കെ.പി.പി.എച്ച്.എ. - സംസ്ഥാന വിദ്യാഭ്യാസ പഠന ഗവേഷണ കേന്ദ്രം പുറത്തിറക്കിയ 'A Guide Book of Important Order on General Education' രണ്ടും വോള്യങ്ങൾ തികഞ്ഞ സംതൃപ്തിയോടും സന്തോഷത്തോടും കൂടി സ്വീകരിച്ച് നിങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ. ഈ പുസ്തകങ്ങളുടെ ഗുണമേന്മയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമാണ് അതിന്‍റെ മൂന്നാം വോള്യം പുറത്തിറക്കാൻ ഞങ്ങൾക്കു പ്രേരകമായത്. നമ്മുടെ പഠന ഗവേഷണ കേന്ദ്രം പുറത്തിറക്കിയ പുസ്തകങ്ങൾ കൈവശമുള്ളവർക്ക് മറ്റുള്ളവയുടെ ആവശ്യമില്ലെന്ന ഒരു പൊതുധാരണ രൂപപ്പെട്ടു വരാനിടയാക്കിയത് ഇതിന്‍റെ ഗുണമേന്മയും സമഗ്രതയും കൊണ്ടാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു.
1984 മുതൽ 2007 വരെയുള്ള ഉത്തരവുകൾ ഒന്നാം വോള്യത്തിലും 2007 മുതൽ 2009 വരെയുള്ളവ രണ്ടാം വോള്യത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 2009 ഏപ്രിൽ മുതൽ 2012 ആഗസ്ത് വരെയുള്ള ഉത്തരവുകളാണ് ഇപ്പോൾ പ്രസിദ്ധീകരിക്കുന്ന മൂന്നാംവോള്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒന്നാം വോള്യത്തിൽ വിട്ടുപോയ ചില ഉത്തരവുകൾ രണ്ടാം വോള്യത്തിലും രണ്ടാം വോള്യത്തിൽ വിട്ടുപോയതും എന്നാൽ ഇപ്പോഴും പ്രസക്തമായിട്ടുള്ളതുമായ ചില ഉത്തരവുകൾ മൂന്നാം വോള്യത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
വിവിധ വിഷയങ്ങളെ ആസ്പദമാക്കി 45 അധ്യായങ്ങളിലായി ഏതു ഉത്തരവും അനായാസമായി കണ്ടുപിടിക്കാൻ പാകത്തിൽ വളരെ വ്യക്തമായ അനുക്രമണിയോടുകൂടിയാണ് ഈ പുസ്തകത്തിൽ ഉത്തരവുകൾ ക്രമീകരിച്ചിരിക്കുന്നത്. ഒരേ ഉത്തരവിൽ ഒന്നിലധികം വിഷയങ്ങൾ ഉൾക്കൊള്ളുന്ന ധാരാളം ഉത്തരവുകൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. അത്തരം ഉത്തരവുകളിലെ മുഖ്യപരാമർശം ഏതുവിഷയവുമായി ബന്ധപ്പെട്ടതാണോ ആ അധ്യായത്തിൽ ഉൾപ്പെടുത്തുകയല്ലാതെ ഒരേ ഉത്തരവ് ഒന്നിലധികം അധ്യായങ്ങളിൽ ഉൾപ്പെടുത്തുവാൻ നിർവാഹമില്ലെന്ന് അറിയിക്കട്ടെ, ഏതെങ്കിലും ഉത്തരവ് ആ വിഷയവുമായി ബന്ധപ്പെട്ട അധ്യായത്തിൽ കണ്ടെത്താനായില്ലെങ്കിൽ ആയത് ഈ പുസ്തകത്തിലില്ലെന്ന ധാരണയിലെത്താതെ ബന്ധപ്പെടാനിടയുള്ള മറ്റധ്യായങ്ങളിൽ കൂടി പരിശോധിച്ചു കണ്ടെത്താൻ ശ്രമിക്കുന്നതു നന്നായിരിക്കും.
ഏതൊരു ഹെഡ്മാസ്റ്റർക്കും ഒരു മികവുറ്റ ഹെഡ്മാസ്റ്ററായി പ്രവർത്തിക്കാൻ കഴിയണമെങ്കിൽ അതാതു കാലത്തു നിലവിലുള്ള സർക്കാർ ഉത്തരവുകളെക്കുറിച്ചുള്ള അറിവ് അനിവാര്യമാണ്, അധ്യാപകർക്കും പ്രധാനാധ്യാപകർക്കും മാത്രമല്ല, വിദ്യാഭ്യാസ ഓഫീസർമാർക്കും വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്കും അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിലുള്ളവർക്കും അഭിഭാഷകർക്കും സർവീസ് പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഏതൊരാൾക്കും ഈ പുസ്തകം പ്രയോജനപ്പെടുമെന്ന് ഞങ്ങൾ കരുതുന്നു.
അധ്യാപക വർഗത്തിനർഹമായ നീതി നിഷേധിക്കുമ്പോൾ പടവാളായും, അതേസമയം തന്നെ, അധ്യാപക ദ്രോഹ നടപടികളെ തടുക്കുവാനും ഈ പുസ്തകം പ്രയോജകീഭവിക്കുമെന്നു ഞങ്ങൾക്കുറപ്പുണ്ട്.ഓഡിറ്റ് തടസ്സം ഉൾപ്പെടെയുള്ള നിരവധി സർവീസ് പ്രശ്നങ്ങളിൽപ്പെട്ടു വന്ന ആയിരക്കണക്കിന് അധ്യാപകരെയും മറ്റു ജീവനക്കാരെയും യാതൊരുവിധ പ്രതിഫലവും പറ്റാതെ നയിച്ചുവരുന്നവരാണ് ഇതിന്‍റെ എഡിറ്റർമാർ. കൂടാതെ കെ.പി.പി.എച്ച്.എ. സംസ്ഥാന വിദ്യാഭ്യ പഠന ഗവേഷണ കേന്ദ്രവും സൗജന്യ സർവീസ് നിയമസഹായം ചെയ്തുവരുന്നുണ്ട്. നുറുകണക്കിന് അധ്യാപകരും ഇതര ജീവനക്കാരും അതിനായി പഠന ഗവേഷണ കേന്ദ്രത്തിൽ എത്തുന്നുളളതും പ്രത്യേകം പ്രസ്താവ്യമാണ്.
നിലവിലുള്ള സർക്കാർ ഉത്തരവുകളെക്കുറിച്ച് ശരിയായ അവബോധമില്ലാത്ത ഒട്ടനവധി ജീവനക്കാരെയും ഓഫീസ് മേധാവികളെയും നമുക്കു കാണാവുന്നതാണ്, ഉത്തരവുകളെക്കുറിച്ച് അവരുടെ അജ്ഞതമൂലം ദുരിതമനുഭവിക്കുന്ന നിരവധി അധ്യാപകരെയും അധ്യാപകേതര ജീവനക്കാരെയും നമുക്കു ചുറ്റും കാണാൻ കഴിയും. എവിടെ അധ്യാപകർക്ക് നീതി നിഷേധിക്കുന്നുവോ അവിടെ അതിനെതിരെ മുഖം നോക്കാതെ ഞങ്ങളുടെ തൂലിക ചലിപ്പിക്കാറുണ്ട്. വിദ്യാഭ്യാസ രംഗത്ത് സാർവത്രിക നീതി ഉറപ്പാക്കുക എന്ന ലക്ഷ്യസാക്ഷാത്കാരത്തിനുവേണ്ടിയുള്ള ബോധവൽക്കണ ഉപാധിയായി ഈ പുസ്തകത്തെയും ഞങ്ങൾ കാണുന്നു.
വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഏതൊരാൾക്കും വഴികാട്ടിയായി ഒരു വിളക്കുമാടം പോലെ സർവീസ് രംഗത്ത് വ്യക്തമായ ഒരു ദിശാബോധം നൽകുവാൻ ഏറെ പ്രയോജനപ്പെടുമെന്നുറച്ചുവിശ്വസിച്ചുകൊണ്ട് ഞങ്ങളീ മൂന്നാം വോള്യവും നിങ്ങൾക്കായി സമർപ്പിക്കുന്നു.
ടി. ശ്രീധരൻ ചോമ്പാല
ഡയരക്ടർ കെ.പി.പി.എച്ച്.എ. സംസ്ഥാന വിദ്യാഭ്യാസ പഠന ഗവേഷണ കേന്ദ്രം, അയനിക്കാട്
അയനിക്കാട്
10-07-2012
A Guide book of important orders on general education vol -3
ശ്രീ എന്‍ ത്യാഗരാജന് നല്‍കിക്കൊണ്ട് ശ്രീ പി ഗോപന്‍ പ്രകാശനം ചെയ്യുന്നു.