സ്കൂൾ ഉച്ചഭക്ഷണ പദ്ധതി (PM POSHAN) 2024-25 - പദ്ധതി നടത്തിപ്പ് സംബന്ധിച്ച് സ്കൂളുകൾക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ
1) സർക്കാർ, എയ്‌ഡഡ് വിദ്യാലയങ്ങളിലെ പ്രൈമറി, അപ്പർ പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ ഭക്ഷ്യ പോഷകാഹാര ഭദ്രത ഉറപ്പു വരുത്തുക.
2) ദുർബല വിഭാഗത്തിൽപ്പെട്ട കുട്ടികളെ സ്കൂളിൽ കൃത്യമായി ഹാജരാകുവാനും പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനും പ്രേരിപ്പിക്കുക.
3) വരൾച്ച ബാധിത പ്രദേശങ്ങളിലെ സ്കൂളുകളിൽ പഠിക്കുന്ന പ്രൈമറി, അപ്പർ പ്രൈമറി വിഭാഗം കുട്ടികൾക്ക് വേനലവധിക്കാലത്ത് പോഷകാഹാരം നൽകുക.
ഇതോടൊപ്പം, സാമൂഹിക നീതി, ലിംഗപരമായ തുല്യ നീതി എന്നിവ ഉറപ്പാക്കുന്നതും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ്. കുട്ടികളെ അവരവരുടെ സ്കൂൾ പരിസരത്ത് തന്നെയുള്ള 63003 പൊതു സ്ഥലത്ത് ജാതി-മത-ലിംഗ-വർണ്ണ-വർഗ്ഗ വിവേചനമില്ലാതെ ഒന്നിച്ചിരുത്തി ഒരേ തരത്തിലുള്ള ഭക്ഷണം നൽകുന്നത് വഴി അവർക്കിടയിൽ ആത്മാർത്ഥവും ആരോഗ്യപരവുമായ സൗഹൃദങ്ങൾ ഉടലെടുക്കുകയും വൈകാരിക ഐക്യം ഊട്ടിയുറപ്പിക്കപ്പെടുകയും ചെയ്യുന്നു.