
20-04-2026
കോഴിക്കോട് :എയിഡഡ് പ്രൈമറി സ്കൂൾ പ്രധാനാധ്യാപകരുടെ സ്വതന്ത്ര സംഘടനയായ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ(കെപിപിഎച്ച്എ) അറുപതാം സംസ്ഥാന സമ്മേളനം 21 മുതൽ 23 വരെ കോഴിക്കോട്ട് നടക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ,ജോ.സെക്രട്ടറി എം.ഐ.അജികുമാർ,സംഘാടകസമിതി ജനറൽ കൺവീനർ എൻ.സി.അബ്ദുല്ലക്കുട്ടി എന്നിവർ വാർത്താ സമ്മേളനത്തിൽഅറിയിച്ചു.
അധ്യാപക യോഗ്യതയായ ടെറ്റിൻ്റെ മുൻകാല പ്രാബല്യവുമായി ബന്ധപ്പെട്ട ഇടപെടലുകൾ,അധ്യാപക സംഘടനകളുടെ റഫറണ്ടം സംബന്ധിച്ച കെഇആർ ഭേദഗതി തുടങ്ങിയവ സമ്മേളനം ചർച്ചചെയ്യും.
21-ന് രാവിലെ 10-ന് പ്രതിനിധി സമ്മേളനം പിഎൻകെ നായർ നഗറിൽ(കണ്ടംകുളം ജൂബിലി ഹാൾ) അഹമ്മദ് ദേവർകോവിൽഎംഎൽഎ ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡൻ്റ് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിക്കും.സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ റിപ്പോർട്ടും ട്രഷറർ സി.എഫ്.റോബിൻ വരവുചെലവും അവതരിപ്പിക്കും.
2.30-ന് യാത്രയയപ്പ് സമ്മേളനം എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യും.സംസ്ഥാന വൈസ്പ്രസിഡൻ്റ് എം. സെയ്തലവി അധ്യക്ഷത വഹിക്കും.മേയർ ഒ.സദാശിവൻ സർവീസിൽ നിന്ന് വിരമിക്കുന്നവർക്ക് ഉപഹാരം നൽകും.
22-ന് രാവിലെ 10-ന് പൊതുസമ്മേളനംടി.കുഞ്ഞിരാമൻ മാസ്റ്റർ നഗറിൽ (പന്നിയങ്കര സുമംഗലി ഓഡിറ്റോറിയം)മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡൻ്റ് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിക്കും.പഠന ഗവേഷണകേന്ദ്രം ഡയറക്ടർ ടി.ശ്രീധരൻ ചോമ്പാല മുഖ്യ പ്രഭാഷണം നടത്തും.
11.30-ന് വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം എഴുത്തുകാരൻ കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും. വി.കെ.സുരേഷ്ബാബു മുഖ്യ പ്രഭാഷണം നടത്തും.സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.എസ്. ശിവശ്രീ അധ്യക്ഷത വഹിക്കും.
2 മണിക്ക് വനിതാ സമ്മേളനം കണ്ണൂർ ഫ്ലൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ ഷജന കരിം ഉദ്ഘാടനം ചെയ്യും.മുൻ സംസ്ഥാന ജനറൽ സെക്രട്ടറി നൂറുന്നീസ ബീഗം മുഖ്യപ്രഭാഷണം നടത്തും.വനിതാഫോറം സംസ്ഥാന ചെയർപേഴ്സൺ എ.എസ്.സുമകുമാരി അധ്യക്ഷത വഹിക്കും.23-ന് രാവിലെ 10-ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.
വാർത്താ സമ്മേളനത്തിൽ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ഷഹീർ,ജില്ലാ സെക്രട്ടറി പി.ജി.രാജീവ് എന്നിവരും പങ്കെടുത്തു.