KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

കെ.പി.പി.എച്ച് എ യുടെ സ്വന്തം ടി.കെ




      ശ്രീ.ടി.കുഞ്ഞിരാമൻ മാസ്റ്റർ കിരീടം അഴിച്ചു വച്ച് അരങ്ങിൽ നിന്നു പിന്മാറുന്ന ഈ വർഷ കെ.പി.പി.എച്ച്.എ.യുടെ ചരിത്രത്തിലെ തേജോമയമായ ഒരു കാലഘട്ടത്തിന്റെ അവസാനം കുറിക്കുന്നു. കരുത്തിന്റെയും കർമശേഷിയുടെയും വിസ്മയമായിരുന്ന ശ്രീ.പി.എൻ.കെ നായരെപ്പോലുള്ളവരുടെ അണിയിൽ നിന്നും മറ്റൊരു പ്രഗത്ഭനേതാവു കൂടി നമ്മോടു വിട ചോദിക്കുന്നു. അപരിഹാരമായ നഷ്ട ബോധത്തോടെ ഈ യാഥാർഥ്യം നാം ഉൾക്കൊള്ളുമ്പോൾ, ഇത്രയും ആത്മാർഥതയും, തലയെടുപ്പുമുള്ള മറ്റൊരു നേതാവിനെ കണ്ടെത്താനുള്ള പ്രയാസം നമ്മെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു.നമ്മുടെ സംസ്ഥാന ജനറൽ സെക്രട്ടറി എന്ന നിലയിൽ കുഞ്ഞിരാമൻ മാസ്റ്റർ ഇതിനകം നേടിയെടുത്ത മഹത്തായ നേട്ടങ്ങളെക്കുറിച്ച് നമ്മളൊക്കെ ബോധവാന്മാരാണ്. സർക്കാർ തലത്തിലുള്ള പല ചർച്ചകളിലും വിവിധ സംഘടനാ നേതാക്കൾ സമ്മേളിക്കുമ്പോൾ ജ്വലിച്ചു നില്ക്കുന്ന വ്യക്തിത്വം കൊണ്ടു അവിടെ ശ്രദ്ധേയമായ മാന്യത നേടിയെടുക്കാൻ സാധിക്കുന്ന കുഞ്ഞിരാമൻ മാസ്റ്റരെക്കുറിച്ച് നമ്മുടെ ഡിപ്പാർട്ടുമെന്റ് തലവന്മാർക്കൊക്കെ ബഹുമാനമാണ്. നമ്മുടെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ശ്രീ. കെ.ജെ.മാത്യു കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ ഇക്കാര്യം തുറന്നു പറയുകയുണ്ടായല്ലോ. പ്രശ്നങ്ങൾ പഠിക്കുന്നതിലും അവ സമർഥമായി അവതരിപ്പിക്കുന്നതിലും കുഞ്ഞിരാമൻ മാസ്റ്റർ കാണിക്കുന്ന അനിതര സാധാരണമായ കഴിവിനെക്കുറിച്ചായിരുന്നു അദ്ദേഹം പ്രശംസിച്ചത്.  "ശ്രീ.കുഞ്ഞിരാമനെപ്പോലുള്ള ഒരു നേതാവ് ജനറൽ സെക്രട്ടറിയായി നിങ്ങൾക്കുണ്ടു എന്നത് നിങ്ങളുടെ സംഘടനയുടെ ശക്തിയായി ഞാൻ കാണുന്നു:  എന്നു ശ്രീ.കെ.ജെ. മാത്യുവിനെപ്പോലുള്ള അതിപ്രഗത്ഭനായ ഒരു ഭരണാധിപനെക്കൊണ്ടു പറയിക്കാൻ കഴിഞ്ഞ കുഞ്ഞിരാമൻ മാസ്റ്റരുടെ വ്യക്തിത്വത്തിന്റെ നാനമുഖമായ സിദ്ധികളെക്കുറിച്ച് നമ്മൾക്കു ഏറെയൊന്നും മനസ്സിലാക്കാൻ കഴിഞ്ഞിരിക്കില്ല.സജീവ രാഷ്ട്രീയ പ്രവർത്തകനായി വിദ്യാർഥി ജീവിതകാലത്തു ആരംഭിച്ച പൊതു പ്രവര്‍ത്തനം വിവിധ കൈവഴികളിലൂടെ ഒഴുകി പരക്കുന്നതിന്റെ  ചിത്രമാണ് കുഞ്ഞിരാമൻ മാസ്റ്റരുടെ ജീവിതം.

       1956 ലെ ഒരു സായാഹ്നം. പ്രകമ്പം കൊള്ളിക്കുന്ന ജാഥകളൊന്നും അത് സാധാരണമല്ലാത്ത കാലം.കണ്ണൂർ നഗരവീഥിയിലൂടെ ആവേശോജ്ജ്വലമായ മുദ്രാവാക്യങ്ങളോടെ ഒരധ്യാപക ജാഥ നീങ്ങുന്നത് വളരെ കൗതുകത്തോടെ ഞാൻ വീക്ഷിക്കുകയായിരുന്നു. മലബാർ എയിഡഡ് ടീച്ചേർസ് യൂനിയന്റെ തിരുവനന്തപുരത്തേക്കുള്ള ഒരു കാൽനട ജാഥ. അതിൽ ആകാശം പിളർക്കു മാറ് മുദ്രവാക്യം മുഴക്കുന്ന സുമുഖനായ ഒരു ചെറുപ്പക്കാരെനെ ആരും ശ്രദ്ധിച്ചുപോകും. ശ്രീ.ടി.കുഞ്ഞിരാമനായിരുന്നു അത്. വാകയാട് യു.പി സ്കൂളിൽ അധ്യാപകനായി ചേർന്ന് വർഷം തന്നെ സംഘടനാ പ്രവർത്തനരംഗത്തേക്ക് കടന്നു വന്നു ശ്രീ.ടി.കുഞ്ഞിരാമൻ ! അതൊരു തുടക്കമായിരുന്നു. അധ്യാപക വർഗത്തിനുവേണ്ടിയുളള സാഹസികമായ പ്രവർത്തനങ്ങളുടെ തുടക്കം.

            58-59 കാലത്ത് വിമോചന സമരം ഏല്പിച്ച പരുക്കുകളോടെ അധ്യാപക പ്രസ്ഥാനം പിളർന്നപ്പോൾ കെ.പി.ടി.എഫിന്റെ ശക്തനായ നോതവായിത്തീർന്നു ശ്രീ.ടി. കുഞ്ഞിരാമൻ. സംഘടനയുടെ കോഴിക്കോട് ജില്ലാ നിർവാഹകസമിതി അംഗമായിരുന്ന അദ്ദേഹം കെ.പി.ടി.എഫ്. പിരിച്ചുവിട്ടതിനെ തുടർന്ന് വീണ്ടും കെ.എ.പി.ടി യൂനിയനിൽ സജീവമായി പ്രവർത്തിച്ചു.  1974 ൽ ഹെഡ്മാസ്റ്ററായി അവരോധിതനായ കാലത്തും അദ്ദേഹം കെ.എ.പി.ടി യൂണിയന്റെ വടകര ജില്ലാ എക്സിക്യൂട്ടീവ് മെമ്പറായിരുന്നു. അതേ വർഷത്തിന്റെ അവസാനത്തിൽ അദ്ദേഹം കെ.പി.പി.എച്ച് എയുടെ പ്രവർത്തനരംഗത്തു കടന്നുവന്നു. അന്നു ജില്ലാ സെക്രട്ടറിയായിരുന്ന ശ്രീ.വി.എൻ.കെ.യുടെ നിർബന്ധപൂർവമായ ക്ഷണം സ്വീകരിച്ചുകൊണ്ട് നമ്മുടെ സംഘടനയിൽ കുഞ്ഞിരാമൻ മാസ്റ്റർ വന്നത് പേരാമ്പ്രയിലെ മുഴുവൻ ഹെഡ്മാസ്റ്റർമാരെയും സംഘടനയിൽ അംഗമാക്കിക്കൊണ്ടായിരുന്നു. സംഘടനയ്ക്ക് ശക്തനായ ഒരു നേതാവിനെ ലഭിച്ചില്ല   എന്ന ബോധം അന്ന്  വടകര ജില്ലയ്ക്കുണ്ടായിരുന്നു. ശ്രീ.പി.എൻ.കെ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് വടകര ജില്ലാ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത കുത്തിരാമൻ മാസ്റ്റർ 12-ാം സംസ്ഥാന സമ്മേളനത്തോടുകൂടി സംസ്ഥാന നേതൃനിരയിലെത്തി. ആലപ്പുഴ സമ്മളനതോടെ നമ്മുടെ ഭാഗധേയം നിർണയിക്കാൻ കരുത്താർജിച്ചുകൊണ്ട് നമ്മുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ ജനറൽ സെക്രട്ടറിയായിത്തന്നെ രംഗത്തിൽ നിന്നു പിന്മാറുകയും ചെയ്യുന്നു.


         അധ്യാപക വർഗത്തിന് പൊതുവിൽ ഒരുപാട് നേട്ടങ്ങളുണ്ടാക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിനു കഴിഞ്ഞിട്ടുണ്ട്. "ഓഡിറ്റ് ഒബ്ജക്ഷൻ നൂലാമാലകളിൽപ്പെട്ട് ആയിരകണക്കിന് രൂപ തിരിച്ചടക്കണമെന്ന് കല്പന കൈപ്പറ്റി നിത്യദുഖത്തിലായ എത്രയോ അധ്യാപകരെ രക്ഷിക്കാൻ തനിക്കു കഴിഞ്ഞു എന്ന സംതൃപ്തിയോടെയാണ് താൻ റിട്ടയർ ചെയ്യുന്നത്". എന്നു പറയുമ്പോൾ അദ്ദേഹത്തിലെ ഉന്നതനായ മനുഷ്യസ്നേഹിയെ  ഞാൻ ഉൾക്കുളിരോടെ നോക്കികാണുകയായിരുന്നു. മറ്റുളളവർക്ക് വേണ്ടി ചെയ്യുന്നതും സന്തോഷത്തോടെ ചെയ്യുക എന്ന ശീലം മുന്പേ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഒരു ഭാഗമാണ്. കുഞ്ഞിരാമൻ മാസ്റ്റരുടെ എല്ലാ പ്രവര്‍ത്തനത്തിന്റെ പിന്നിലും ഈ ഉൾക്കടമായ മനുഷ്യ സ്നേഹത്തിന്റെ  നിറം ചാർത്തി നില്‍ക്കുന്നതായി  ഞാൻ മനസിലാക്കിയിട്ടുണ്ട്.

        വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറി ശ്രീ  നീലകണ്ഠൻ നായരുടെ നേത്യതത്തിൽ ഓഡിനിജൻ കിയറൻസ് കമ്മിറ്റിയുടെ എല്ലാ തല സിറ്റിംഗിലും പങ്കെടുത്ത് കാര്യകാരണ സഹിതം തടസത്തിന്റെ ഊരക്കുരുക്കുകൾ അഴിച്ചു മാറ്റാൻ അദ്ദേഹം ചെയ്ത സേവനം ഹെഡ്മാസ്റ്റർമാരനല്ല കേരളത്തിലെ ഒരു അധ്യാപകനും മറന്നു കൂടാത്താണ്.   അതു പോലെ 73, 78, 83 കാലത്തെ പേ ഫിക്സഷന് റീ ഓപ്ഷൻ നല്കാനുളള ഉത്തരവ് സമ്പാദിച്ചതും കുഞ്ഞിരാമൻ മാസ്റ്ററുടെ അനുപമമായ കഴിവിന്റെ മറ്റൊരു നിദർശനമാണ്. അതുവഴി മൂന്നും നാലും ഇൻക്രിമെന്റുകൾ നേടാൻ സാധിച്ച ആയിരക്കണക്കിൽ അധ്യാപകർ നമ്മുടെ നാട്ടിലുണ്ട്. എങ്ങനെയൊക്ക റി ഓപ്ഷനെടുത്താൽ ജീവനക്കാരന് ഗുണം കിട്ടും എന്ന് കാണിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങൾ തുടർച്ചയായി നമ്മുടെ മാസികയിൽ പ്രസിദ്ധീകരിക്കുകയുണ്ടായല്ലോ.ആ ലേഖനങ്ങൾ പഠിച്ചുകൊണ്ട് എത്രയാ ഹെഡാസ്റ്റർമാർ തങ്ങളുടെ സഹാധ്യാപകരുടെ ഫിക്സേഷന്‍ നടത്തി ഒരിക്കലും ലഭ്യമാകാതിരുന്ന ആനുകൂല്യങ്ങൾ നേടിക്കൊടുതായി നമുക്കറിയാം. അങ്ങനെ കേരളത്തിലെ മുഴുവൻ അധ്യാപക വർഗത്തിന്റെയും സ്നേഹാദരങ്ങൾക്ക് പാത്രീഭൂതനായ ശ്രീ. ടി. കുഞ്ഞിരാമന്റെ ഏതാദ്യശമായ പ്രവർത്തനം കേരളത്തിലെ അധ്യാപകവർഗം എക്കാലവും ആദരപൂർവം അനുസരിക്കുമെന്നു തന്നെയാണു ഞങ്ങളുടെ വിശ്വാസം. 


        ഹെഡ്മാസ്റ്റർമാരെ ബാധവല്ക്കരിക്കാതെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ സാധ്യമല്ല എന്ന വിശ്വാസത്തോടൊപ്പം, മറ്റുളളവരുടെ മുമ്പിൽ തന്റെ  നിസ്സഹായമായ മുഖം കാണിക്കേണ്ടി വരുന്ന ഹെഡ് മാസ്റ്റർമാരെ തങ്ങളുടെ ജോലിയ്ക്ക് പൂർണമായും അർഹരാക്കുന്ന വിധത്തിൽ സുസജ്ജമാക്കുക എന്ന ഉദ്ദേശ്യത്തോടെ ശ്രീ  കുഞ്ഞിരാമൻ മാസ്റ്റർ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പുകൾ ഒരു പുതിയ തുടക്കമായിരുന്നു. 1986 ൽ ചരൽക്കുന്നിൽ നിന്നാരംഭിച്ച് പെരുവണ്ണാമൂഴി, തലശ്ശേരി എന്നിവിടങ്ങളിലൂടെ വളർന്നുവരുന്ന ഈ ക്യാമ്പുകളിലൂടെ സുസജ്ജരായ ഒരു രണ്ടാം നിര നമ്മുടെ ഇടയിൽ പടരുത്തുയർത്താൻ കഴിഞ്ഞതു ഒരു മഹത്തായ കാര്യമാണ്. ഈയൊരു സംരംഭം കുഞ്ഞിരാമൻ മാസ്റ്റരുടെ കാര്യക്ഷമമായ നേത്യത്വത്തിന്റെ ദൂരക്കാഴ്ച്ചയുടെ ഫലമത്രേ....  ഹെഡ്മാസ്റ്റർമാർ ആ പേര് സൂചിപ്പിക്കുന്നതു പോലെ മുഖ്യ അധ്യാപകർ തന്നെയായിരിക്കണമെന്ന നിർബന്ധബുദ്ധി കുഞ്ഞിരാമൻ മാസ്റ്റർക്കുണ്ട്. കുഞ്ഞുങ്ങളുടെ ഹൃദയത്തിൽ എക്കാലവും ജീവിക്കുന്ന ഒരധ്യാപകനാണദ്ദേഹം. ജനറൽ സെക്രട്ടറി എന്ന നിലയിലുള്ള ഭാരിച്ച ജോലിത്തിരക്കിനിടയിലും ഏഴാം തരത്തിലെ നാലു ഡിവിഷനുകളിലും കണക്ക പഠിപ്പിക്കാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. സാധാരണ വിരസതയിലേക്കു മാത്രം വഴുതി വീഴാറുളള കണക്കു ക്ലാസുകൾ മനോഹരമായ ഒരനുഭവമായി തോന്നത്തക്കവിധം സരസമായി അവതരിപ്പിക്കാനുളള കുഞ്ഞിരാമൻ മാസരുടെ കഴിവുകളെക്കുറിച്ചു വർഷങ്ങൾക്കു മുമ്പേ ഞാൻ മനസ്സിലാക്കിയിരുന്നു. സമാരാധ്യനായ ഒരധ്യാപകനായി കുഞ്ഞിരാമൻ മാസ്റ്റരെ ഇന്നും നടുവണ്ണൂരും പരിസരത്തുള്ള ജനങ്ങൾ കാണുന്നതിനു പിന്നിൽ ഈ അർപ്പണ ബോധത്തോടെയുള്ള അധ്യാപനതാല്പര്യമാണ്. 1971 കാലത്തു നാലിലെയും അഞ്ചിലെയും കണക്കു പുസ്തകം എഴുതാൻ നിയോഗിക്കപ്പെട്ട മൂന്നു പേരിൽ പ്രമുഖൻ കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു എന്ന വസ്തുത  പലർക്കും പുതുമയുള്ളതായിരിക്കും. താൻ എഴുതിയ പുസ്തകം പഠിപ്പിക്കാൻ ഭാഗ്യമുണ്ടാവുന്ന അപൂർവം ആളുകളിൽ ഒരാളാവുക എന്നത് മഹത്തായ ഒരു നേട്ടമാണല്ലോ.




-



                ഒന്നാം തരം സ്പോർട്ട്സ് മേനാണ് കുഞ്ഞിരാമൻ മാസ്റ്റർ, ഹൈജമ്പ്,ലോങ്ങ് ജമ്പ്,400 മീറ്റർ ഓട്ടം എന്നീ ഇനങ്ങളിലുമായിരുന്നു പെഷ്യലൈസ് ചെയ്തത്. ഒന്നാന്തരം ഒരു ഫുട്ബോളറുമായിരുന്നു. സ്പോർട്ട്സിലുളള താല്പര്യം ക്രമേണ ഗുസ്തിയിലേക്കും, പിന്നീട് കളരി പയറ്റിലേക്കും, അവസാനം യോഗവിദ്യയിലേക്കുമായി മാറി. ഇന്നും യുവാവായി നില്ക്കുന്ന കുഞ്ഞിരാമൻ മാസ്റ്റരുടെ ആരോഗ്യരഹസ്യം യോഗവിദ്യയിലേക്കുള്ള ഈ മാറ്റം കൊണ്ടുണ്ടായതാണെന്നും വേണം കരുതാൻ.സജീവ രാഷ്ട്രീയ രംഗത്തു നിന്നാണ് അദ്ദേഹം നമ്മുടെ നേതൃനിരയിലെത്തിയത് എന്നു നമുക്കറിയാമല്ലോ. പക്ഷേ, എല്ലാ പാർട്ടി വിശ്വാസികളുമുൾക്കൊളളുന്ന നമ്മുടെ സംഘടനയുടെ നേതവായിരിക്കേ ഒരിക്കലും അദ്ദേഹം ഒരു പാർട്ടിക്കാരനായിരുന്നില്ല. സംഘടനയുടെ ശക്തി, അതുമാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പാർട്ടിക്കതീതമായി മനുഷ്യനെ കാണാനും സ്നേഹിക്കാനും സാധിക്കുന്ന വിധം അത്രമാത്രം ഉയർന്ന മാനസികാവസ്ഥയുളള ഒരു നേതാവിന്റെ ഔന്നിത്യം അദ്ദേഹത്തിൽ എന്നും നമുക്ക് കാണാൻ കഴിയും. ഈ ഔന്നത്യമാണ് വഹാബ് മാസ്റ്റരെ സഹായിക്കാനുള ഫണ്ടുണ്ടാകുന്ന കാര്യത്തിൽ കുഞ്ഞിരാമൻ മാസ്റ്റരുടെ പിൻബലം, തന്റെ സഹജീവിയുടെ ദുഃഖം തന്റെ ദുഃഖമായി കാണാൻ കഴിയുന്ന ആ മഹത്ത്വത്തിന്റെ അംശം കുഞ്ഞിരാമൻ മാസ്റ്റരുടെ ആത്മാവിന്റെ ഒരു ഭാവമാണ്. വഹാബ് ഫണ്ടിന്റെ പിന്നിൽ ഒറ്റപ്പെട്ട പോവും എന്നു തോന്നുന്ന ഘട്ടങ്ങളിൽ പോലും ശക്തമായി അതിനുവേണ്ടി  വാദിക്കാനും, വിജയം നേടിയെടുക്കാനും സാധിച്ചത് ഈ മഹത്തായ ആർദ്രതയുടെ ഫലമാണ്. ആ സിദ്ധി സർവാദരണീയമായ സിദ്ധിയായി ഞാൻ കാണുന്നു: മഹത്ത്വത്തിന്റെ സിദ്ധി!


കുഞ്ഞിരാമൻ മാസ്റ്റരെ ഞാൻ ആശിർവദിക്കുന്നു. എല്ലാ മംഗങ്ങളും നേരുന്നു.



(1989 മെയ് മാസത്തിൽ ടി.കുഞ്ഞിരാമൻ മാസ്റ്റർ റിട്ടയർ ചെയ്തപ്പോൾ അന്നത്തെ മാസികാ പത്രാധിപരും സാഹിത്യകാരനുമായിരുന്ന ശ്രീരാമചന്ദ്രൻ തിക്കോടി എഴുതിയ ലേഖനം )

Popular Posts

Category