KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

A Guide book of important orders on general education vol -2



ആമുഖം

   അധ്യാപകരുമായും അധ്യാപകേതര ജീവനക്കാരുമായും ബന്ധപ്പെട്ട, 1984 മുതൽ 2007 വരെ സർക്കാരും പൊതു വിദ്യാഭ്യാസ ഡയറക്ടറും ഇറക്കിയ ഉത്തരവുകൾ സമാഹരിച്ചുകൊണ്ട് "A guide book of Important Orders on General Education" എന്ന പുസ്തകം 2007 ലെ അധ്യാപക ദിനത്തിൽ കോഴിക്കോട് ജില്ലയിലെ അയനിക്കാട്ടു പ്രവർത്തിക്കുന്ന കെ.പി.പി.എച്ച്.എ. സംസ്ഥാന വിദ്യാഭ്യാസ പഠന ഗവേഷണ കേന്ദ്രത്തിൽ വച്ചു പ്രകാശനം ചെയ്യുകയുണ്ടായി. വിദ്യാഭ്യാസ രംഗത്തുള്ള സർവരും പ്രസ്തുത ഗ്രന്ഥം സന്തോഷത്തോടുകൂടി സ്വീകരിച്ചതിൽ ഞങ്ങൾക്ക് അതിയായ ആഹ്ലാദമുണ്ട്. സർവീസ് നിയമങ്ങളുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങളിൽ വച്ച് ഏറ്റവും ബൃഹത്തും സമഗ്രവുമായതിനാൽ തന്നെ നിങ്ങളതിനെ തികഞ്ഞ സംതൃപ്തിയോടെ ഉപയോഗപ്പെടുത്തുന്നതിൽ ഞങ്ങൾക്കു ചാരിതാർത്ഥ്യമുണ്ട് ; അഭിമാനവും.

പ്രൈമറി സ്കൂൾ മുതൽ സെക്രട്ടറിയേറ്റിലെ ഏറ്റവും ഉയർന്ന ഓഫീസ് അധികാരികൾവരെയും, അക്കൗണ്ടന്റ് ജനറൽ ഓഫീസിലെ വിവിധ തലങ്ങളിലെ ഓഡിറ്റ് വിഭാഗക്കാരും, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ഓഫീസർമാരും, കീഴ് ജീവനക്കാരും, എന്നുവേണ്ട വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സർവർക്കും വഴിവിളക്കാണീ പുസ്തകം. വിദ്യാഭ്യാസ വകുപ്പിന്റെയും ധനകാര്യ വകുപ്പിന്റെയും ഉത്തരവുകൾ കൂടാതെ അധ്യാപക- അനധ്യാപക ജീവനക്കാരുമായി ബന്ധപ്പെടുന്ന 3.07.2007 വരെ പുറത്തിറക്കിയ ഉത്തരവുകൾ ഒന്നാം വോള്യത്തിൽ ഉൾക്കൊള്ളിച്ചിരുന്നു. ഈ ഗ്രന്ഥം പ്രയോജനപ്പെടുത്തി പുതുതായി പെൻഷൻ ആനുകൂല്യങ്ങൾ വാങ്ങിക്കാൻ കഴിഞ്ഞവരും, ഓഡിറ്റ് തടസ്സങ്ങളുടെ കുരുക്കഴിക്കാൻ കഴിഞ്ഞവരും, പുതുതായി ആനുകൂല്യങ്ങൾ നേടാൻ കഴിഞ്ഞവരും നിരവധിയാണ്. അവർക്കുണ്ടായ ആഹ്ലാദവും അതിൽനിന്നുണ്ടായ നന്ദിവചനങ്ങളുമാണ് അധികം വൈകാതെ തന്നെ 2009 വരെയുള്ള രണ്ടാം വോള്യം പ്രസിദ്ധീകരിക്കാൻ ഞങ്ങൾക്ക് പ്രചോദനമായത്.

04-07-2007 മുതൽ 01-04-2009 വരെ പ്രസിദ്ധീകൃതമായ ഉത്തരവുകളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഒന്നാം വോള്യത്തിൽ വിട്ടുപോയതും ഇപ്പോഴും പ്രയോജനകരവുമായ മുൻ തിയ്യതികളിലെ ഉത്തരവുകളും രണ്ടാം വോള്യത്തിൽ കൊടുത്തിട്ടുണ്ട്.

- ഒന്നാം വോള്യത്തിലെന്നപോലെ ഏത് ഉത്തരവും അനായാസേന കണ്ടുപിടിക്കാൻ പാകത്തിലാണ് 41 അധ്യായങ്ങളിലായി വ്യക്തമായ അനുക്രമണിയോടുകൂടി ഈ ഗ്രന്ഥത്തിൽ ഉത്തരവുകൾ ക്രമീകരിച്ചിരിക്കുന്നത്. പ്രസിദ്ധീകരിച്ച മിക്ക ഉത്തരവുകളും ഹെഡ്മാസ്റ്റർ മാസികയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളവയാണ്. എന്നാൽ സ്ഥല പരിമിതിമൂലം മാസികയിൽ പ്രസിദ്ധീകരിക്കാൻ കഴിയാതിരുന്നവയും രണ്ടാം വോള്യത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

 ചില ഉത്തരവുകൾ ഒന്നിലധികം അധ്യായങ്ങളിൽ ചേർക്കേണ്ട തരത്തിലുള്ളവയാണ്. എങ്കിലും മുഖ്യ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ ഏതെങ്കിലും ഒരധ്യായത്തിലാണ് ഉത്തരവ് ചേർത്തിരിക്കാം ആയതിനാൽ ഏതെങ്കിലും ഒരുത്തരവ് കണ്ടെത്താൻ പ്രസ്തുത വിഷയവുമായി ബന്ധപ്പെടാൻ സാധ്യതയുള്ള മറ്റധ്യായങ്ങളിൽ കൂടി പരിശോധന നടത്തണമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലൊ.


ഇതിന്‍റെ എഡിറ്റർമാർ പതിറ്റാണ്ടുകളായി കേരളത്തിലങ്ങോളമിങ്ങോളമുള്ള ആയിരക്കണക്കിന് അധ്യാപകരെയും മറ്റുജീവനക്കാരെയും അവരുടെ സർവീസ് പ്രശ്നങ്ങളിൽ പ്രതിഫലം പറ്റാതെ സഹായിച്ചു വരുന്നവരാണ്. ഏതെങ്കിലും ഉദ്യോഗസ്ഥന്‍റെ നിയമകാര്യങ്ങളിലെ അജ്ഞത മൂലം നീതി നിഷേധം അരുതെന്ന് ആത്മാർത്ഥമായി അഭിലഷിക്കുന്നവരാണ് ഞങ്ങൾ. എവിടെ അർഹമായ നീതിയും ആനുകൂല്യവും നിഷേധിക്കപ്പെടുന്നുവോ അവിടെ പ്രതികരിക്കാൻ സദാ ജാഗരൂകരാണു ഞങ്ങൾ. വിദ്യാഭ്യാസ രംഗത്തെ സാർവത്രിക നീതിയെന്ന ലക്ഷ്യ സാക്ഷാത്ക്കാരത്തിനായുള്ള ബോധവൽക്കരണ ഉപാധിയായി ഈ പുസ്തക പ്രകാശനത്തെ ഞങ്ങൾ കാണുന്നു. അതിനാൽ തന്നെ ലാഭേച്ഛ കൂടാതെ മുടക്കുമുതലിനെ ആധാരമാക്കിയാണ് ഞങ്ങളീ പുസ്തകം വിതരണം ചെയ്യുന്നത്.

- ഈ പുസ്തകത്തിന്റെ പൂർത്തീകരണത്തിനായി ഉത്തരവുകൾ അയച്ചുതന്നു സഹായിച്ച് കേരളാ പ്രവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ജനറൽ സിക്രട്ടറി ശ്രീമതി. നൂർനിസാ ബീഗത്തിനും മറ്റുള്ളവർക്കും നന്ദി അറിയിക്കാനും ഈ അവസരം വിനിയോഗിക്കുന്നു.

- ഞങ്ങൾ ഇതിനകം പുറത്തിറക്കിയ ഒന്നാം വോള്യവും ഇപ്പോൾ പുറത്തിറക്കുന്ന രണ്ടാം വോള്യവും വിദ്യാഭ്യാസ രംഗത്തെ നീതിക്കായുള്ള പോരാട്ടത്തിനുള്ള പടവാളായി പരിണമിക്കണമെന്നു ഞങ്ങൾ പ്രത്യാശിക്കുന്നു.

വിദ്യാഭ്യാസ രംഗത്തെ സർവർക്കും പ്രയോജനകരമാകുമെന്ന പ്രതീക്ഷയോടെ ഞങ്ങളീ ഗ്രന്ഥം നിങ്ങൾക്കായി സമർപ്പിക്കുന്നു.


അയനിക്കാട്

10- 4 -2009


ടി.ശ്രീധരൻ ചോമ്പാല

ഡയറക്ടർ കെ.പി.പി.എച്ച്. എ

സംസ്ഥാന വിദ്യാഭ്യാസ പഠന ഗവേഷണ കേന്ദ്രം

അയനിക്കാട്

Popular Posts

Category