേളനം തൃശൂരിൽ വച്ചു നടന്നു. സി.പ്രഭാകരൻ (മലപ്പുറം) പ്രസിഡണ്ടായും, ബി.പി.ബാലകൃഷ്‌ണൻ (കോഴിക്കോട്) സംസ്ഥാന ജനറൽ സെക്രട്ടറിയുമായുള്ള നിർവാഹക സമിതി നിലവിൽ വന്നു. തുടർന്ന് 30-05-2002 ൽ കോഴിക്കോട് വച്ചു ചേർന്ന കെ.പി.പി.എച്ച്.എ യുടെ സംസ്ഥാന കൗൺസിൽ യോഗത്തിൽ വച്ച് പഠനകേന്ദ്രം യാഥാർത്ഥ്യമാക്കുന്നതിനായി ടി.ശ്രീധരൻ ചോമ്പാല കൺവീനറായുള്ള ഒരു കമ്മിറ്റി രൂപീകരിച്ചു. ടി.കുഞ്ഞിരാമൻ മാസ്റ്റർ, ബി.പി.ബാലകൃഷ്‌ണൻ, സി.പ്രഭാകരൻ, കെ.കെ.ഗംഗാധരൻ, എം.പ്രഭാകരൻ, ജി.രവീന്ദ്രൻ, കെ.കെ.യോഹന്നാൻ, എം.സുധാകരൻ, എം.എസ്.മുഹമ്മദലി, എ.വി.കനകമ്മ, കെ.ഭാനുമതി, ടി.വിജയകുമാർ, കെ.കെ.രവീന്ദ്രനാഥ്, എം.കെ.വർഗ്ഗീസ്, പി.പി.സാംകുട്ടി എന്നിവർ കമ്മിറ്റി അംഗങ്ങളായിരുന്നു. പഠനകേന്ദ്രം എവിടെ സ്ഥാപിക്കണമെന്ന കാര്യത്തിൽ കൗൺസിൽ യോഗത്തിൽ ചൂടേറിയ ചർച്ചകൾ നടന്നു. ഒടുവിൽ സ്ഥലം നിർണയിക്കുന്നതിനായും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനുമായും ഒരു സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ടി.ശ്രീധരൻ ചോമ്പാല കൺവീനറും, ടി.കുഞ്ഞിരാമൻ മാസ്റ്റർ, ബി.പി.ബാലകൃഷ്ണൻ, കെ.കെ.ഗംഗാധരൻ, എം.പ്രഭാകരൻ, പി.കെ.വേലായുധൻ, കെ.പ്രദീപൻ, എ.രാഘവൻ മാസ്റ്റർ എന്നിവർ അംഗങ്ങളുമായുള്ള സബ് കമ്മിറ്റിയാണ് രൂപീകരിച്ചത്. ഈ കമ്മിറ്റിക്ക് നിർമ്മാണ കാര്യത്തിൽ യുക്തമായ ഏതു തീരുമാനവുമെടുക്കാനുള്ള അധികാരവും കൗൺസിൽ നൽകിയിരുന്നു.
കെ.പി.പി.എച്ച്.എ ക്ക് നല്ല അംഗബലവും, ശക്തിയുമുള്ള ജില്ലയിൽ ഈ സ്ഥാപനം സ്ഥാപിച്ചാൽ മാത്രമേ അതു ഭാവിയിൽ നല്ല രീതിയിൽ പ്രവർത്തിപ്പിക്കാൻ കഴിയുകയുള്ളൂവെന്ന് യോഗം ചേർന്ന് വിലയിരുത്തി. അതിന്‍റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിൽ പഠനകേന്ദ്രം സ്ഥാപിക്കാൻ കമ്മിറ്റി തീരുമാനിച്ചു. കൂടാതെ വടകരക്കും കൊയിലാണ്ടിക്കും ഇടയിലാണ് ഏറ്റവും പറ്റിയ സ്ഥലമെന്നും അവിടെ നാഷണൽ ഹൈവെയോടടുത്തായി ഒരു സ്ഥലം കണ്ടെത്താനും സബ്‌കമ്മിറ്റി തീരുമാനമെടുത്തു. വില്പനയ്ക്കായി വച്ച പല സ്ഥലങ്ങളും കമ്മിറ്റി അംഗങ്ങൾ ചെന്നു കണ്ടു. സ്ഥലത്തിനായി കമ്മിറ്റി അന്വേഷിച്ചെന്ന വിവരം പുറത്തറിയുമ്പോൾ, ആ സ്ഥലത്തിനായി കണ്ണും നട്ടിരിക്കുന്ന ചിലർ പെട്ടെന്നു കച്ചവടമുറപ്പിക്കുന്ന സ്ഥിതിയുണ്ടായി.
പയ്യോളി പേരാമ്പ്ര റോഡിൽ തച്ചൻകുന്ന് എന്ന സ്ഥലത്ത് റോഡരികിലുള്ള ഒരു വാടക വീട്ടിലാണ് അന്ന് കെ.പി.പി.എച്ച്.എ യുടെ അക്കാദമിക് കൗൺസിൽ പ്രവർത്തിച്ചിരുന്നത്. ശ്രീ.കെ.കെ.ഗംഗാധരൻ മാസ്റ്റർ അതിൻ്റെ മാനേജരായി പ്രവർത്തിക്കുകയുമായിരുന്നു. കെ.പി.പി.എച്ച്.എ ക്ക് ഒരു സ്ഥലം ആവശ്യമുണ്ടെന്ന വിവരമറിഞ്ഞ ഒരു ബ്രോക്കർ ഗംഗാധരൻ മാസ്റ്ററെ അന്വേഷിച്ച് തച്ചൻകുന്നിലുള്ള അക്കാദമിക് സെന്‍ററിൽ എത്തി ഗംഗാധരൻ മാസ്റ്ററെ കാണുകയും പെട്ടെന്നുതന്നെ ബ്രോക്കറും ഗംഗാധരൻ മാസ്റ്റരും ടി.കെ യെയും കൂട്ടി ആ സ്ഥലം ചെന്നു കാണുകയും ചെയ്‌തു. സ്ഥലം ഇഷ്‌ടപ്പെട്ടതായ വിവരം ശ്രീ.ഗംഗാധരൻ മാസ്റ്റർ കൺവീനറെ ഫോൺ വഴി അറിയിക്കുകയും ഉടനെതന്നെ സ്ഥലം ഉടമയെ കണ്ട് കച്ചവടമുറപ്പിക്കാനുള്ള ധാരണയിൽ എത്തുകയും ചെയ്തു. ഒട്ടും താമസിയാതെ ഗംഗാധരൻ മാസ്റ്റർ ടി.കെ. യെയും അന്നത്തെ മേലടി സബ് ജില്ലാ പ്രസിഡണ്ടായിരുന്ന എ.രാഘവൻ മാസ്റ്ററെയും കുട്ടി ബ്രോക്കറോടൊപ്പം അയനിക്കാട് തന്നെയുള്ള സ്ഥലം ഉടമയായ ചാത്തു എന്നയാളെ കാണുകയും 1000 രൂപ അഡ്വാൻസ് നൽകി കച്ചവടമുറപ്പിക്കുകയും ചെയ്‌തു. അതിനുശേഷമാണ് കൺവീനറും മറ്റു സബ് കമ്മിറ്റി അംഗങ്ങളും സ്ഥലം ചെന്നുകാണുന്നത്. തുടർന്ന് 2002 ഡിസംബർ മാസത്തിൽ കെ.പി. പി.എച്ച്.എ ജനറൽ സെക്രട്ടറിയുടെയും പ്രസിഡണ്ടിന്‍റെയും പേരിൽ സംഘടനക്കുവേണ്ടി 20.75 സെന്‍റെ് സ്ഥലം രജിസ്റ്റർ ചെയ്‌തു വാങ്ങുകയുണ്ടായി. ഇതു വാങ്ങാനുള്ള തുക സംസ്ഥാനക്കമ്മിറ്റിയുടെ ഫണ്ടിൽ ഇല്ലാതിരുന്നതിനാൽ അക്കാദമിക് കൗൺസിൽ 1995 -96 മുതൽ റിസർവ്വ് ഫണ്ടായി മാറ്റിവച്ചിരുന്ന തുകയിൽ നിന്നുമാണ് സ്ഥലം വാങ്ങാനുള്ള തുക കണ്ടെത്തിയത്.
അക്കാദമിക് കൗൺസിലിന് റിസർവ് ഫണ്ട് ഉണ്ടായതിന്‍റെ പിന്നിലും ഒരു ചരിത്രമുണ്ട്. കേരളത്തിൽ മിക്ക പ്രൈമറി സ്‌കൂളുകളിലെയും മൂന്നു ടേമിന്‍റെയും പരീക്ഷ നടത്താനുള്ള ചോദ്യക്കടലാസ് അച്ചടിച്ചു വിതരണം ചെയ്‌തത് കെ.പി.പി.എച്ച്.എ അക്കാദമിക് കൗൺസിലിന്‍റെ നേതൃത്വത്തിലായിരുന്നു. പി.എൻ.കെ.നായരുടെ നേതൃത്വത്തിൽ വടകര വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ചോദ്യക്കടലാസ് അച്ചടിയും വിതരണവും പിന്നീട് വടകര ജില്ലാ സെക്രട്ടറിയായിരുന്ന ഇ.എം.വർഗ്ഗീസ് ഏറ്റെടുത്തു. ഇ.എം. വർഗ്ഗീസ് പിന്നീട് സംസ്ഥാന ട്രഷറർ ആയതോടു കൂടി സംസ്ഥാനാടിസ്ഥാനത്തിൽ കെ.പി.പി.എച്ച്.എ അക്കാദമിക് കൗൺസിൽ രൂപീകരിക്കുകയും അതിന്‍റെ മാനേജരായി സംസ്ഥാന കമ്മിറ്റി ഇ.എം.വർഗ്ഗീസിനെ നിയമിക്കുകയും ചെയ്തു. ആരോഗ്യപരമായ കാരണങ്ങളാൽ ഇ.എം.വർഗ്ഗീസ് മാറിയതോടു കൂടിയാണ്. ശ്രീ കെ.കെ.ഗംഗാധരൻ മാസ്റ്ററെ സംഘടന അതിന്‍റെ ചുമതല ഏല്പിച്ചത്.
ക്വട്ടേഷൻ ക്ഷണിച്ചുകൊണ്ടാണ് ചോദ്യക്കടലാസ് അച്ചടിക്കായി പ്രസ്സുകാരെ ഏല്പിച്ചിരുന്നത്. കടമായി അച്ചടിപ്പിക്കുകയും ചോദ്യക്കടലാസ് വിതരണം വഴി തുക പിരിഞ്ഞു കിട്ടുമ്പോൾ മാത്രമേ പ്രസ്സുകാർക്ക് അവരുടെ തുക കൊടുക്കുവാൻ കഴിഞ്ഞിരുന്നുള്ളൂ. ആയതിനാൽ ഏതാനും ചില പ്രസ്സുകാർ മാത്രമേ ചോദ്യകടലാസ് അച്ചടിക്കുവാനുള്ള ക്വട്ടേഷൻ തന്നിരുന്നുള്ളൂ. അതുകൊണ്ടുതന്നെ പ്രസ്സുടമകൾ തമ്മിൽ ചങ്ങാത്തത്തിലായി ക്വട്ടേഷൻ വീതിച്ചെടുത്ത് ഉയർന്ന തുകയ്ക്ക് ക്വട്ടേഷൻ നൽകുന്ന സ്ഥിതിയുണ്ടായി. സംഘടനയ്ക്ക് ഇത് വലിയ തലവേദനയും നഷ്ടവും ഉണ്ടാക്കിയിരുന്നു. 1995-96 വർഷത്തിൽ ടി.ശ്രീധരൻ ചോമ്പാല സംസ്ഥാന ജനറൽ സെക്രട്ടറിയായപ്പോൾ ഈ പ്രശ്നം പരിഹരിക്കുന്നതിനായി പുതിയ നിർദേശം സംസ്ഥാന കൗൺസിലിൽ അവതരിപ്പിച്ചു. ചോദ്യക്കടലാസ് അച്ചടി ചെലവ് പ്രസ്സുകാർക്ക് കൊടുത്തശേഷം ബാക്കി വരുന്ന തുക മുഴുവനും വിതരണ ചെലവായി നിശ്ചിത അനുപാതത്തിൽ സ്റ്റേറ്റിനും ജില്ലക്കും സബ്‌ജില്ലക്കും വീതിച്ച് നൽകുകയാണ് അതുവരെ ചെയ്‌തിരുന്നത്. അക്കാദമിക് കൗൺസിലിന് ഒരു കരുതൽ ധനമുണ്ടാക്കുകയും അപ്രകാരം കരുതൽ ധനമായുണ്ടാകുന്ന തുകകൊണ്ട് ചോദ്യക്കടലാസിന്‍റെ അച്ചടി ചെലവ് ഉടൻതന്നെ പ്രസ്സുകാർക്ക് നൽകാൻ കഴിഞ്ഞാൽ നിരവധി പ്രസ്സുകാർ ക്വട്ടേഷൻ നൽകുകയും അതുവഴി കുറഞ്ഞ ക്വട്ടേഷൻ സാധ്യമാക്കാനും കഴിയുമെന്നും ജനറൽ സെക്രട്ടറി കൗൺസിലിനെ ബോധ്യപ്പെടുത്തി. അതിനായി അച്ചടിച്ചെലവു കഴിഞ്ഞ് ബാക്കി വരുന്ന തുകയുടെ 20% കരുതൽ ധനമായി നീക്കിവച്ചശേഷം ബാക്കി തുക മാത്രമേ പഴയ രീതിയിൽ സ്റ്റേറ്റിനും ജില്ലക്കും സബ്‌ജില്ലക്കുമായി വീതിക്കാവു എന്ന നിർദേശം ജനറൽ സെക്രട്ടറി മുന്നോട്ടുവയ്ക്കുകയും ചെയ്‌തു. 10% തുകയെങ്കിലും ഇപ്രകാരം നീക്കിവെക്കാൻ വേണ്ടി കൗൺസിൽ തീരുമാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജനറൽ സെക്രട്ടറി 20% ന്‍റെ ആവശ്യം ഉന്നയിച്ചിരുന്നത്. എന്നാൽ കരുതൽ ഫണ്ടിന്‍റെ ആവശ്യം വളരെ ഗൗരവമുള്ളതാണെന്നു വിലയിരുത്തിയശേഷം 20% തുകതന്നെ അക്കാദമിക് കൗൺസിലിന്‍റെ കരുതൽ ധനമായി മാറ്റിവയ്ക്കാൻ കൗൺസിൽ തീരുമാനിക്കുകയായിരുന്നു. ഈ കരുതൽ ധനത്തിൽ നിന്നുമാണ് ഇന്നത്തെ പഠനകേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം വാങ്ങാനുള്ള തുക വിനിയോഗിച്ചത്
പഠനകേന്ദ്രം സ്ഥാപിക്കുന്നതിനായി രൂപീകരിച്ച അതേ സബ്‌കമ്മിറ്റിയുടെ നേതൃത്വത്തിൽ തന്നെ നിർമാണ പ്രവർത്തനങ്ങൾ നടത്തുവാൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. കൂടാതെ അതിന്‍റെ നിർമാണ മേൽനോട്ട ചുമതല ശ്രീ.കെ.കെ.ഗംഗാധരൻ മാസ്റ്ററെ ഏല്‌പിക്കുകയും ചെയ്തു. കെട്ടിട നിർമാണ ചെലവിലേക്കായി ഓരോ കെ.പി.പി.എച്ച്.എ അംഗവും ചുരുങ്ങിയത് ഒരു ദിവസത്തെ ശമ്പളവും, കൂടാതെ മറ്റു അഭ്യൂദയകാംക്ഷികളിൽ നിന്നും റിട്ടയർ ചെയ്‌ത അംഗങ്ങളിൽ നിന്നും പരമാവധി സംഭാവന വാങ്ങാനും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കുകയും ചെയ്തു.
2003 മെയ് 7, 8, 9 തിയ്യതികളിൽ കെ.പി.പി.എച്ച്.എ യുടെ 37-ാം സംസ്ഥാന സമ്മേളനം പാലക്കാട് വച്ച് നടന്നു. കെ.പി.പി.എച്ച്.എ യുടെ സംസ്ഥാന പ്രസിഡണ്ടായി ടി.ശ്രീധരൻ ചോമ്പാലയും ജനറൽ സെക്രട്ടറിയായി എം.കെ.വർഗ്ഗീസും തെരഞ്ഞെടുക്കപ്പെട്ടു. നിർമാണ കമ്മിറ്റിയുടെ നിലവിലുള്ള കൺവീനറായ ടി.ശ്രീധരൻ ചോമ്പാല സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതിനാൽ കൺവീനർ സ്ഥാനം ഒഴിഞ്ഞു കമ്മിറ്റിയുടെ ചെയർമാനായി മാറുകയും, കൺവീനർ സ്ഥാനം സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം മഞ്ചാളത്ത് പ്രഭാകരനെ ഏല്പ്‌പിക്കുകയും ചെയ്തു. കൺവീനറാണ് ഇതിന്റെ വരവു ചെലവ് കണക്ക് സൂക്ഷിച്ചിരുന്നത്.
കെ.പി.പി.എച്ച്.എ. സ്ഥാപിക്കുന്നത് കേവലം ഒരു പഠനകേന്ദ്രം മാത്രമാകരുതെന്നും, മറിച്ച്, ഒരു സംസ്ഥാന വിദ്യാഭ്യാസ പഠന ഗവേഷണ കേന്ദ്രമാണ് നാം സ്ഥാപിക്കേണ്ടതെന്നുമുള്ള ഒരാശയം സംസ്ഥാന പ്രസിഡണ്ടായ ടി.ശ്രീധരൻ ചോമ്പാല എക്സിക്യൂട്ടീവ് കമ്മിറ്റി മുമ്പാകെ വയ്ക്കുകയും കമ്മിറ്റി അത് ഐകകണ്ഠ്യേന അംഗീകരിക്കുകയും ചെയ്‌തു. അതോടുകൂടി പഠനകേന്ദ്രം മാത്രമെന്ന പേര് മാറ്റാനും കെ.പി.പി.എച്ച്.എ സംസ്ഥാന വിദ്യാഭ്യാസ പഠന ഗവേഷണകേന്ദ്രം എന്ന് നാമകരണം ചെയ്യാനും കമ്മിറ്റി തീരുമാനമെടുത്തു. പഠന ക്ലാസുകളും ക്യാമ്പുകളും നടത്തുന്നതോടൊപ്പം സെമിനാറുകളും, ശില്പ്‌പശാലകളും, സേവന വേതന വ്യവസ്ഥകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനുള്ള ചർച്ചകളും, സർക്കാർ അതാതു കാലത്തു നടപ്പിലാക്കുന്ന പദ്ധതികളെപ്പറ്റി ചർച്ച ചെയ്ത് ആവശ്യമായ റിപ്പോർട്ടുകളും നിവേദനങ്ങളും സർക്കാരിനു നൽകാനും ഉതകുന്ന ഒരു സ്ഥാപനമാണ് കെ.പി.പി.എച്ച്.എ സംസ്ഥാന വിദ്യാഭ്യാസ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും കമ്മിറ്റി അംഗീകരിക്കുകയുണ്ടായി. കൂടാതെ, പ്രധാനാധ്യാപകരുടെയും അധ്യാപകരുടെയും സർവീസ് പ്രശ്‌നങ്ങളിൽ ആവശ്യമായ നിയമോപദേശം നൽകാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായകരമായ പ്രവർത്തനങ്ങൾ ഈ കേന്ദ്രത്തിൽ നടത്താനും കമ്മിറ്റി തീരുമാനമെടുത്തു. ദൂരദേശത്തുനിന്നു വരുന്നവർക്ക് താമസിക്കാനുള്ള സൗകര്യവും, കൂടാതെ ഓഡിറ്റോറിയവും, നല്ലൊരു ലൈബ്രറിയുമുള്ള ഒരു കെട്ടിടമാണ് നിർമിക്കേണ്ടതെന്നും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം നിർമാണക്കമ്മിറ്റി കൂടി കെട്ടിടത്തിൽ എന്തെല്ലാം സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ചർച്ച ചെയ്യുകയും ടി.ശ്രീധരൻ ചോമ്പാലയുടെയും, ശ്രീ.കെ.കെ. ഗംഗാധരൻ മാസ്റ്ററുടെയും മേൽനോട്ടത്തിൽ തന്നെ പ്ലാനിന്‍റെ രൂപരേഖയുണ്ടാക്കുകയും ചെയ്‌തു. അതനുസരിച്ചുള്ള പ്ലാൻ തയ്യാറാക്കാൻ ഏല്പിച്ചത് നിരേഷ് കരിപ്പള്ളി എന്ന ആളെയാണ്. നിർമ്മാണ കമ്മിറ്റി കൺവീനറായ ശ്രീധരൻ ചോമ്പാലയുടെ അടുത്ത ബന്ധുവെന്ന നിലയിൽ പ്ലാൻ വരച്ചതിനടക്കം നാമമാത്രമായ ഒരു തുക മാത്രമേ അദ്ദേഹം പ്രതിഫലമായി കൈപ്പറ്റിയിട്ടുള്ളൂ. കൂടാതെ കെട്ടിട നിർമാണത്തിന് ഹൈവെ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിൻ്റെ അനുമതി വാങ്ങിത്തന്ന് സഹായിച്ചതും നിരേഷ് കരിപ്പള്ളി തന്നെയാണ്. ഏറെ ശ്രമകരമായ ദൗത്യമായിരുന്നു അത്.
കെട്ടിട നിർമാണത്തിനായി ആദ്യത്തെ സംഭാവന നൽകിയത് സംസ്ഥാന പ്രസിഡണ്ട് ടി.ശ്രീധരൻ ചോമ്പാല ഹെഡ്‌മാസറ്ററായ ചോമ്പാല ബി.ഇ.എം യു.പി സ്കൂളിലെ സീനിയർ അധ്യാപികയായ ശ്രീമതി.കെ.സത്യശീല ടീച്ചറാണ്. കെ.പി.പി.എച്ച്.എ യുടെ ചോമ്പാൽ ഉപജില്ലാ ജനറൽബോഡി യോഗത്തിൽ വച്ച് ആദ്യത്തെ സംഭാവനയായി 1001 രൂപ സംസ്ഥാന പ്രസിഡൻ്റ് ഏറ്റുവാങ്ങുന്നതിന്റെ ഫോട്ടോ 2003 ആഗസ്ത് മാസത്തിലെ ഹെഡ്‌മാസ്റ്റർ മാസികയുടെ മുഖചിത്രമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്നത്തെ ഒരു പ്രൈമറി അധ്യാപകന്റെ ശംമ്പള സ്കെയിലിന്റെ തുടക്കം 4000 രൂപയാണെന്ന് ഓർക്കുമ്പോൾ ആ സംഭാവനയുടെ മൂല്യം ഇന്ന് എത്രയാണെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു.
പഠന ഗവേഷണ കേന്ദ്ര നിർമ്മാണ ഫണ്ടിലേക്കുള്ള ആദ്യ സംഭാവനയായി 1001 രൂപ ചോമ്പാല ബി.ഇ.എം യു.പി.സ്‌കൂൾ സഹാധ്യാപികയായ ശ്രീമതി.സത്യശീല ടീച്ചറിൽ നിന്നും സംസ്ഥാന പ്രസിഡണ്ട് ശ്രീധരൻ ചോമ്പാല സ്വീകരിക്കുന്നു. |
കെട്ടിട നിർമാണ കമ്മിറ്റി തീരുമാനപ്രകാരം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ് സൊസൈറ്റിയെയാണ് നിർമ്മാണ ജോലി ഏൽപിച്ചത്. ആചാര്യനായ ടി.കെ.തന്‍റെ സ്വപ്‌നസൗധത്തിന്‍റെ ശിലാസ്ഥാപനകർമ്മം നിർവഹിച്ചു.
പഠന ഗവേഷണ കേന്ദ്രത്തിൻ്റെ ശിലാസ്ഥാപനകർമ്മം ശ്രീടി കുഞ്ഞിരാമൻ മാസ്റ്റർ നിർവഹിക്കുന്നു. |
2004 മെയ് 22 ന് കെ.പി.പി.എച്ച്.എ സംസ്ഥാന പഠന ഗവേഷണകേന്ദ്രത്തിന്റെ ശിലാ സ്ഥാപനകർമം സംഘടനയുടെ മുൻ ജനറൽ സെക്രട്ടറിയും ആചാര്യനും ഈ സംരംഭത്തിന്‍റെ മുഖ്യശില്‌പിയുമായ ശ്രീ.ടി.കുഞ്ഞിരാമൻ മാസ്റ്റർ നിർവഹിച്ചു. കെ.പി.പി.എച്ച്.എ സംസ്ഥാന പ്രസിഡണ്ട് ടി. ശ്രീധരൻ ചോമ്പാല അധ്യക്ഷത വഹിച്ചു. എം.കെ.വർഗീസ് (ജനറൽ സെക്രട്ടറി) രാമചന്ദ്രൻ തിക്കോടി (എഡിറ്റർ,ഹെഡ്‌മാസ്റ്റർ മാസിക) തുടങ്ങിയവർ പ്രസംഗിച്ചു. ശിലാസ്ഥാപനം നിർവഹിച്ചുകൊണ്ട് ടി.കെ. ഇങ്ങനെ പറഞ്ഞു. "പഴയകാലത്തെ ഹെഡ്‌മാസ്റ്റർമാരിൽ അധികം പേരും സർവീസ് കാര്യങ്ങളിൽ അജ്ഞരായിരുന്നതുകൊണ്ടുതന്നെ ഓഫീസുകളിൽ അടിമകളെപോലെ കഴിയേണ്ടിവന്നു. ഇതിൽനിന്നും ഹെഡ്‌മാസ്റ്റർമാരെ മോചിപ്പിക്കാനാണ് കെ.പി.പി.എച്ച്.എ പഠനക്ലാസുകൾ ആരംഭിച്ചത്. ഈ പഠനക്ലാസുകൾക്ക് ഒരു വ്യവസ്ഥാപിത രൂപം തന്നെ കൈവന്നു. സബ്‌ജില്ലാതലത്തിലാരംഭിച്ച് സംസ്ഥാനതലത്തിൽ അവസാനിക്കുന്ന ഈ ക്ലാസുകളിലൂടെ ഒരുപാട് റിസോഴ്‌സ് പേഴ്‌സൺസിനെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ബ്യൂറോക്രസിക്കെതിരെ അടരാടാനുള്ള ആയുധം മൂർച്ചകുട്ടാൻ പ്രൈമറി ഹെഡ്‌മാസ്റ്റർമാരെ സുസജ്ജമാക്കിയേ തീരൂ. അതിനുപറ്റിയ ഒരു സ്ഥാപനം ഉണ്ടാക്കിയെടുക്കുക എന്ന സ്വപ്നം വളരെക്കാലമായി എന്‍റെ മനസ്സ് താലോലിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനു വേണ്ട ഒരു പ്രൊജക്‌ട് സംസ്ഥാന കൗൺസിലിൽ സമർപ്പിച്ച് ഏകകണ്ഠമായി അംഗീകാരം നേടാനും കഴിഞ്ഞതോടെ ഒരു വലിയ സ്വപ്‌നത്തിന്‍റെ സാക്ഷാത്ക്കാരത്തിനടുത്തെത്തുകയായിരുന്നു. ഹെഡ്‌മാസ്റ്റർമാർക്കു മാത്രമല്ല കേരളത്തിലെ മുഴുവൻ അധ്യാപകസമൂഹത്തിനും ഈ സ്ഥാപനം ഒരു അഭയകേന്ദ്രമാവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്."
നൽകുന്ന സേവനത്തിന് യാതൊരുവിധ പ്രതിഫലവും പറ്റാത്ത ഒരു സ്ഥാപനമാണ് പഠനഗവേഷണ കേന്ദ്രം എന്നതുകൊണ്ട് അത് ഒരു ചാരിറ്റബിൾ ട്രസ്റ്റായി രജിസ്റ്റർ ചെയ്യാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ഒരു നിയമാവലി ഉണ്ടാക്കി അത് സംസ്ഥാന കൗൺസിൽ അംഗീകരിച്ചതിനെ തുടർന്ന് 13-10-2003 നു കോഴിക്കോട് സബ് റജിസ്ട്രാർ ഓഫീസിൽ "കെ.പി.പി.എച്ച്.എ സംസ്ഥാന വിദ്യാഭ്യാസ പഠന ഗവേഷണ കേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ്" രജിസ്റ്റർ ചെയ്‌തു. ഒരു ട്രസ്റ്റ് രജിസ്റ്റർ ചെയ്യുമ്പോൾ നിയമപരമായി അതിന് ഒരു ഫൗണ്ടർ അത്യാവശ്യമായതിനാൽ അന്നത്തെ സംസ്ഥാന പ്രസിഡണ്ടായ ടി. ശ്രീധരൻ ചോമ്പാലയെ ട്രസ്റ്റിന്‍റെ ഫൗണ്ടർ ആക്കിയും ഫൗണ്ടർ 1000/ - രൂപ പ്രവർത്തന മൂലധനമായി നിക്ഷേപിച്ചുകൊണ്ടുമാണ് ട്രസ്റ്റ് രജിസ്റ്റർ ചെയ്തത്. ടി. ശ്രീധരൻ ചോമ്പാല മരണമടഞ്ഞാൽ അയാളുടെ അനന്തരാവകാശികൾക്ക് ട്രസ്റ്റിനുമേൽ യാതൊരു അവകാശവുമുണ്ടായിരിക്കുന്നതല്ലെന്ന് ട്രസ്റ്റിന്റെ നിയമാവലിയിൽ പ്രത്യേകം ഉൾപ്പെടുത്തിയിട്ടുണ്ട്. ചാരിറ്റബിൾ ട്രസ്റ്റ് രജിസ്ട്രേഷന്‍റെ ഒരു സാക്ഷിയായി ഒപ്പുവച്ചത് ശ്രീ.ടി.കുഞ്ഞിരാമൻ മാസ്റ്റരും രണ്ടാമത്തെ സാക്ഷിയായി ഒപ്പു വച്ചത് അന്നത്തെ കോഴിക്കോട് ജില്ലാ പ്രസിഡണ്ടായിരുന്ന ശ്രീ. സുമിത്രൻ മാസ്റ്ററുമാണ്.
2004 മെയ് 22 ന് തറക്കല്ലിട്ട ഈ സ്ഥാപനത്തിന്‍റെ നിർമാണം ഊരാളുങ്കൽ സൊസൈറ്റി ആരംഭിച്ചത് 2004 ജൂൺ 11ന്ആ ണ്. ഇക്കാലത്ത് കെട്ടിട നിർമാണമേഖലയിൽ സൊസൈറ്റി കൈവച്ചു തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. അവർ ഏറ്റെടുക്കുന്നതു തന്നെ സർക്കാർ കെട്ടിടങ്ങളുടെ പണി മാത്രവും. സംസ്ഥാന പ്രസിഡണ്ടും, ടി.കെ.യും കെ.കെ.ഗംഗാധരൻ മാസ്റ്റരും ഈ ആവശ്യവുമായി സൊസൈറ്റി ചെയർമാനെ സമീപിച്ചപ്പോൾ ആ ജോലി ഏറ്റെടുക്കുന്ന കാര്യത്തിൽ ആദ്യം വൈമനസ്യം കാണിക്കുകയാണുണ്ടായത്. ചെയർമാൻ ശ്രീ. ശ്രീധരൻ ചോമ്പാല മാസറ്ററുമായുള്ള വ്യക്തിബന്ധത്തിന്‍റെ സമ്മർദ്ദംമൂലം ഒടുവിൽ അവർ അതേറ്റെടുക്കാൻ തയ്യാറായി. 2005 ഫിബ്രവരി മാസമാകുമ്പോഴേക്കും, അതായത് ഏകദേശം 8 മാസം കൊണ്ട് നമ്മുടെ കെട്ടിടത്തിന്‍റെ മുഴുവൻ ജോലിയും അവർ പൂർത്തിയാക്കിത്തന്നു.
പഠന ഗവേഷണ കേന്ദ്രം നിർമ്മാണം ത്വരിതഗതിയിൽ പുരോഗമിക്കുന്നു |
പഠന ഗവേഷണ കേന്ദ്രം നിർമ്മാണം ത്വരിതഗതിയിൽ പുരോഗമിക്കുന്നു
പഠന ഗവേഷണകേന്ദ്രത്തിന്‍റെ പണി പൂർത്തിയായി വരുന്ന കാഴ്‌ചകൾ കാണാൻ പല സബ്‌ജില്ലകളിൽ നിന്നും നമ്മുടെ പ്രവർത്തകർ എത്തിക്കൊണ്ടിരുന്നു. അവർ വരുമ്പോൾ മധുര പലഹാരങ്ങളും കൂടെ കൊണ്ടുവന്നിരുന്നു. അന്നത്തെ ജില്ലാ പ്രസിഡണ്ടായിരുന്ന ജമീല ടീച്ചർ ജോലിക്കാർക്കായി 60 ൽ പരം നെയ്യപ്പവും കൊണ്ടാണ് വന്നത്.
തിരിച്ചു പോകുമ്പോൾ ജമീലടീച്ചർ ടി.കെ യോട് ഒരാവശ്യം ഉന്നയിച്ചു. മുകൾതട്ടിൽ സ്ത്രീകൾക്ക് താമസിക്കാൻ പ്രത്യേകം മുറി വേണം. ടി.കെ. അതു സമ്മതിക്കുകയും ചെയ്തു. പല സബ്‌ജില്ലകളിൽ നിന്നായി വന്നവർ തികഞ്ഞ സംതൃപ്‌തിയോടും ആഹ്ലാദത്തോടും കൂടിയാണ് കെട്ടിട നിർമാണം കണ്ട് തിരിച്ചുപോയത്, കെട്ടിട നിർമാണം നടക്കുന്ന അതേ സമയത്ത് തച്ചൻകുന്നിലുള്ള അക്കാദമിക് സെൻ്ററിൽ കെ.കെ.ഗംഗാധരൻ മാസ്റ്റരുടെ മേൽ നോട്ടത്തിൽ ഡസ്‌കിന്‍റെയും ബെഞ്ചിൻ്റെയും ജോലികൾ തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ഒപ്പം ഉദ്ഘാടനത്തെപ്പറ്റിയുള്ള ചർച്ചയും നടന്നുകൊണ്ടിരുന്നു. പഠന ഗവേഷണകേന്ദ്രത്തിനാവശ്യമായ എല്ലാ ഫർണിച്ചറുകളും കോഴിക്കോട് നിന്നും വാങ്ങുന്നതിന് നേതൃത്വം നൽകിയത് ശ്രീ. ഗംഗാധരൻ മാസ്റ്ററും, ശ്രീ. ശ്രീധരൻ ചോമ്പാല മാസ്റ്ററും കൂടെ ആയിരുന്നു. ഗുണനിലവാരമുള്ളതും എന്നാൽ വിലക്കുറവുള്ള സാധനങ്ങളും മറ്റും കണ്ടെത്താൻ വേണ്ടി, കോഴിക്കോട് അങ്ങാടിയിലെ ഉച്ചവെയിലിൽ കടകൾ പലതും കയറിയിറങ്ങേണ്ടിവന്നു. വെയിലിന്‍റെ ചൂടും, റോഡിലെ ടാറിന്‍റെ ചൂടും കൊണ്ടപ്പോൾ വിയർക്കുക മാത്രമല്ല ശരീരമാകെ ചുട്ടുപൊള്ളുന്നതു പോലെ തോന്നി. പൊള്ളുന്ന വെയിൽ തലയിൽ തട്ടിയപ്പോൾ "ചുട്ടകഷണ്ടിയിൽ ഒരുപിടി നെല്ലാൽ മലരു വറുക്കാം" എന്ന കുഞ്ചൻനമ്പ്യാരുടെ തുള്ളൽപ്പാട്ടിനെക്കുറിച്ച് അന്ന് ഒരുനിമിഷം ഓർത്തു പോയത് ഇപ്പോഴും മനസ്സിൽ മായാതെ തങ്ങിനിൽക്കുന്നുണ്ട്. അന്നു പുലർച്ചെതന്നെ സാധനങ്ങൾ വാങ്ങാനായി പുറപ്പെട്ട ഞങ്ങൾ കോഴിക്കോടെത്തി സാധനങ്ങൾ വാങ്ങി ലോറിയിൽ കയറ്റിയശേഷം അവ പഠനകേന്ദ്രത്തിൽ എത്തിച്ചപ്പോൾ രാത്രി പത്ത്മണി കഴിഞ്ഞിരുന്നു.
പഠന ഗവേഷണകേന്ദ്രത്തിൻ്റെ പണി പൂർത്തിയായി വരുന്ന കാഴ്‌ച കണ്ട് എല്ലാവരും സന്തോഷിക്കുമ്പോൾ സംസ്ഥാന പ്രസിഡണ്ട് ശ്രീധരൻ ചോമ്പാലയുടെ മനസ്സിൽ തീ പുകയുകയായിരുന്നു. പണി പൂർത്തിയായി താക്കോൽ ഏറ്റുവാങ്ങുമ്പോൾ ഊരാളുങ്കൽ സൊസൈറ്റിക്ക് ബോണ്ടിൽ ഒപ്പുവച്ച കരാർ പ്രകാരമുള്ള തുക എങ്ങനെ നൽകുമെന്ന ചിന്തകൊണ്ടാണ് മനസ് പുകഞ്ഞത്. പിരിച്ച തുക മുഴുവനായി കിട്ടിയശേഷം ബാക്കി തുക അക്കാദമിക് കൗൺസിലിന്‍റെ കരുതൽ ധനത്തിൽ നിന്നും എടുക്കാമെന്ന അതിന്‍റെ മാനേജർ കെ.കെ.ഗംഗാധരൻ മാസ്റ്റരുടെ ആശ്വാസവാക്കുകളാണ് പ്രസിഡണ്ടിൻ്റെ മനസ്സിലെ തീ അണച്ചത്.
2005 ഫിബ്രവരി അവസാനത്തോടെ കെട്ടിടത്തിന്‍റെ പണി പൂർത്തിയാക്കി അതിന്‍റെ താക്കോൽ പ്രസിഡണ്ട് ഏറ്റുവാങ്ങി. കെട്ടിട നിർമാണത്തിനു മാത്രമായി ഏകദേശം 32.5 ലക്ഷം രൂപ സൊസൈറ്റിക്ക് നൽകി. മറ്റു അടിസ്ഥാന സൗകര്യങ്ങൾക്കായി 4.5 ലക്ഷം രൂപ വേറെയും ചെലവു വന്നു. മൊത്തം 37 ലക്ഷത്തോളം രൂപ ചെലവായി.
സംഘടന വഴി സംഭാവനയായി സമാഹരിച്ച തുക കൂടാതെ 'ഹെഡ്‌മാസ്റ്റർ മാസിക' 'ഹെമാ പ്രസ്സ്' എന്നിവ നടത്തിയ വകയിൽ പല വർഷങ്ങളിലായി മിച്ചം വച്ച 4 ലക്ഷം രൂപയും പഠനകേന്ദ്രത്തിൻ്റെ നിർമാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. പഠനകേന്ദ്രത്തിന്‍റെ നിർമാണം പൂർത്തിയാക്കി തുക തികയാതെ വന്നപ്പോൾ അക്കാദമിക് കൗൺസിലിൽ കാലാകാലങ്ങളിലായി നീക്കിവച്ച കരുതൽ ധനത്തിൽ നിന്നെടുത്താണ് ചെലവു വഹിച്ചത്. ടി. ശ്രീധരൻ ചോമ്പാല 1995 ൽ ജനറൽ സെക്രട്ടറിയായിരിക്കെ അക്കാദമിക് കൗൺസിലിന് കരുതൽ ധനം സ്വരൂപിക്കാനുള്ള നിർദേശം കൗൺസിൽ മുമ്പാകെ വയ്ക്കുകയും ആ നിർദേശം കൗൺസിൽ അംഗീകരിക്കുകയും ചെയ്‌തതുകൊണ്ടു മാത്രമാണ് അതിൽ നിന്നുള്ള തുക വിനിയോഗിച്ചുകൊണ്ട് പഠനകേന്ദ്രത്തിൻ്റെ പണി പൂർത്തിയാക്കാൻ കഴിഞ്ഞത്. ആ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ അന്നത്തെ അക്കാദമിക് കൗൺസിൽ മാനേജരായിരുന്ന ശ്രീ.ഇ.എം.വർഗീസിന്‍റെയും (പേരാമ്പ്ര) പിന്നീട് അതിന്‍റെ മാനേജരായ ശ്രീ.കെ.കെ.ഗംഗാധരൻ മാസ്റ്റരുടെയും ആത്മാർത്ഥമായ പ്രവർത്തനങ്ങൾ കൊണ്ടാണ് അക്കാദമിക് കൗൺസിലിന് വേണ്ടത്ര കരുതൽ ധനം സമാഹരിക്കാനായത്. അവരുടെ സേവനങ്ങളെ എന്നും നന്ദിപൂർവം സ്‌മരിക്കേണ്ടതാണ്.
പഠനകേന്ദ്രത്തിൻ്റെ നിർമാണവുമായി ബന്ധപ്പെട്ട് കമ്മിറ്റി ഭാരവാഹികളോ അംഗങ്ങളോ നടത്തിയ യാത്രയുടെയോ യാത്രക്കിടയിൽ വന്ന ഭക്ഷണത്തിന്‍റെയോ ചെലവുകളൊന്നും തന്നെ നിർമാണത്തിൻ്റെ ചെലവിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് പ്രത്യേകം എടുത്തു പറയേണ്ട വസ്‌തുതയാണ്. യാത്രാച്ചെലവും ഭക്ഷണച്ചെലവും അവരവർ തന്നെ വഹിക്കുകയായിരുന്നു. ഈ ഒരു തീരുമാനം നിർമാണ കമ്മിറ്റി നേരത്തെതന്നെ എടുത്തിരുന്നതും അത് പൂർണ്ണമായും പാലിക്കുകയും ചെയ്‌തിരുന്നു.
പഠനകേന്ദ്രത്തിൻ്റെ ഉദ്ഘാടനം ബഹു: വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ഇ.ടി മുഹമ്മദ് ബഷീർ നിർവഹിച്ചു.
പഠന ഗവേഷണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ബഹുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ഇ.ടി മുഹമ്മദ് ബഷീർ നിർവഹിക്കുന്നു. |
2005 മാർച്ച് 6 ന് ഉദ്ഘാടനം നടത്തുവാൻ തീരുമാനിച്ചു. ഉദ്ഘാടനത്തിനായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു ശ്രീ ഇ.ടി.മുഹമ്മദ് ബഷീറിനെ ക്ഷണിച്ചു. അതിനുള്ള തയ്യാറെടുപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.പ്രദീപൻ ആയിരുന്നു സ്വാഗതസംഘം കൺവീനർ. മേലടി സബ്‌ജില്ലയിലെ സി.എച്ച്. രാമചന്ദ്രൻ മാസ്റ്റർ, കെ.പി.ശങ്കരൻ മാസ്റ്റർ, പി.വേണുഗോപാലൻ മാസ്റ്റർ, കെ.കെ. അബ്ദുള്ള മാസ്റ്റർ, പി.എം.മൊയ്‌തുമാസ്റ്റർ, എം. രാജൻ മാസ്റ്റർ, തുടങ്ങിയവർ വിവിധി കമ്മിറ്റികളുടെ കൺവീനർമാരായിരുന്നു. പങ്കെടുക്കുന്നവർക്ക് കോഴിക്കോട് ജില്ല വക വിഭവസമൃദ്ധമായ സദ്യ നൽകാൻ തീരുമാനിച്ചിരുന്നു. മാർച്ച് 6ന്‍റെ ഉദ്ഘാടനം ഒരു മഹോത്സവമാക്കി മാറ്റാൻ സംഘടന തീരുമാനിച്ചു.
പഠനഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്‌തുകൊണ്ട് ശ്രീ. ഇ ടി മുഹമ്മദ് ബഷീർ പ്രസംഗിക്കുന്നു. |
മാർച്ച് 6 ന് രാവിലെ 11 മണിക്ക് പഠന ഗവേഷണകേന്ദ്രത്തിൻ്റെ തെക്ക് ഏകദേശം 200 മീറ്റർ അകലെ നിന്നും വിദ്യാഭ്യാസ മന്ത്രിയുൾപ്പെടെയുള്ള വിശിഷ്ടാതിഥികളെ ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ കെ.പി.പി.എച്ച്.എ അംഗങ്ങൾ കേന്ദ്രത്തിലേക്ക് ആനയിച്ചുകൊണ്ടുവന്ന് സ്വീകരിച്ച് സ്റ്റേജിലിരുത്തി.
പഠന നവേഷണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനെ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് ടി. ശ്രിധരൻ ചോമ്പാല സ്വാഗത പ്രസംഗം നടത്തുന്നു. |
പഠനഗവേഷണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനെ സമ്മേളനത്തിൽ ആചാര്യനായ ടി.കുഞ്ഞിരാമൻ മാസ്റ്റർ പ്രസംഗിക്കുന്നു. |
ഉദ്ഘാടന പരിപാടിയിൽ പാലക്കാട് നിരത്തിയ കെ.പി.പി .എച്ച്.എ അംഗമായ ശ്രീമതി. വിജയലക്ഷ്‌മി ടിച്ചർ ശാസ്ത്രീയ സംഗീത കച്ചേരി നടത്തുന്നു. |
ഗുരുജനങ്ങളെ... പ്രിയജനങ്ങളെ
അഭിവാദനം.... അഭിവാദനം.... അഭിവാദനം
എന്ന് ആരംഭിക്കുന്ന സ്വാഗതഗാനം നമ്മൾ നിർമിച്ച വിജ്ഞാനത്തിൻ്റെ വിളക്കുമാടം തലമുറകൾക്ക് വെളിച്ചം വീശട്ടെ എന്ന പ്രാർത്ഥന നിറഞ്ഞതായിരുന്നു. പള്ളിക്കര ശ്രീനിവാസൻ ഈണം പകർന്ന ഈ ഗാനം രചിച്ചത് ശ്രീ.രാമചന്ദ്രൻ തിക്കോടിയാണ്. മേലടി സബ് ജില്ലയിലെ ഹെഡ് ടീച്ചർമാരാണ് ആ മധുരഗാനം ആലപിച്ചത്. ഒരു മഹോത്സവത്തിൻ്റെ ആഹ്ലാദപൂർണമായ നിമിഷങ്ങൾക്ക് സാക്ഷിയാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും സംതൃപ്‌തിയും ഇതിൽ പങ്കെടുത്തവരുടെ മുഖത്ത് പ്രകടമായിരുന്നു.
കെ.പി.പി.എച്ച്.എ യുടെ അഭിമാന സ്‌തംഭവും വിളക്കുമാടവുമായ സംസ്ഥാന വിദ്യാഭ്യാസ പഠന ഗവേഷണകേന്ദ്രത്തിൻ്റെ ഉദ്ഘാടനം കഴിയുമ്പോൾ അതിനുവേണ്ടി വിയർപ്പൊഴുക്കിയ അനേകം പേരെ നമുക്ക് നന്ദിയോടെ ഓർക്കാനുണ്ട്. ഒരു സ്വപ്നം യാഥാർഥ്യമാക്കുന്നതിനുവേണ്ടി അഹോരാത്രം പരിശ്രമിച്ച, അതിന്‍റെ സ്ഥാപകനായ ടി.കെ. യുടെ ത്യാഗത്തെ കെ.പി.പി.എച്ച്.എ എന്നും സ്‌മരിക്കുകതന്നെ ചെയ്യും. സ്ഥലം കണ്ടെത്തുന്നതു മുതൽ അതിൻ്റെ ഉദ്ഘാടനം വരെ മേൽനോട്ടം വഹിച്ചുകൊണ്ട് നിർമാണസ്ഥലത്തെ ചുട്ടുപൊള്ളുന്ന മണലിന്‍റെയും കത്തി എരിയുന്ന വെയിലിന്റെയും ചൂടേറ്റ് വിയർപ്പൊഴുക്കിയ കെ.കെ.ഗംഗാധരൻ മാസ്റ്റരുടെ ത്യാഗപൂർണമായ സേവനത്തെയും നമുക്ക് ഒരിക്കലും മറക്കാനാവില്ല. ഈ സ്ഥാപനത്തിൻ്റെ നിർമാണഘട്ടത്തിൽ സർവവിധ സഹായം നൽകിയ ഒത്തിരി പേരുണ്ട്. പേരെടുത്തു പറയാതെ തന്നെ എല്ലാ വരുടെയും സേവനങ്ങളെ നന്ദിപൂർവം ഓർക്കുന്നു. നിർമാണം പൂർത്തിയായി കഴിഞ്ഞപ്പോൾ അതിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഹെഡ്‌മാസ്റ്റർ മാസികയുടെ മുഖലേഖനത്തിൽ ശ്രീ.രാമചന്ദ്രൻ തിക്കോടി എഴുതിയ ഏതാനും വരികൾ ഇവിടെ കുറിക്കട്ടെ.
"ഈ ലക്ഷ്യപ്രാപ്തിയിൽ ആരെയൊക്കെയാണ് അഭിനന്ദിക്കേണ്ടത്? ഒന്നോ രണ്ടോ വാക്യങ്ങൾ കൊണ്ട് പറഞ്ഞു തീർക്കാവുന്നതല്ല അതിനുത്തരം. ഇതൊരു വലിയ സ്വപ്നസാക്ഷാത്‌കാരമാണ്. ഏതു മഹത്തായ സംരംഭവും തീഷ്‌ണമായ ഒരു സ്വപ്നത്തിൽ നിന്നുയിർകൊള്ളുന്നു. ഇവിടെയും അങ്ങനെയൊരു സ്വപ്‌നസാന്നിധ്യത്തിൽ നിന്നാണ് ഈ കർമപരിപാടിയുടെ ആരംഭം. കെ.പി.പി.എച്ച്.എയുടെ നേതൃത്വത്തിൽ കേരളത്തിലങ്ങോളമിങ്ങോളമോടി നടന്ന് പ്രധാനാധ്യാപകർക്കാവശ്യമായ ഔദ്യോഗിക സാക്ഷരത നല്‌കുക എന്ന തൻ്റെ ജീവിത നിയോഗം നിർവഹിച്ചുകൊണ്ടിരിക്കുന്നതിനിടയിലെപ്പോഴോ നമ്മുടെ പ്രിയങ്കരനായ ടി.കെ യുടെ മനസ്സിലുദിച്ചതാണീ സ്വപ്നം. ഈ സ്വപ്നം യാഥാർഥ്യവൽക്കരിക്കാൻ നമ്മുടെ സംഘടനയുടെ തലപ്പത്ത് ശ്രീധരൻ ചോമ്പാല ഉണ്ടായിരുന്നതാണ് നമ്മുടെ ഭാഗ്യം. ഏതു ശ്രമകരമായ ദൗത്യവും ഒരു വെല്ലുവിളിയായി ഏറ്റെടുക്കാൻ എന്നും ധൈര്യം കാണിച്ചുപോന്ന അദ്ദേഹവും സമാന മനസ്കരായ കെ.പി.പി.എച്ച്.എ യുടെ മറ്റു നേതാക്കളും മുന്നോട്ട് വന്നപ്പോൾ കെ.പി. പി.എച്ച്.എ യുടെ ചരിത്രത്തിലെ ഒരു മഹാസംരംഭത്തിന് അരങ്ങൊരുങ്ങുകയായിരുന്നു. ഇതിനു പിന്നിലെ ആത്മാർത്ഥതയും അർപ്പണബോധവും ഒരു മഹാശക്തിയായി ഈ സംരംഭത്തെ വിജയത്തിലെത്തിക്കുകയായിരുന്നു.
ഈ സ്ഥാപനം യാഥാർഥ്യമാകുന്ന ഈ കാലഘട്ടത്തിൽ, ഈ സംരംഭവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച ആയിരക്കണക്കിന് ഹെഡ്‌മാസ്റ്റർമാർക്കും സഹാധ്യാപകർക്കും എണ്ണമറ്റ വിദ്യാഭ്യാസ പ്രേമികൾക്കും ഏറെ അഭിമാനിക്കാനുണ്ട്. കേരളത്തിലെ പ്രൈമറി വിദ്യാഭ്യാസ മേഖലയിൽ നിർണായകമായ ഒരു ശക്തികേന്ദ്രമായി ഈ സ്ഥാപനം വളർന്നുവരുന്ന തേജോമയമായ ഒരു പ്രഭാതം അകലെയാവില്ല എന്ന പ്രതീക്ഷയാണ് ഞങ്ങൾക്ക്. വിദ്യാഭ്യാസ സംബന്ധമായി ഏതു സംശയങ്ങൾക്കും നിവാരണം തേടിയെത്തുന്ന ആയിരങ്ങൾക്ക് ഒരു അഭയകേന്ദ്രമായി ഈ സ്ഥാപനം കേരളം മുഴുവൻ അറിയപ്പെടുന്ന ഒരു ഭാവി ഞങ്ങൾ സ്വപ്നം കാണുന്നു."
ഈ സ്വപ്നം അതിൻ്റെ അക്ഷരാർത്ഥത്തിൽ യാഥാർഥ്യമായെന്ന് കാലം തെളിയിച്ചു കഴിഞ്ഞു.
വിദ്യാഭ്യാസ പഠന ഗവേഷണകേന്ദ്രത്തിൻ്റെ ഉദ്ഘാടനത്തിനു ശേഷം
പഠന ഗവേഷണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ പയ്യോളിയിൽ പേരാമ്പ്ര റോഡിനോട് ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന 'ഹെഡ്‌മാസ്റ്റർ മാസിക' ഓഫീസും അതിന്‍റെ പ്രവർത്തനങ്ങളും പഠന കേന്ദ്രത്തിലേക്ക് മാറ്റി. മാസികാ മാനേജരായി തുടർന്നത് പി.എൻ.കെ. ആയിരുന്നുവെങ്കിലും ടി.കെ. അതിന്‍റെ സർക്കുലേഷൻ മാനേജർ എന്ന നിലയിൽ പ്രവർത്തനത്തിൽ മുഖ്യ പങ്കു വഹിച്ചുകൊണ്ട് പ്രവർത്തിച്ചിരുന്നു.
സംസ്ഥാന നിർവാഹകസമിതി ടി.കെ. യെ പഠന ഗവേഷണകേന്ദ്രം മാനേജരായും നിയോഗിച്ചു. കൂടാതെ ടി.ശ്രീധരൻ ചോമ്പാലയെ പഠന ഗവേഷണകേന്ദ്രത്തിൻ്റെ ഡയറക്ടറായും നിയമിച്ചു. കേരളത്തിൻ്റെ പല ഭാഗത്തുമുള്ള പ്രധാനാധ്യാപകരും അധ്യാപകരും അവരുടെ സർവീസ് പ്രശ്‌നങ്ങളുമായി നിരന്തരം പഠനകേന്ദ്രത്തിൽ എത്തിക്കൊണ്ടേയിരുന്നു. ഓഡിറ്റ് ഒബ്‌ജക്‌ഷന് വിധേയമായി ആയിരക്കണക്കിന് രൂപ മടക്കി അടക്കാൻ വിധിക്കപ്പെട്ടവർ അവരുടെ മനസ്സിൻ്റെ വിങ്ങലോടെ പഠനകേന്ദ്രത്തിലെത്തുകയും, ടി.കെ. യുടെ ആശ്വാസ വാക്കുകൾ കേട്ട്, സർക്കാർ ഉത്തരവുകളും ചട്ടങ്ങളും ഉദ്ധരിച്ച് മറുപടി എഴുതി വാങ്ങിയശേഷം അവർ ആനന്ദത്താൽ കണ്ണു നിറഞ്ഞ് മടങ്ങിപ്പോകുന്നതും അവിടെ നിത്യസംഭവങ്ങളാണ്. അധ്യാപകരുടെ അഭയകേന്ദ്രം എന്ന വിശേഷണം ഇവിടെ തികച്ചും അന്വർത്ഥമാവുകയാണ്. പ്രധാനാധ്യാപകരുടെയും അധ്യാപകരുടെയും സർവീസ് പ്രശ്‌നങ്ങൾ പരിഹരിച്ചു കൊടുക്കുന്നതിനായി ടി.ശ്രീധരൻ ചോമ്പാലയും മിക്ക ദിവസങ്ങളിലും പഠന കേന്ദ്രത്തിൽ എത്തുമായിരുന്നു.
ആരോഗ്യകാരണങ്ങളാൽ മാസികാ മാനേജരായ ശ്രീ.പി.എൻ.കെ.നായർ വിരമിച്ചതിനെ തുടർന്ന് ശ്രീ.ടി.കെ. യെ മാസികാ മാനേജരായി നിയമിക്കുകയും അക്കാദമിക് കൗൺസിലിന്‍റെ മാനേജരായി പ്രവർത്തിച്ചിരുന്ന ശ്രീ.കെ.കെ.ഗംഗാധരൻ മാസ്റ്ററെ പഠന കേന്ദ്രത്തിന്‍റെ മാനേജരായി നിയമിക്കുകയും ചെയ്‌തു. ഗംഗാധരൻ മാസ്റ്റരും പഠനകേന്ദ്രത്തിലെത്തുന്നവരുടെ സർവീസ് പ്രശ്‌നങ്ങളിൽ സഹായിച്ചിരുന്നു. 2019 ജൂലായ് 19 ന് ടി. കെ.ഈ ലോകത്തോട് വിടപറയുന്നതുവരെ അദ്ദേഹം 'ഹെഡ്‌മാസ്റ്റർ മാസിക' മാനേജരായി തുടർന്നിരുന്നു. ടി.കെ. ജീവിച്ചിരിക്കുമ്പോൾതന്നെ അദ്ദേഹത്തിന്‍റെ ആരോഗ്യനില പരിഗണിച്ച് ശ്രീ.സി.എച്ച്.രാമചന്ദ്രൻ മാസ്റ്ററെ മാസികയുടെ പ്രവർത്തനങ്ങൾക്ക് സഹായിക്കാനായി നിയോഗിച്ചിരുന്നു. ടി.കെ.യുടെ വേർപാടിനെ തുടർന്ന് മാസി കയുടെ മാനേജർ സ്ഥാനത്തേക്ക് ശ്രീ.കെ.കെ.ഗംഗാധരൻ മാസ്റ്ററെ നിയമിക്കുകയും സർക്കുലേഷൻ മാനേജരായി സി.എച്ച്.രാമചന്ദ്രൻ മാസ്റ്ററേയും നിയമിക്കുകയുണ്ടായി. അവർ രണ്ടു പേരും തൽസ്ഥാനത്ത് ഇപ്പോഴും തുടരുകയാണ്. കൂടാതെ ടി.ശ്രീധരൻ ചോമ്പാലയും പഠനകേന്ദ്രം സ്ഥാപിച്ചതു മുതൽ അതിൻ്റെ ഡയറക്‌ടറായും തുടരുകയാണ്.
റഫറൻസ് പുസ്‌തകങ്ങളുടെ പ്രസിദ്ധീകരണം
കോഴിക്കോട് ഡി.ഡി.ഇ ശ്രീ കെ. വി. വിനോദ് ബാബു "A Guide Book of Important Orders on General Education" എന്ന പുസ്‌തകം പ്രകാശനം ചെയ്യുന്നു. |
1956 മുതൽ 1984 വരെ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകളുടെ സമാഹാരം 3 വാള്യങ്ങളിലായി സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. 1984 ന് ശേഷം അത്തരം ഒരു റഫറൻസ് പുസ്‌തകം സർക്കാർ പുറത്തിറക്കിയിട്ടില്ല. പല ഉത്തരവുകളും റഫറൻസിന് ലഭ്യമല്ലാത്തതിനാൽ ഉദ്യോഗസ്ഥവൃന്ദവും അധ്യാപകർ മൊത്തത്തിലും അക്ഷരാർത്ഥത്തിൽ ഇരുട്ടിൽ തപ്പുകയായിരുന്നു. പഠനകേന്ദ്രം നിലവിൽ വന്നതോടെ പ്രധാനാധ്യാപകർക്കും, അനധ്യാപകർക്കും മറ്റു അധ്യാപകർക്കും ആവശ്യമായി വരുന്ന മുഴുവൻ ഉത്തരവുകളും സമാഹരിച്ചുകൊണ്ടുള്ള ഒരു ഗൈഡ് ബുക്ക് പുറത്തിറക്കാൻ പഠന കേന്ദ്രം തീരുമാനമെടുത്തു. 1981 മുതൽ 2007 വരെയുള്ള ഉത്തരവുകളുടെ ഒരു സമാഹാരം, "A Guide Book of Important Orders on General Education" എന്ന പേരിൽ 2007 ൽ പുറത്തിറക്കി.
ടി.ശ്രീധരൻ ചോമ്പാല, ടി കുഞ്ഞിരാമൻ മാസ്റ്റർ, കെ.കെ ഗംഗാധരൻ മാസ്റ്റർ എന്നി വരുടെ രണ്ടു വർഷത്തെ കഠിന പ്രയത്നത്തിന്‍റെ ഫലമായാണ് ഈ ഒരു ബൃഹത്തായ പുസ്‌തകം തയ്യാറാക്കാൻ സാധിച്ചത്. ഇവരാണ് ഈ പുസ്‌തകത്തിൻ്റെ എഡിറ്റർമാർ. ശ്രീധരൻ ചോമ്പാല, താൻ അധ്യാപകനായി സേവനം ആരംഭിച്ചതു മുതൽ തൽപ്പര്യപൂർവ്വം സൂക്ഷിച്ചുവച്ച സർക്കാർ ഉത്തരവുകളുടെ ശേഖരം ഈ പുസ്‌തകത്തിൻ്റെ നിർമ്മാണത്തിന് വലിയൊരു മുതൽക്കൂട്ടായിരുന്നു. അതുകൊണ്ടുതന്നെ അധ്യാപകരുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിൽ നിന്നും പുറപ്പെടുവിച്ച പൊതു സ്വഭാവമുള്ള മിക്കവാറും എല്ലാ ഉത്തരവുകളും ഇതിൽ ഉൾപ്പെടുത്തുവാൻ കഴിഞ്ഞിട്ടുണ്ട്.
ഈ പുസ്‌തകത്തിൻ്റെ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് 22.കി.മീ അകലെ നിന്ന് യാത്ര ചെയ്‌ത് ശ്രീധരൻ ചോമ്പാല ഏകദേശം 2 വർഷക്കാലമായി നിരന്തരമായി പഠന ഗവേഷണ കേന്ദ്രത്തിൽ എത്തിയിരുന്നുവെങ്കിലും യാത്രാ ചെലവോ മറ്റെന്തെങ്കിലും തരത്തിലോ പഠനകേന്ദ്രത്തിൽ നിന്നോ സംഘടനയിൽ നിന്നോ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല. ശ്രീ.കെ.കെ ഗംഗാധരൻ മാസ്‌റ്റർ സ്വന്തം നിലയിൽ പഠനകേന്ദ്രത്തിൽ വച്ചു തയ്യാറാക്കിയ ഉച്ചഭക്ഷണവും ചായയും കഴിച്ചു കൊണ്ടാണ് ശ്രീധരൻ മാസ്റ്ററും ഗംഗാധരൻ മാസ്റ്ററും ഈ പുസ്‌തകത്തിൻ്റെ നിർമ്മാണ ജോലി നിർവഹിച്ചത്. അതുകൊണ്ടു തന്നെയാണ് A4 വലിപ്പത്തിൽ 1683 പേജും ഏകദേശം മൂന്നര കിലോഗ്രാം തൂക്കവുമുള്ള "A Guide Book of Important Orders on General Education" എന്ന പുസ്‌തകത്തിന്‍റെ ഒന്നാം വോള്യം അന്ന് 600 രൂപയ്ക്ക് വിതരണം ചെയ്യാൻ സാധിച്ചത്. ഇതിന്‍റെ പിന്നിൽ പ്രവർത്തിച്ചവരെല്ലാം യാതൊരു പ്രതിഫലവും പറ്റാതെയുള്ള സേവനമാണ് നൽകിയിരുന്നത്.
ശ്രീ മഞ്ചാളത്ത് പ്രഭാകരൻ മാസ്റ്റർക്കു പുറമെ, വിദ്യാഭ്യാസ വകുപ്പിൽ നിന്നും റിട്ടയർ ചെയ്ത സീനിയർ സൂപ്രണ്ട് ശ്രീ.ടി.കെ ഗോപാലകൃഷ്‌ണൻ നായർ, മേലടി ഉപജില്ല യിലെ കെ.പി.പി.എച്ച്.എ യുടെ സജീവ പ്രവർത്തകനായിരുന്ന കെ.പി ശങ്കരൻ മാസ്റ്റർ എന്നിവരുടെ സേവനങ്ങൾ പ്രത്യേകം സ്മരിക്കേണ്ടതാണ്.
മേലടി ഉപജില്ലയിൽ നിന്നും മറ്റു ഉപജില്ലകളിൽ നിന്നും സഹായത്തിനെത്തിയ കെ.പി.പി.എച്ച്.എ പ്രവർത്തകരുടെയും. കൂടാതെ ടി.കുഞ്ഞിരാമൻ മാസ്റ്റർ ഹെഡ്‌മാസ്റ്ററായിരുന്ന വാകയാട് എ.യു.പി സ്‌കൂളിലെ ശ്രീ. കുന്നത്ത് ശങ്കരൻ മാസ്റ്റർ ഉൾപ്പടെ ഒരു കൂട്ടം അധ്യാപകരുടെയും നിർലോഭമായ സഹായസഹകരണങ്ങൾ ഇതിൻ്റെ പൂർത്തീകരണത്തിനുണ്ടായിരുന്നു.
ശ്രീ.കെ.കെ ഗംഗാധരൻ മാസ്റ്ററുടെ മേൽ നോട്ടത്തിലാണ് ഇതിന്‍റെ ടൈപ്പ് സെറ്റിംഗ്‌സും പ്രിന്റ്റിംഗും നടന്നത്. ഹെഡ്‌മാസ്റ്റർ മാസികയുടെ അന്നത്തെ എഡിറ്ററും പ്രശസ്ത സാഹിത്യകാരനുമായ ശ്രീ. രാമചന്ദ്രൻ തിക്കോടിയാണ് ഈ പുസ്‌തകത്തിന്‍റെ അവതാരിക എഴുതിയത്.
05.09.2007ന് അധ്യാപകദിനത്തിൽ പഠന ഗവേഷണ കേന്ദ്രത്തിൽ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിൽ വച്ച് അന്നത്തെ കോഴിക്കോട് ഡി.ഡി.ഇ ആയിരുന്ന ശ്രീ.കെ. വി.വിനോദ് ബാബു ആണ് ഈ പുസ്‌തകത്തിൻ്റെ കോപ്പി ശ്രീ.ടി.കെ ഗോപാലകൃഷ്ണൻ നായർക്ക് നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചത്.
തുടർന്ന്, 4.7.2007 മുതൽ 1.4.2009 വരെ സർക്കാർ പുറത്തിറക്കിയ ഉത്തരവുകളുടെ സമാഹാരമായി ഈ പുസ്‌തകത്തിൻ്റെ വോള്യം II 2009ൽ പഠന ഗവേഷണ കേന്ദ്രം പുറത്തിറക്കി. പഠന ഗവേഷണ കേന്ദ്രത്തിൽ വച്ച് ശ്രീ.ടി കുഞ്ഞിരാമൻ മാസ്റ്ററാണ് ഇതിൻ്റെ പ്രകാശനകർമ്മം നർവഹിച്ചത്. അന്നത്തെ ജനറൽ സെക്രട്ടറിയായിരുന്ന ശ്രീമതി യു.നൂർനിസ ബീഗമാണ് ഇതിനു അവതാരിക എഴുതിയത്.
പിന്നീട് 2.4.2009 മുതൽ 6.8.2012 വരെയുള്ള ഉത്തരവുകളുടെ സമാഹാരമായ വോള്യം III, 2012ൽ പഠന ഗവേഷണ കേന്ദ്രം പുറത്തിറക്കി. 7.8.2012-ന് കോഴിക്കോട് കെ.എം.എ ഓഡിറ്റോറിയത്തിൽ വച്ച് അന്നത്തെ വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറിയായിരുന്ന ശ്രീ.പി.ഗോപൻ സാർ റിട്ടയേർഡ് എ.ഡി.പി.ഐ ആയിരുന്ന ശ്രീ.എൻ ത്യാഗരാജൻ സാറിന് "A Guide Book of Important Orders of General Education" Vol. III ൻ്റെ പ്രകാശന കർമ്മം നിർവഹിച്ചു. ടി.ശ്രീധരൻ ചോമ്പാല, ടി.കുഞ്ഞിരാമൻ മാസ്റ്റർ, കെ.കെ ഗംഗാധൻ മാസ്റ്റർ, മഞ്ചാളത്ത് പ്രഭാകരൻ മാസ്റ്റർ എന്നിവരാണ് രണ്ടും മൂന്നും വോള്യങ്ങളുടെ എഡിറ്റർമാർ. അന്നത്തെ ജനറൽ സെക്രട്ടറിയായിരുന്ന ശ്രീ.കെ പ്രദീപൻ മാസ്റ്ററാണ് മൂന്നാം വാള്യത്തിൻ്റെ അവതാരിക എഴുതിയത്. മൂന്നാം വാള്യത്തിൻ്റെ പ്രകാശന കർമ്മത്തോടൊപ്പം "സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭിക്കാനുള്ള കുട്ടികളുടെ അവകാശ ആക്‌ടും ചട്ടങ്ങളും" എന്ന വിഷയത്തെ ആധാരമാക്കി ഒരു സെമിനാറും നടത്തുകയുണ്ടായി. 2012 മുതൽ സജീവതലത്തിൽ കമ്പ്യൂട്ടർവൽക്കരണം വന്ന് ഉത്തരവുകൾ കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്ക്കുതുവയ്ക്കുന്ന സംവിധാനമുള്ളതിനാൽ പഠനകേന്ദ്രം നാലാം വാള്യം പുറത്തിറക്കാൻ മടിച്ചുനിന്നു. എന്നാൽ ഉത്തരവുകൾ പലർക്കും ലഭ്യമല്ലാത്ത സ്ഥിതിയുണ്ടായപ്പോൾ നാലാം വാള്യത്തിൻ്റെ ആവശ്യകത നിർബന്ധമായി. അതിൻ്റെ അടിസ്ഥാനത്തിൽ പഠനകേന്ദ്രം 4-ാം വാള്യത്തിൻ്റെ പണിപ്പുരയിലാണുള്ളത്.
"A Guide Book of Important Orders on General Education -3 " റിട്ട.എ.ഡി.പി.ഐ ശ്രീ. എൻ.ത്യാഗരാജൻ സാറിന് നൽകി പ്രകാശനം ചെയ്യുന്നു |
റിപ്പോർട്ടുകൾ, ചർച്ചകൾ, സെമിനാറുകൾ
ഓരോ ശമ്പള പരിഷ്കരണ റിപ്പോർട്ടുകൾ സർക്കാർ പുറത്തുവിടുമ്പോഴും പഠന കേന്ദ്രം അതിന്മേൽ സമഗ്രമായി ചർച്ച ചെയ്‌ത് കൃത്യസമയത്തുതന്നെ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാറുണ്ട്. സി.പി.നായർ അധ്യക്ഷനായ കെ.ഇ.ആർ പരിഷ്കരണ റിപ്പോർട്ട് വന്നപ്പോഴും അതു ചർച്ച ചെയ്‌തുകൊണ്ട് വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകി. ദൗർഭാഗ്യമെന്നു പറയട്ടെ ആ റിപ്പോർട്ട് ഇന്നുവരെ സർക്കാർ നടപ്പാക്കിയിട്ടില്ല. വിദ്യാഭ്യാസ അവകാശ നിയമവും അതിന്മേലുള്ള ചട്ടങ്ങളും പുറത്തുവന്നപ്പോൾ, അതിനെ അടിസ്ഥാനമാക്കി പഠനകേന്ദ്ര സെമിനാർ നടത്തുകയും ചട്ടങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള സമഗ്രമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.
വിദ്യാഭ്യാസ ഡയറക്‌ടർ സ്‌കൂൾ മാനലിൻ്റെ കരട് രൂപം പുറത്തുവിട്ടപ്പോൾ അത് പഠനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ റിസോഴ്‌സ് ഗ്രൂപ്പ് വിശദമായി ചർച്ച ചെയ്ത് ആവശ്യമായ നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. ഖാദർ കമ്മിറ്റിയുടെ ആദ്യ റിപ്പോർട്ട് പുറത്തുവന്നപ്പോഴും അതിലെ ഓരോ അധ്യായവും റിസോഴ്സ് ഗ്രൂപ്പ്, ഗ്രൂപ്പ് തിരിഞ്ഞ് ചർച്ച ചെയ്‌തു ക്രോഡീകരിച്ചുള്ള ഒരു സമഗ്ര റിപ്പോർട്ടും സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
ഇവയെല്ലാറ്റിനും പുറമെ സർക്കാർ അതാതു കാലത്ത് പുറപ്പെടുവിക്കുന്ന ഉത്തരവുകളെപ്പറ്റി വിശദമായി ചർച്ച ചെയ്യുകയും അതിൻ്റെ ന്യൂനതകളും കൂടാതെ അതിലടങ്ങുന്ന അധ്യാപകർക്ക് ദോഷകരമായി ഭവിക്കുന്ന കാര്യങ്ങളും ചൂണ്ടിക്കാണിച്ച്, അവ തിരുത്താൻ വേണ്ടിയുള്ള നിരവധി നിവേദനങ്ങൾ പഠനകേന്ദ്രം കെ.പി.പി.എച്ച്.എ. ജനറൽ സെക്രട്ടറി വഴി സർക്കാരിന് സമർപ്പിക്കുകയും പരിഹാരം തേടുകയും ചെയ്തിട്ടുണ്ട്.
സർവീസ് നിയമ സഹായം തേടി പഠനകേന്ദ്രത്തിലെത്തുന്നവർക്ക് ആവശ്യമായ നിയമസഹായവും കൂടാതെ ആവശ്യമായ ഉത്തരവുകളുടെ പകർപ്പും പഠനകേന്ദ്രം നൽകി വരുന്നുണ്ട്. ഓഡിറ്റ് ഓബ്‌ജക്‌ഷൻ്റെ കുരുക്കിൽ പെട്ടവരും, സർവീസ് പ്രശ്‌നങ്ങളാൽ പ്രയാസപ്പെടുന്നവരും പലതരത്തിലുള്ള ശമ്പള നിർണയ അപാകങ്ങളാലും നൂറുകണക്കിനാളുകൾ പഠനകേന്ദ്രത്തിലെത്താറുണ്ട്. നോഷണൽ ഫിക്സേഷൻ ഓപ്ഷൻ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് സംഘടന നേടിയെടുത്തപ്പോൾ സംസ്ഥാനത്ത് നിരവധി പ്രധാനഅധ്യാപകർക്ക് ശമ്പളത്തിൽ പതിനായിരക്കണക്കിന് രൂപയുടെ വർദ്ധനവായിരുന്നു ഉണ്ടായിരുന്നത്. ഇവരൊക്കെ തന്നെ പഠന ഗവേഷണ കേന്ദ്രത്തിൽ എത്തിയാണ് ശമ്പള നിർണയ സ്റ്റേറ്റ്‌മെന്‍റുകൾ സൗജന്യമായി തയ്യാറാക്കി വാങ്ങിച്ചത്.
റിട്ടയർ ചെയ്യാറാകുമ്പോഴുള്ള സർവീസ് ബുക്ക് പരിശോധനയിൽ കണ്ടെത്തുന്ന അപാകങ്ങളുടെ പട്ടികയുമായി പഠനകേന്ദ്രത്തിൽ എത്തുന്നവരും നിരവധിയാണ്. ഇതിനും പുറമെ ഫോൺ വഴിയും വാട്‌സാപ് വഴിയും പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നവരും ഒത്തിരിയുണ്ട്. യാതൊരു പ്രതിഫലവും പറ്റാതെ, ഇവരുടെ ദുഃഖങ്ങൾ സ്വന്തം ദുഃഖം പോലെ ഏറ്റെടുത്ത് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആത്മാർത്ഥമായി ശ്രമിക്കാറുള്ള ആചാര്യനായ ടി.കെ. യുടെയും പഠനകേന്ദ്രം ഡയറക്‌ടറായ ശ്രീധരൻ ചോമ്പാലയുടെയും മാനേജരായ കെ.കെ.ഗംഗാധരൻ മാസ്റ്റരുടെയും മാസികയുടെ എഡിറ്ററായിരുന്ന എം.പ്രഭാകരൻ മാസ്റ്റരുടെയും സേവനങ്ങൾ എന്നും അധ്യാപക സമൂഹം ഓർക്കുകതന്നെ ചെയ്യും.
പഠനഗവേഷണ കേന്ദ്രത്തിൻ്റെ നവീകരണം
നാഷണൽ ഹൈവേയുടെ വികസനത്തിൻ്റെ ഭാഗമായി സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ പഠന ഗവേഷണകേന്ദ്രത്തിൻ്റെ മുൻഭാഗത്തെ പോർച്ച് ഉൾപ്പെടെയുള്ള 4.2 സെൻ്റെ് സ്ഥലവും ഉൾപ്പെട്ടിരുന്നു. അതിനുള്ള നഷ്ടപരിഹാരമായി സംഘടനക്ക് 29,58,542/- രൂപ ലഭിച്ചെങ്കിലും പഠനകേന്ദ്രത്തിൻ്റെ മുൻഭാഗത്തെ പോർച്ച് പൊളിച്ചുനീക്കിയതോടുകൂടി അതിൻ്റെ മുൻഭാഗം ഏറെക്കുറെ വികൃതമായതുപോലെ തോന്നി. നിലവിലുള്ള കെട്ടിടത്തിൻ്റെ മുൻഭാഗത്തെ പോർച്ചിൻ്റെ ഇരുവശങ്ങളിൽ നിന്നും കെട്ടിടത്തിൻ്റെ ഒന്നാം നില യുടെ മുകൾഭാഗം തൊട്ടുകൊണ്ടുള്ള ഏകദേശം 10 മീറ്ററിലധികം ഉയരം വരുന്ന വൃത്താകൃതിയിൽ പ്രത്യേകമായി ഡിസൈൻ ചെയ്‌ത ഇരട്ടത്തുണുകളും ആ തൂണുകൾ ചേർത്തു കൊണ്ടുള്ള പാരപ്പറ്റും കൂടാതെ അതിന്മേൽ എഴുതിയ സ്ഥാപനത്തിൻ്റെ പേരുമെല്ലാം ചേർന്നു വരുമ്പോഴുള്ള ആ കാഴ്‌ച ഹൈവേയോടു തൊട്ടുകിടക്കുന്ന മറ്റു കെട്ടിടങ്ങളിൽ നിന്നും ഈ കെട്ടിടത്തെ വ്യത്യസ്‌തമാക്കിയിരുന്നു. ഗുരുവായൂർ കേശവൻ്റെ തലയെടുപ്പോടുകൂടി, പ്രൗഢിയോടെ തലയുയർത്തിനിൽക്കുന്ന ആ കെട്ടിടത്തിൻ്റെ മുൻഭാഗം ഒരിക്കൽ കണ്ടവരാരും മറക്കാനിടയില്ല. അതായിരുന്നു ആ കെട്ടിടത്തിൻ്റെ ഐഡന്റിറ്റി. എന്നാൽ അതിൻ്റെ മുൻഭാഗം പൊളിച്ചുനീക്കേണ്ടിവന്നതോടുകൂടി നിർബന്ധമായും ആ കെട്ടിടം നവീകരിക്കേണ്ട അവസ്ഥയും സംജാതമായി.
22-05-2021 ന് നിലവിലുള്ള പഠന ഗവേഷണകേന്ദ്രം കമ്മിറ്റിയുടെ യോഗം സംസ്ഥാന പ്രസിഡണ്ട് ശ്രീ.കൃഷ്‌ണപ്രസാദിൻ്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ശ്രീ.സുനിൽകുമാർ വിളിച്ചുചേർത്ത് നവീകരണത്തെപ്പറ്റി ചർച്ച ചെയ്‌തു അതിൻ്റെ ഒരു രൂപരേഖ തയ്യാറാക്കി. അതു സംസ്ഥാന കൗൺസിൽ മുമ്പാകെ വെക്കുകയും നിർമാണ ചെലവിലേക്ക് ഒരംഗം കുറഞ്ഞത് 2000 രൂപയെങ്കിലും സംഭാവന ചെയ്യണമെന്നും അംഗങ്ങളോട് അഭ്യർത്ഥിക്കാൻ തീരുമാനമെടുത്തു. തുടർന്ന് സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് അതിൻ്റെ നവീകരണ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും സംസ്ഥാന പ്രസിഡണ്ട് കൃഷ്‌ണപ്രസാദ് ചെയർമാനായും ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ കൺവീനറായും ശ്രീ.കെ. കെ.ഗംഗാധരൻ മാസ്റ്റർ നിർമാണ കമ്മിറ്റി കൺവീനറായും കെ.എ.ബെന്നി ട്രഷററായും മനോജൻ വടകര ജോയിൻ്റ് കൺവീനറായും ടി.ശ്രീധരൻ ചോമ്പാല, ഷാജി.പി.വി, ശ്രീജ. കെ.കെ. ഇ.എം.പത്മിനി, അനിൽ കുമാർ, അബ്‌ദുൾസലാം എന്നിവർ അംഗങ്ങളുമായുള്ള ഒരു കമ്മിറ്റി രൂപീകരിച്ചു.
കെട്ടിടത്തിൻ്റെ സുരക്ഷിതത്വം കണക്കിലെടുത്തു കമ്മിറ്റി തീരുമാനപ്രകാരം 04-10-2021 നു കമ്മിറ്റിയുടെ മേൽനോട്ടത്തിൽ തന്നെ പോർച്ച് പൊളിച്ചുനീക്കി. നവീകരണ പ്രവർത്തന കമ്മിറ്റി വിശദമായ പ്ലാൻ തയ്യാറാക്കി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ എഗ്രിമെൻ്റ് പ്രകാരം പണി ഏല്‌പിച്ചു. 24-05-2022 ന് നവീകരണ ആരംഭിച്ചു. സോളാർ പാനൽ സ്ഥാപിക്കൽ, ഓഡിറ്റോറിയത്തിലും മുറികളിലും AC ഫിറ്റ് ചെയ്യൽ, ഡൈനിംഗ് ഹാളിൽ ടൈൽസ് വെക്കൽ, അടുക്കളയുടെ മറ്റു നവീകരണ പ്രവർത്തനങ്ങൾ ബാത്റൂമുകളിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കൽ തുടങ്ങിയവ മറ്റും കമ്മിറ്റി നേരിട്ട് ഏറ്റെടുത്തു നടത്തുകയാണുണ്ടായത്. നവീകരണ പ്രവർത്തനങ്ങൾ, നിലവിലുള്ളവയുടെ റിപ്പേർ എന്നിവയുൾപ്പെടെയുള്ള ജോലിക്കായി ഏകദേശം 87 ലക്ഷത്തിൽപരം രൂപയുടെ ചെലവു വന്നിട്ടുണ്ട്.
നവീകരണ ഫണ്ടിലേക്ക് സംഭാവനയ്ക്കായി അഭ്യർത്ഥിച്ചുകൊണ്ട് ജനറൽ സെക്രട്ടറി എല്ലാവർക്കും നിരന്തരമായി വാട്‌സാപ്പ് സന്ദേശം അയച്ചുകൊണ്ടിരുന്നു. പഠന ഗവേഷണകേന്ദ്രത്തിൻ്റെ നവീകരണത്തിൻ്റെ അനിവാര്യത ഉൾക്കൊണ്ട അംഗങ്ങൾ ഫണ്ട് ശേഖരണത്തിനായി നല്ല നിലയിൽ സഹകരിച്ചു. ഇപ്പോഴത്തെ എഡിറ്റർ ശ്രീ.നാഗദാസ് ഒരു മാസത്തെ ശമ്പളം മുഴുവൻ (93793) രൂപ നവീകരണ ഫണ്ടിലേക്ക് സംഭാവന ചെയ്യുകയുണ്ടായി. കൂടാതെ സംഘടനയുടെ മുൻ വനിതാഫോറം കൺവീനറും മുൻ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി കൂടിയായിരുന്ന ലേഖ ടീച്ചർ നിർമാണഫണ്ടിലേക്ക് 50,000/- രൂപ സംഭാവന നൽകിയിട്ടുണ്ട്. ഹെഡ്‌മാസ്റ്ററല്ലാത്ത, ഒരധ്യാപകൻ പോലുമല്ലാത്ത, ഹെഡ്‌മാസ്റ്റർ മാസികയുടെ ഒരു വരിക്കാരനും വായനക്കാരനുമായ ശ്രീ.കെ.കെ ബഷീർ മറ്റത്തൂർ (മലപ്പുറം ജില്ല) എന്നയാൾ നവീകരണവിവരം മാസികയിലൂടെ അറിഞ്ഞ് അതിൻ്റെ ഫണ്ടിലേക്കായി 10,000/- രൂപ നൽകിയതും നമ്മൾ നന്ദിയോടെ ഓർക്കുന്നു. കെ.പി.പി.എച്ച്.എ യുടെ എല്ലാ ഘടകങ്ങളിലുമുള്ള ഭാരവാഹികളും പ്രവർത്തകരും അംഗങ്ങളും മനസ്സ് തുറന്നുള്ള സംഭാവന നൽകിയതുവഴി നവീകരണ പ്രവർത്തനങ്ങൾ ഭംഗിയായി പൂർത്തിയാക്കാൻ കഴിഞ്ഞു. ഇതിനായി സംഭാവന നൽകി സഹകരിച്ച എല്ലാവരെയും നന്ദിപൂർവ്വം ഓർക്കുന്നു.
സംസ്ഥാന നേതൃത്വത്തിൻ്റെ, പ്രത്യേകിച്ച് ജനറൽ സെക്രട്ടറി ശ്രീ.ജി.സുനിൽകുമാറിൻ്റെ പ്രവർത്തനങ്ങളിലുള്ള അംഗങ്ങളുടെ മതിപ്പും സംതൃപ്തിയും അംഗങ്ങൾക്ക് സംഘടനാ നേതൃത്വത്തിലുള്ള വിശ്വാസവും, മാത്രമല്ല, അവരുടെ ഏതു പ്രശ്‌നങ്ങളിലും വിഷമതകളിലും അതു പരിഹരിക്കുന്നതിനായി സംഘടന കൂടെയുണ്ടെന്ന ഉറച്ച വിശ്വാസവും ഒന്നുകൊണ്ടുമാത്രമാണ് പഠനകേന്ദ്ര നവീകരണത്തിൻ്റെ ഫണ്ടിലേക്കുള്ള സംഭാവന ആവശ്യപ്പെട്ടപ്പോൾ ഏതാനും ആഴ്‌ചക്കകം തന്നെ ഗൂഗിൽ-പേ വഴി ആവശ്യമായത്ര തൂക സമാഹരിക്കാൻ സാധിച്ചത്. കെ.പി.പി.എച്ച്.എ അംഗങ്ങൾ ഈ സംഘടനയെയും പഠന കേന്ദ്രത്തെയും നെഞ്ചിലേറ്റിയിട്ടുണ്ട് എന്നതിനു തെളിവു കൂടിയാണിത്. കോവിഡ് കാലഘട്ടത്തിൽ ഒരു മെമ്പറെയും നേരിൽ പോയി കാണാതെ വാട്‌സ്ആപ്പ് മെസേജിലൂടെയുള്ള അഭ്യർത്ഥനയിലൂടെ മാത്രം 80 ലക്ഷം രൂപ സമാഹരിച്ചത് സംഘടനയുടെ ചരിത്രത്തിലെ അഭിമാന നേട്ടമാണ് മറ്റൊരു സംഘടനയ്ക്കും നേടാൻ കഴിയാത്ത അസൂയാർഹമായ നേട്ടം.
2023 മെയ് ആദ്യവാരത്തോടുകൂടി നവീകരണ ജോലികൾ മുഴുവൻ പൂർത്തിയായി. അതിൻ്റെ മുൻഭാഗം അതിമനോഹരമാക്കാൻ നമുക്ക് കഴിഞ്ഞു. ഹൈവേയിലൂടെ തെക്കോട്ടും വടക്കോട്ടും കടന്നുപോകുന്ന യാത്രക്കാർ ഒരു നിമിഷമെങ്കിലും കണ്ണടക്കാതെ നോക്കുന്നത് ആകർഷണീയതയും മനോഹാരിതയുമാണ് നവീകരിച്ച പഠന ഗവേഷണ കേന്ദ്രത്തിനുള്ളത്. കേരളത്തിലെ മറ്റൊരു അധ്യാപക സംഘടനക്കും ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം പടുത്തുയർത്താൻ കഴിഞ്ഞിട്ടില്ല. സംഘടനയുടെ കരുത്തായി പ്രവർത്തിക്കുന്നത് ഈ സ്ഥാപനമാണ്. സംഘടനയുടെ ഊർജത്തിൻ്റെ ഉറവിടവും ഈ സ്ഥാപനമാണ്. ശ്രീ.കൃഷ്ണപ്രസാദ് (പാലക്കാട്) പ്രസിഡണ്ടും, ജനറൽ സെക്രട്ടറി ശ്രീ.ജി.സുനിൽകുമാർ (കൊല്ലം) കെ.എ.ബെന്നി (തൃശൂർ) ട്രഷറർ എന്നിവർ ഉൾപ്പെട്ട 2022-23 ലെ സംസ്ഥാന കമ്മിറ്റിക്കാണ് സംസ്ഥാന പഠന ഗവേഷണകേന്ദ്രത്തിൻ്റെ നവീകരണത്തിനുള്ള നിയോഗമുണ്ടായത്.
നവീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം ബഹു:കൃഷിവകുപ്പ് മന്ത്രി ശ്രീ പി.പ്രസാദ് നിർവഹിച്ചു.
KPPHA നവീകരിച്ച കെട്ടിടം |
നവീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം 2023 മെയ് 16 ന് നടത്തുവാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഇതിനായി ബഹു: കൃഷി വകുപ്പ് മന്ത്രി ശ്രീ.പി.പ്രസാദിനെ ക്ഷണിക്കുകയും ആ ക്ഷണം അദ്ദേഹം സ്വീകരിക്കുകയും ചെയ്തു.
നവീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം ബഹുകൃഷിവകുഷ് മന്ത്രി ശ്രീ പി.പ്രസാദ് നിർവഹിക്കുന്നു |
2023 മെയ് 16 ന് ഉച്ചയ്ക്ക് 3 മണിക്ക് നടന്ന ചടങ്ങിൽ നവീകരിച്ച വിദ്യാഭ്യാസ പഠന ഗവേഷണ കേന്ദ്രം ബഹു: കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ശിങ്കാരി മേളം ഉൾപ്പടെയുള്ള വാദ്യഘോഷങ്ങളാൽ നിറപ്പകിട്ടേറിയ ഉദ്ഘാടന ചടങ്ങിൽ 300ൽ പരം ഹെഡ്‌മാസ്റ്റർമാരും കൂടാതെ റിട്ടയർ ചെയ്‌ത നിരവധി കെ.പി.പി.എച്ച്.എ അംഗങ്ങളും പങ്കെടുത്തിരുന്നു. കെ.പി.പി.എച്ച്.എ അംഗങ്ങളല്ലെങ്കിലും എന്നും സംഘടനയുടെ സഹയാത്രികരും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സുപ്രണ്ടുമാരായിരുന്ന ശ്രീ.ആർ. മുരളി, ശ്രീ, കല്ലിയൂർ ഗോപാലകൃഷ്‌ണൻ എന്നിവരും ഈ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്തുനിന്നും ആവേശപൂർവം പഠനകേന്ദ്രത്തിലെത്തിയിരുന്നു.
കേരള വിദ്യാഭ്യാസ ചരിത്രത്തിൽ വേറിട്ട സംഭാവനകൾ നൽകിയ ഒരു മഹത്തായ സംഘടനയാണ് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്‌മാസ്റ്റേഴ്‌സ് അസോസിയേഷൻ എന്ന് ബഹു: കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് അഭിപ്രായപ്പെട്ടു. ത്യാഗോജ്ജ്വലമായ പ്രവർത്തന ങ്ങളിലൂടെ സംഘടനയെ കെട്ടിപ്പടുത്ത ടി.കുഞ്ഞിരാമൻ മാസ്റ്റർ ഉൾപ്പടെയുള്ള നേതാക്കളുടെ പ്രവർത്തന പാരമ്പര്യമുള്ള സംഘടനയാണ് കെ.പി.പി.എച്ച്.എ എന്നും അദ്ദേഹം പറഞ്ഞു. ടി.കെ. സംഘടനക്കും സമൂഹത്തിനും നൽകിയ സംഭാവനകളെ മന്ത്രി പ്രകീർത്തിച്ചു. സംസ്ഥാന പ്രസിഡണ്ട് ശ്രീ.കൃഷ്‌ണപ്രസാദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ സ്വാഗതം ആശംസിച്ചു.
ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ സ്വാഗത പ്രസംഗം നടത്തുന്നു |
സംസ്ഥാന പ്രസിഡണ്ട് പി കൃഷ്ണപ്രസാദ് അധ്യക്ഷത വഹിക്കുന്നു. |
ഡയറക്ടർ ടി.ശ്രീധരൻ ചോമ്പാല പഠനകേന്ദ്രത്തിൻ്റെ ചരിത്രത്തിൻ്റെ നാൾവഴികൾ വിശദീകരിച്ചു. നിർമാണ കമ്മിറ്റി കൺവീനർ കെ.കെ.ഗംഗാധരൻ മാസ്റ്ററെയും നിർമാണം നിർവഹിച്ച് യു.എൽ.സി.സി. ചെയർമാൻ രമേശൻ പാലേരി എന്നിവരെയും ബഹുമാനപ്പെട്ട മന്ത്രി ചടങ്ങിൽ വച്ച് ആദരിച്ച് ഉപഹാരങ്ങൾ നൽകി. കെ.പി.പി.എച്ച്.എ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. ശ്രീധരൻ, വൈസ് പ്രസിഡണ്ട് കെ. നരേന്ദ്രബാബു, ഹെഡ്‌മാസ്റ്റർ മാസികയുടെ അസോസിയേറ്റ് എഡിറ്റർ ശ്രീ എസ്.നാഗദാസ്, നിർമാണക്കമ്മിറ്റി കൺവീനർ കെ.കെ.ഗംഗാധരൻ വനിതാഫോറം സംസ്ഥാന കൺവീനർ ജയമോൾ മാത്യു. മുൻ സംസ്ഥാന ഭാരവാഹികളായ രാജു മാത്യു, പി.പി.ലേഖ, എം.ടി.ആൻ്റണി, കെ.കെ.ശ്രീജ, യു.എൽ.സി.സി.ഡയറക്‌ടർ ബോർഡ് അംഗം എം.പത്മനാഭൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.സി.അബ്‌ദുസ്സലാം എല്ലാവർക്കും നന്ദി പറഞ്ഞു.
ബഹു: കൃഷി വകുപ്പ് മന്ത്രി ശ്രീ പി പ്രസാദ് നിർമാണ കമ്മിറ്റി കൺവീനർ കെ.കെ.ഗംഗാധരൻ മാസ്റ്ററെ ഉപഹാരം നൽകി ആദരിക്കുന്നു |
ബഹു: കൃഷി വകുപ്പ് മന്ത്രി ശ്രീ പി പ്രസാദ് പഠനഗവേഷണ കേന്ദ്രം ഡയറക്ടർ ടി.ശ്രീധരൻ ചോമ്പാലക്ക് ഉപഹാരം നൽകി ആദരിക്കുന്നു |
നവീകരിച്ച പഠന ഗവേഷണകേന്ദ്രത്തിൽ വച്ച് സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട്, സർവീസ് സംബന്ധമായ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഡപ്‌ത് കോഴ്‌സ് 2023 ജൂൺ 10 ന് ടി.ശ്രീധരൻ ചോമ്പാല ഉദ്ഘാടനം ചെയ്‌തു. ആർ.മുരളി, ടി. ശ്രീധരൻ ചോമ്പാല, ജി.സുനിൽ കുമാർ, ടി.അനിൽ കുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ 10, 11 തിയ്യതികളിലായി ക്ലാസെടുത്തു.
ടി.കെ യുടെ ചരമദിനമായ ജൂലായ് 19 ന് വൈകുന്നേരം പഠന ഗവേഷണ കേന്ദ്രത്തിൽ വെച്ച് ടി.കുഞ്ഞിരാമൻ മാസ്റ്റർ അനുസ്‌മരണ സമ്മേളനം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാറാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
2023-24 അധ്യയനവർഷത്തെ കെ.പി.പി.എച്ച്.എ സംസ്ഥാന പഠനക്യാമ്പ് ഒക്ടോബർ 13 മുതൽ 15 വരെ പഠനഗവേഷണ കേന്ദ്രത്തിൽ വച്ചു നടന്നു. പഠനഗവേഷണ കേന്ദ്രം ഡയറക്ടർ ടി.ശ്രീധരൻ ചോമ്പാല ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡണ്ട് പി.കൃഷ്‌ണപ്രസാദ് ആധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ സ്വാഗതവും പറഞ്ഞു. പഠനക്ലാസുകളിലൂടെ അറിവ് പകർന്ന് പ്രഥമാധ്യാപകരെ കരുത്തരാക്കുക എന്നതാണ് കേരളാ പ്രൈവറ്റ് പ്രൈമറി ഹെഡ്‌മാസ്റ്റേഴ്‌സ് അസോസിയേഷൻ്റെ പ്രഥമ ലക്ഷ്യമെന്ന ടി. ശ്രീധരൻ ചോമ്പാല തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ അംഗങ്ങളെ ഓർമപ്പെടുത്തി. പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റിലെ സൂപ്രണ്ടുമാരായിരുന്ന ആർ.മുരളി, കല്ലിയൂർ ഗോപാലകൃഷ്‌ണൻ, എന്നിവരും സ്‌പാർക്ക് എക്സ്പേർട്ട് ആയ ബിജുവും സംസ്ഥാന ജോ.സെക്രട്ടറി കെ.ശ്രീധരനും മുൻ സംസ്ഥാന അസിസ്റ്റന്റ്റ് സെക്രട്ടറിയായിരുന്ന പി.വേണുഗോപാലൻ മാസ്റ്റരും കൂടാതെ പഠനകേന്ദ്രം ഡയറക്‌ടർ ടി.ശ്രീധരൻ ചോമ്പാലയും, ജനറൽ സെക്രട്ടറി ജി.സുനിൽ കുമാറും വിവിധ വിഷയങ്ങളിലുള്ള ക്ലാസുകൾ നയിച്ചു.
കെ.പി.പി.എച്ച്.എ യുടെ ആചാര്യനും മുൻ ജനറൽ സെക്രട്ടറിയും പഠന ഗവേഷണ കേന്ദ്രത്തിൻ്റെ സ്ഥാപകനുമായ ടി.കുഞ്ഞിരാമൻ മാസ്റ്റർ കൊളുത്തിയ വിജ്ഞാനത്തിൻ്റെ പ്രഭ ചൊരിയുന്ന ദീപശിഖ ഒരിക്കലും അണയാതെ തലമുറ തലമുറ കൈമാറി ക്കൊണ്ട് ഇപ്പോഴും അതിൻ്റെ പ്രയാണത്തിലാണ്. ചരിത്രം ഒരിക്കലും എവിടെയും അവസാനിക്കുന്നില്ല. പുതിയ പുതിയ ചരിത്രങ്ങൾ സൃഷ്‌ടിച്ചുകൊണ്ട് അതിൻ്റെ പ്രയാണം തുടർന്നുകൊണ്ടേയിരിക്കും. കെ.പി.പി.എച്ച്.എ സംസ്ഥാന പഠന ഗവേഷണ കേന്ദ്രവും അതിന്റെ പുതിയ പുതിയ ചരിത്രങ്ങൾ സൃഷ്‌ടിച്ചുകൊണ്ടും, അധ്യാപക സമൂഹത്തിനു മാത്രമല്ല പൊതു സമൂഹത്തിനാകെയും നന്മമാത്രം നൽകിക്കൊണ്ട് പൂത്തുലഞ്ഞ് പരിമളം പരത്തുന്ന ഒരു നന്മമരമായി എന്നും വളരട്ടെ എന്ന് പ്രാർഥിക്കാം.