കെ പി പി എച്ച് എ യുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയായ സര്‍വ ശ്രീ പി.എ. റാഫേൽ മാസ്റ്റർ തൃശ്ശൂരിൽ പള്ളിപ്പുറം ആൻറണി മാസ്റ്ററുടെയും ഏലിയമ്മയുടെയും മൂന്നു മക്കളിൽ മൂത്തവനായി 1921 ഏപ്രിൽ മൂന്നാം തീയതി ജനിച്ചു. മാസ്റ്റർ പഠിച്ചത് തൃശ്ശൂർ സിഎംഎസ് ഹൈസ്കൂളിൽ ആയിരുന്നു. 1937 ൽ എസ്എസ്എൽസി പാസായ മാസ്റ്റർ ഒരു കൊല്ലം കഴിഞ്ഞാണ് ടി ടി സിക്ക് ചേർന്നത്.
1939 ൽ തൃശ്ശൂരിൽ തന്നെയുള്ള ഒരു പ്രൈമറി വിദ്യാലയത്തിൽ അധ്യാപകനായി. അടുത്തവർഷം ആ സ്കൂളിൽ തന്നെ ഹെഡ്മാസ്റ്റർ ആയി.ആ വിദ്യാലയം ഒരു സ്റ്റാഫ് മാനേജ്മെൻറ് വിദ്യാലയം ആയതിനാൽ ഹെഡ്മാസ്റ്ററും മാനേജരും മാസ്റ്റർ തന്നെയായി.ആ വിദ്യാലയത്തിന്റെ പേര് ജനകീയ പാഠശാല എന്നാക്കി മാറ്റി. അദ്ദേഹം അന്നത്തെ പ്രബല അധ്യാപക സംഘടനയായ സി എ പി ടി യിൽ പ്രവർത്തിച്ചു പോന്നു. അക്കാലത്താണ് ജോസഫ് മുണ്ടശ്ശേരി മാസ്റ്റർ,എൻ വി കൃഷ്ണവാരിയർ, പരേതനായ എൻ കെ ശേഷൻ എന്നിവരുമായി അടുത്ത ബന്ധം പുലർത്താൻ കഴിഞ്ഞത്. സിൽവർ ജൂബിലിക്ക് ശേഷം ആ സംഘടന പിരിച്ചു വിട്ടു. കേരളപ്പിറവിയോടെ കെ എ പി ടി യൂണിയൻ നിലവിൽവന്നു. മാസ്റ്റർ കുറച്ച് കൊല്ലം നിശബ്ദനായിരുന്നു. പിന്നീട് സമ്മർദ്ദങ്ങൾക്ക് വഴങ്ങി യൂണിയനിൽ ചേർന്നു.
അക്കാലത്താണ് ശമ്പള പരിഷ്കരണത്തിന് വേണ്ട ഉണ്ണിത്താൻ കമ്മീഷനെ നിയമിച്ചത്. ഉണ്ണിത്താൻ കമ്മീഷൻ പ്രൈമറി അധ്യാപകരുടെ ഗ്രേഡും പ്രൈമറി ഹെഡ്മാസ്റ്റർക്ക് ഒരു സ്പെഷ്യൽ ഗ്രേഡും നിശ്ചയിച്ചു. പ്രൈമറി ഹെഡ്മാസ്റ്റർമാർ സന്തോഷിച്ചു .പക്ഷേ ആ സന്തോഷം അധികകാലം നിലനിന്നില്ല .അന്നത്തെ നേതാക്കൾ ഹെഡ്മാസ്റ്റർ മാർക്കുള്ള സ്പെഷ്യൽ ഗ്രേഡ് ,15 കൊല്ലത്തെ സർവീസുള്ള എല്ലാവർക്കും ഉള്ള ഹയർ ഗ്രേഡ് ആക്കി മാറ്റി. ഈ നേട്ടത്തെ ഉദ്ഘോഷിക്കാൻ കെ എ പി ടി യൂണിയൻ ഒരു യോഗം വിളിച്ചുകൂട്ടി നേട്ടങ്ങളെ പുകഴ്ത്തി . മാസ്റ്റർ ആ യോഗത്തിൽ വെച്ച് നേട്ടത്തെ പ്രൈമറി ഹെഡ്മാസ്റ്റർ മാരുടെ കോട്ടമായും വൻ നഷ്ടമായും ശക്തിയുക്തം ചിത്രീകരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. മാസ്റ്ററുടെ പിന്നാലെ ഏതാനും ഹെഡ്മാസ്റ്റർമാരും പ്രതിഷേധിച്ച് ഇറങ്ങിപ്പോന്നു.
കെപിപിഎച്ച് എ യുടെ ജനനം..
ഇനിയെന്ത് ? മാസ്റ്റർ തലപുകഞ്ഞ് ആലോചിച്ചു .പിന്നെ അധികം താമസിയാതെ പത്ര ദ്വാരാ പരസ്യം ചെയ്ത്
തൃശ്ശൂരിൽ മെച്ച് പ്രധാന അധ്യാപകരുടെ ഒരു കൺവെൻഷൻ കേരള അടിസ്ഥാനത്തിൽ വിളിച്ചു. പ്രധാനാധ്യാപകർക്ക് ഒരു സംഘടന ഇല്ലാത്തതിനാൽ ആണ് സ്പെഷ്യൽ ഗ്രേഡ് നഷ്ടപ്പെട്ടത് എന്നും അതിനാൽ നഷ്ടപ്പെട്ട ഗ്രേഡ് നേടിയെടുക്കുന്നതിനും പ്രധാന അധ്യാപകന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കേരള അടിസ്ഥാനത്തിൽ പ്രധാന അധ്യാപകർക്ക് അവരുടേതായ ഒരു സംഘടന ഉണ്ടാവേണ്ടിയിരിക്കുന്നു എന്ന് മാസ്റ്റർ തറപ്പിച്ചു പറഞ്ഞു. അന്ന് കേരളത്തിൻറെ പല ഭാഗത്തുനിന്നും ആയി 357 പേർ യോഗത്തിൽ പങ്കെടുത്തു. അവർ എല്ലാവരും സംഘടന വേണമെന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. 1966 ഒക്ടോബർ 16ന് ഞായറാഴ്ച 12 മണിയോടെ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ - കെ പി പി എച്ച് എ - നിലവിൽ വന്നു .
തുടക്കത്തിലെ എതിർപ്പ് ..
യോഗസ്ഥലമായ സിഎംഎസ് ഹൈസ്കൂളിന്റെ പടിക്കൽ കെ എ പി യൂണിയന്റെ രണ്ട് തല മൂത്ത നേതാക്കൾ യോഗത്തിനു വരുന്നവരെ പിന്തിരിപ്പിക്കാൻ തയ്യാറായി നിന്നിരുന്നു. വിവരം അറിഞ്ഞ മാസ്റ്റർ അവരെ നയത്തിൽ വിളിച്ചുകൊണ്ടുവന്ന് യോഗത്തിൽ സംസാരിക്കാൻ അവസരം ഉണ്ടാക്കി കൊടുത്തു. പ്രൈമറി ഹെഡ്മാസ്റ്റർ മാർക്ക് പ്രത്യേകം ഒരു സംഘടന ആവശ്യമില്ലെന്നും യൂണിയൻ തന്നെ അവരുടെ കാര്യങ്ങൾ നോക്കുന്നതാണെന്നും അവർ പറഞ്ഞു.അന്നത്തെ യോഗത്തിനുശേഷം കേന്ദ്രകമ്മിറ്റി ഉണ്ടാക്കി സംഘടനയുടെ ആദ്യ പ്രസിഡന്റ് ശ്രീമാൻ.പി കെ കുട്ടികൃഷ്ണമേനോനും വൈസ് പ്രസിഡണ്ട് ശ്രീ കെ പ്രഭാകരമേനോനും ജനറൽ സെക്രട്ടറി റാഫേൽ മാസ്റ്ററും ആയിരുന്നു. ഇരത്തട്ട ബാലനും ടിവി വിശ്വംഭരനും ഈ ലേഖകനും കമ്മറ്റിയിൽ ഉണ്ടായിരുന്നു.
നേട്ടങ്ങൾ
ശമ്പള പരിഷ്കരണത്തിലെ അപാകതകളെപറ്റി പഠിക്കുവാൻ നിയമിതമായ വേലായുധൻ കമ്മീഷനുമായി സുദീഘം നടത്തിയ ചർച്ചയുടെ വെളിച്ചത്തിൽ നമ്മെ നോൺ വെക്കേഷൻ ഓഫീസർമാർ ആക്കി. ഇതായിരുന്നു സംഘടനയുടെ ആദ്യത്തെ നേട്ടം.
സ്പെഷ്യൽ ഗ്രേഡ് നേടിയെടുക്കാൻ വേണ്ടി മെമ്മറണ്ടവുമായി സെക്രട്ടറിയേറ്റിൽ ചെന്നപ്പോഴാണ് ഹെഡ്മാസ്റ്റർ എന്ന ഒരു തസ്തിക തന്നെ ഇല്ലെന്ന് മനസ്സിലായത്.എല്ലാവരും പ്രൈമറി അധ്യാപകർ മാത്രം.. പ്രൈമറി അധ്യാപകരിൽ നിന്ന് പ്രൈമറി ഹെഡ്മാസ്റ്റർമാരെ വേർതിരിച്ചെടുക്കുവാനായി പിന്നീടുള്ള ശ്രമം. രണ്ടുമൂന്ന് മാസത്തിന്റെ സ്ഥിര പരിശ്രമത്തിന്റെ ഫലമായി ഹെഡ്മാസ്റ്റർമാർ ഒരു പുതിയ കാറ്റഗറിയായി അംഗീകരിക്കപ്പെട്ടു .ഇതായിരുന്നു രണ്ടാമത്തെ നേട്ടം.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി കെപിപിഎച്ച് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ സെക്രട്ടറിയാറിന്റെ പടിക്കൽ അഞ്ചുദിവസം റിലേ നിരാഹാര സത്യാഗ്രഹം നടത്തിയാണ് പ്രധാന അധ്യാപകർക്ക് സ്പെഷ്യൽ ഗ്രേഡ് കൊടുക്കാം എന്ന് ഗവൺമെന്റിനെ കൊണ്ട് സമ്മതിപ്പിച്ചത്. നിരാഹാര സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത് പരേതനായ ശ്രീ എൻ കെ എംഎൽഎ ആയിരുന്നു. അദ്ദേഹം ഗവൺമെന്റിൽ ശക്തമായി സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായാണ് ഗവൺമെന്റ് വഴങ്ങിയത്.
മാസങ്ങൾ വളരെ കഴിഞ്ഞിട്ടും ഓർഡർ വെളിച്ചം കണ്ടില്ല അതിനായി കാസർഗോഡ് മുതൽ പാറശാല വരെ ഒരു സമര പ്രചാരണ ജീപ്പ് ജാഥ സംഘടിപ്പിക്കേണ്ടി വന്നു. ജാഥാ ക്യാപ്റ്റൻ ശ്രീ എം ബാലരാജ ആയിരുന്നു. ഇതിനുശേഷം ഗവൺമെന്റ് സംഭാഷണത്തിന് ക്ഷണിച്ചു. അതിന്റെ ഫലമായി സ്പെഷ്യൽ ഗ്രേഡ് ലഭിച്ചു ഒരു ഭഗീരഥ പ്രയത്നത്തിനുശേഷം നഷ്ടപ്പെട്ട സ്പെഷ്യൽ ഗ്രേഡ് റാഫേൽ മാസ്റ്ററുടെ നേതൃത്വത്തിൽ തന്നെ നേടിയെടുത്തു.
വഴിക്ക് വഴി നേട്ടങ്ങൾ കൈവരിച്ചു വന്നപ്പോൾ നാനാഭാഗത്തുനിന്നും അധ്യാപക സംഘടനകൾ കെപിപി എച്ച് എ യെ പ്രത്യക്ഷമായും പരോക്ഷമായും എതിർക്കുവാൻ തുടങ്ങി. ആയതിന്റെ ഫലമായി ആണോ എന്നറിഞ്ഞുകൂടാ സംഘടനയുടെ അംഗീകാരം നീണ്ടുപോയി.ഒടുവിൽ ഗത്യന്തരമില്ലാതെ സംഘടനയ്ക്ക് അംഗീകാരം തരേണ്ടിവന്നു. ഇത് നാലാമത്തെ നേട്ടമായിരുന്നു. കേരളത്തിന്റെ മിക്ക ജില്ലകളിലും സംഘടനയ്ക്ക് യൂണിറ്റ് ഉണ്ടാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.പുറത്തുനിന്നുള്ള എതിർപ്പുകളെയും സംഘടനയ്ക്ക് അകത്തു ഉണ്ടായ കുതികാൽ വെട്ടലുകളെയും ധീരമായി ചെറുത്തുനിന്ന് സംഘടനയെ അതിന്റെ ബലാരിഷ്ടനാളുകളിൽ നിന്ന് 9 നീണ്ട കൊല്ലത്തോളം നയിച്ച ആ സ്ഥാപക നേതാവിനോട് എത്ര നന്ദി പറഞ്ഞാലും അധികമാവുകയില്ല.