കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടുള്ള പൂർവ്വ നേതൃ സംഗമം,മധ്യമേഖലകൺവെൻഷൻ എന്നിവ സംയുക്തമായി2025 ഒക്ടോബർ 18 ശനിയാഴ്ച സംഘടന പിറവി കൊണ്ട മണ്ണിൽ- സംഘടന രൂപം കൊണ്ട - തൃശൂർ CMS ഹയർ സെക്കൻ്ററി സ്കൂൾ ഹാളിൽ നടന്നു.
സ്റ്റേറ്റ് എക്സിക്യുട്ടീവ് അംഗം സിന്ധു മേനോൻ ടീച്ചറുടെ ആവേശോജ്ജ്വലമായ അനൗൺസ്മെന്റ്കൾ.. സമ്മേളന വേദിയിൽ എത്തിക്കൊണ്ടിരുന്ന പ്രവർത്തകർ ആവേശത്തോടുകൂടി കേട്ടിരുന്നു. സംഘടനയുടെ വഴികാട്ടികളായിരുന്ന പൂർവ്വികർക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് നേതൃസംഗമം ആരംഭിച്ചു.
വലപ്പാട് സബ്ജില്ലയിൽ നിന്നുള്ള ജ്യോതി ടീച്ചർ ശ്രുതിമധുരമായ സ്വരത്തിൽ ഈശ്വരവന്ദനം നടത്തി.
സംഘടനയുടെ സ്വന്തം ജനറൽ സെക്രട്ടറി ബഹുമാന്യനായ സുനിൽ സർ വജ്ര ജൂബിലി ആഘോഷങ്ങൾക്ക് സ്വാഗതം ആശംസിച്ചു.
ഓരോ കാലഘട്ടത്തിലും സംഘടനയെ മുന്നോട്ടു നയിച്ച മഹദ് വ്യക്തികളെ ഓരോരുത്തരെയും ചൂണ്ടികാണിച്ചു കൊണ്ടാണ് ജനറൽ സെക്രട്ടറി സ്വാഗതപ്രസംഗത്തിനു തുടക്കം കുറിച്ചത്.
പ്രധാനമായും P N K, T. K, ശ്രീധരൻ ചോമ്പാല മാഷ് എന്നീ മഹദ് വ്യക്തികളുടെ പ്രവർത്തനങ്ങൾ അദ്ദേഹം എടുത്തുപറയുകയുണ്ടായി.
KPPHA യുടെ ജനനനിമിഷങ്ങളിലൂടെ നടന്നുകയറി കനൽവഴികളിലൂടെ കരുത്തോടെ കരുതലോടെ മുന്നോട്ടു പോകുന്ന മഹത്തായ ഈ സംഘടനയുടെ സ്പന്ദനങ്ങളിലേക്കും, തുടർന്ന്.. സംഘടന ഈ കാലഘട്ടത്തിൽ നേരിടുന്ന സമാനതകളില്ലാത്ത വെല്ലുവിളികളെ കുറിച്ചും..., സംഘടനാ വിഷയങ്ങളിലെ ദൈനംദിന ഇടപെടലുകളെ കുറിച്ചും..നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന സ്വാഗതപ്രസംഗത്തിൽ സമകാലിക പ്രശ്നങ്ങളും സങ്കീർണ്ണതകളും കൂടി അദ്ദേഹം നമുക്കേറെ പരിചിതമായ ശബ്ദത്തിലൂടെ അവതരിപ്പിക്കുകയുണ്ടായി.
KPPHA സംസ്ഥാന പ്രസിഡൻ്റ് കൃഷ്ണപ്രസാദ് സർ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. ഈ വജ്ര ജൂബിലി ആഘോഷം സംഘടന സ്ഥാപിതമായ തൃശ്ശൂർ വയ്ക്കാനിടയായ കാരണങ്ങളും, പൂർവ്വ നേതൃത്വങ്ങൾ സംഘടനയ്ക്കായി സമർപ്പിച്ച സേവനങ്ങളെപറ്റിയും വിദ്യാഭ്യാസ നേതൃതലങ്ങളിൽ അഭിപ്രായപ്രകടനം നടത്താനും , പ്രസക്തമായ നിർദ്ദേശങ്ങൾ അവതരിപ്പിക്കാനും സംഘടനയ്ക്ക് ഇന്ന് ലഭിക്കുന്ന അവസരങ്ങളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.
KPPHA യുടെ മുൻ സംസ്ഥാന പ്രസിഡൻ്റ് ശ്രീ. ടി.ജി രാജൻ മാസ്റ്റർ (നേതൃത്വ സംഗമത്തിൽ വന്ന ഏറ്റവും സീനിയർ ആയിട്ടുള്ള നേതാവ്)പൂർവ്വ നേതൃസംഗമം ഉദ്ഘാടനം ചെയ്തു . തൻ്റെ കാലഘട്ടത്തിൽ സംഘടനയ്ക്കൊപ്പം നിന്ന പൂർവ്വകാല പ്രവർത്തകരേയും അവരുടെ പ്രവർത്തനങ്ങളെയും അദ്ദേഹം ഓർത്തെടുത്തു . ആരോഗ്യകരമായ പ്രശ്നങ്ങളാൽ അദ്ദേഹത്തിന് പ്രഭാഷണം നീട്ടാൻ കഴിഞ്ഞില്ല.
മുഖ്യ പ്രഭാഷകനായ പഠനഗവേഷണകേന്ദ്രം മാനേജറും മുൻ ജനറൽ സെക്രട്ടറിയും ആയ ബഹു. ഗംഗാധരൻ മാസ്റ്റർ ഓരോ കാലഘട്ടത്തിലും - അന്ന് അധികാരത്തിലിരിക്കുന്ന വിവിധ രാഷ്ട്രീയ നേതാക്കളെ സ്വാധീനിക്കാൻ തക്ക കാര്യപ്രാപ്തിയുണ്ടായിരുന്ന മുൻ സംഘടനാ നേതാക്കളെ അനുസ്മരിച്ചു .
1988 ൽ തുടങ്ങിയ സേവനകാലഘട്ടം 2002 ൽ വിരമിച്ചതിനു ശേഷവും നിസ്തുലമായി തുടരുന്ന ,നിസ്വാർത്ഥ സേവനത്തിൻ്റെ പ്രതീകമായ ഗംഗാധരൻ മാസ്റ്റർ സബ് ജില്ലാ യൂണിറ്റടിസ്ഥാനത്തിലും അക്കാദമിക രംഗത്തും നടത്തിവന്ന പ്രവർത്തനങ്ങളെ അനുസ്മരിച്ചു. അഡ്മിനിസ്ട്രേറ്റീവ് മേഖലയെക്കൂടി സംഘടനയോടു ചേർത്തുനിർത്തി അക്ഷീണം പ്രവർത്തിച്ച ബഹു. ടി കുഞ്ഞിരാമൻ മാഷിനെയും, സുലൈമാൻ കുഞ്ഞ് മാഷിനെയും നന്ദിപൂർവ്വം ഓർത്തു സംസാരിച്ചു.
"എൻ്റെ doctor ഉം എൻ്റെ മരുന്നും KPPHA ആണ്" എന്ന് പ്രഖ്യാപിച്ച ഗംഗാധരൻ മാഷിൻ്റെ വാക്കുകളിൽ സംഘടനയോടുള്ള സ്നേഹം സ്ഫുരിച്ചു നിന്നു. ഈ വർഷത്തോടെ അദ്ദേഹം തന്റെ ഔദ്യോഗിക പദവിയിൽ നിന്നും വിടപറയും എന്നും പ്രഖ്യാപിച്ചു.
വജ്രജൂബിലി ലോഗോ തയ്യാറാക്കിയ മലപ്പുറം ജില്ലയിൽ നിന്നുള്ള അസ്‌ലാം മാസ്റ്റർക്ക് സംസ്ഥാന പ്രസിഡൻ്റ് കൃഷ്ണപ്രസാദ് സർ ആദരവ് അർപ്പിച്ച് പൊന്നാടയണിയിച്ചു. ലോഗോയിലെ നിറങ്ങളെയും ചിത്രങ്ങളെയും പറ്റി അദ്ദേഹം വിശദീകരിച്ചു. ഇങ്ങനെയൊരവസരം തന്ന സംഘടനയ്ക്കും ഈ ചുമതല വിശ്വാസപൂർവ്വം ഏല്പിച്ച റോബിൻ മാഷിനും അസ്ലാം മാസ്റ്റർ നന്ദിയർപ്പിച്ചു.
പറഞ്ഞാൽ തീരാത്ത വിധം- വാക്കുകളിൽ ഒതുക്കാനാവാത്ത വിധം നേതൃപാടവം കാഴ്ചവച്ച് ,സമയവും കഴിവും വിശ്വാസവും സംഘടനയ്ക്ക് സമർപ്പിച്ച് പ്രവർത്തിച്ച 75 ൽ പരം മുൻ സംഘടനാ നേതൃത്വങ്ങൾക്ക് പൊന്നാടയണിയിച്ച് സ്നേഹാദരവ് നല്കി... ഈ നേതൃസംഗമം. പ്രിയപ്പെട്ട സിന്ധുമേനോൻ ടീച്ചർ സംഘടനയോടുള്ള വൈകാരികമായ സ്നേഹം തന്റെ ശബ്ദത്തിലൂടെ വേദിയിലും സദസിലും ഒരു പോലെ സന്നിവേശിപ്പിച്ചുകൊണ്ട് 14 ജില്ലകളിലൂടെയും പ്രകമ്പനം സൃഷ്ടിച്ചുകൊണ്ട് കടന്നു പോയി.
KPPHA എന്ന പ്രസ്ഥാനത്തിന് പ്രാണവായു പകർന്ന്, തേജസ്സോടെ പ്രശോഭിക്കാൻ, ചലനാത്മകമായി നിലനിൽക്കാൻ വഴി തെളിച്ച എല്ലാ പൂർവ്വ നേതൃത്വങ്ങൾക്കും സംഘടനയുടെ നന്ദിയും സ്നേഹവും... സംസ്ഥാന സമിതിക്ക് വേണ്ടി ആദരപൂർവ്വം സമർപ്പിക്കുന്നു.
തുടർന്ന് KPPHA സംസ്ഥാന വനിത ഫോറം ചെയർപേഴ്സൺ സുമകുമാരി ടീച്ചർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ആകർഷകമായ ശൈലിയിലൂടെ സദസ്സിനെ തന്നിലേക്കടുപ്പിച്ച് ഹ്രസ്വമായ വാക്കുകളിൽ ആശംസയർപ്പിച്ച ജോസ് രാഗാദ്രി മാഷ് സദസ്സിൻ്റെ കയ്യടി നേടി.
60 -ാം വർഷത്തിൽ 10 ൽ 7 പേർ സ്റ്റിയറിങ് കമ്മറ്റിയിൽ നിന്നു തന്നെ വിരമിക്കുന്ന ഈ വർഷം സംഘടനയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണെന്ന് സൂചിപ്പിച്ചു കൊണ്ട് സ്റ്റേറ്റ് എക്സിക്യുട്ടീവ് അംഗം ബെന്നി മാഷ് ആശംസകളർപ്പിച്ചു. തൃശൂർജില്ല പ്രസിഡൻ്റ് റീന തോമസ് ടീച്ചർ, സ്റ്റേറ്റ് എക്സിക്യുട്ടീവ് അംഗം സിന്ധു മേനോൻ ടീച്ചർ എന്നിവരുടെ ആശംസകൾക്കു ശേഷം വേദിയിൽ ആദരവ് ഏറ്റുവാങ്ങിയ പൂർവ്വ നേതാക്കളുടെ പ്രതിനിധികളായ കനകമ്മ ടീച്ചർ , ലത്തീഫ് മാസ്റ്റർ, വിനയൻ മാഷ്, ബിജുമോൻ സർ,
വിജയൻ മാഷ്,റംലത് ടീച്ചർ, പത്മിനി ടീച്ചർ, സുരേന്ദ്രൻ മാഷ്,തോമസ് മാഷ്, തോബിയസ് മാഷ് എന്നിവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു.
തൃശൂർജില്ല സെക്രട്ടറി ഷാജി ജോർജ് സാറിൻ്റെ നന്ദിയോടെ 300ൽ പരം അംഗങ്ങൾ പങ്കെടുത്ത വജ്രജൂബിലി ആഘോഷ പരിപാടികളുടെ ആദ്യ സെഷൻ സമംഗളം സമാപിച്ചു.
വജ്ര ജൂബിലി ആഘോഷങ്ങൾ ഏറ്റവും ഉചിതമായി കൈകാര്യം ചെയ്യുന്നതിന് ജനറൽ കൺവീനർ റോബിൻ മാഷിനൊപ്പo നിന്ന് പ്രവർത്തിച്ച ജില്ലാ സെക്രട്ടറി ഷാജി മാഷ് ജില്ലാ പ്രസിഡണ്ട് റീന ടീച്ചർ,ജോഷി മാസ്റ്റർ, സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗംസിന്ധു ടീച്ചർ എന്നിവർ മുക്തകണ്ഠം പ്രശംസ അർഹിക്കുന്നു.
----------------------------------------
ഉച്ച ഭക്ഷണത്തിന് ശേഷം മദ്ധ്യ മേഖല സമ്മേളനം ആരംഭിച്ചു.
റോബിൻ മാസ്റ്റർ മേഖല കൺവെൻഷന് സ്വാഗതം ആശംസിച്ചു . ബഹുമാന്യരായ സംസ്ഥാന പ്രസിഡന്റ്
കൃഷ്ണപ്രസാദ് മാസ്റ്ററും സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽസാറും ചേർന്ന് മേഖല സമ്മേളനത്തിന് നേതൃത്വം നൽകി. ചർച്ചയിൽ എല്ലാ അംഗങ്ങളും സജീവമായി പങ്കെടുത്തു...ജനറൽ സെക്രട്ടറി ക്രോഡീകരണം നടത്തി.
സംഘടന ഈ കാലഘട്ടത്തിൽ അഭിമുഖീകരിക്കുന്ന പല വിഷയങ്ങൾക്കും ഏതൊക്കെ രീതിയിൽ പരിഹാര ശ്രമങ്ങൾ നടത്തുന്നു എന്നുള്ളത് സെക്രട്ടറി വിശദീകരിക്കുകയുണ്ടായി.
തുടർന്ന് ജില്ല വൈസ് പ്രസിഡൻറ് ജോഷി ഡി കൊള്ളന്നൂർ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു
തൃശൂരിന് എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയുന്ന പ്രൗഢ ഗംഭീരമായ സദസ്സിന്
4 മണിക്ക് ദേശീയ ഗാനത്തോടെ സമാപനമായി.???? ജയ് ജയ് KPPHA ????????????????
KPPHA സംസ്ഥാന സമിതി ക്കുവേണ്ടി തൃശ്ശൂർ ജില്ലാ സെക്രട്ടറി