
കോഴിക്കോട് :ഓരോ വിദ്യാലയത്തെയും മികവിൻ്റെ കേന്ദ്രമാക്കാനും ഒരോ കുട്ടിയെയും മികവിൻ്റെ ഉല്പന്നമാക്കാനും പ്രധാനാധ്യാപകർ വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്ന് അഹമ്മദ് ദേവർകോവിൽ എംഎൽഎ പറഞ്ഞു.കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ 60-ാം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായ പ്രതിനിധി സമ്മേളനംപിഎൻകെ നായർ നഗറിൽ(കണ്ടംകുളം ജൂബിലി ഹാൾ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളിൽ ശക്തമായി ഇടപെടുകയും, മാറ്റങ്ങൾക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന സംഘടനയാണ് കെപിപിഎച്ച്എ എന്നും വിവരസാങ്കേതിക വിദ്യയിലൂടെ ക്ലാസ്മുറികളും പഠന പ്രവർത്തനങ്ങളും നവീകരിച്ചു മുന്നേറുന്നതിന് പ്രോത്സാഹനം നൽകുന്ന സംഘടനഅധ്യാപക ശാക്തീകരണത്തിന് മാതൃകയാണെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
അകാലത്തിൽ വിട്ടുപിരിഞ്ഞ കെപിപിഎച്ച്എ സംസ്ഥാന റിസോഴ്സ്ഗ്രൂപ്പ് അംഗം കെ.പി.പ്രിയ കണ്ണൂർ,മലപ്പുറം പള്ളിപ്പറമ്പ് ഗവ.എൽപി സ്‌കൂളിലെ അധ്യാപകർ എന്നിവർക്ക് സമ്മേളനം ആദരാഞ്ജലി അർപ്പിച്ചു.സംസ്ഥാന പ്രസിഡൻ്റ് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ എൻ.സി.അബ്ദുല്ലക്കുട്ടി സമ്മേളന നടപടികൾ വിശദീകരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ റിപ്പോർട്ടും ട്രഷറർ സി.എഫ്.റോബിൻ വരവുചെലവും അവതരിപ്പിച്ചു.
പഠന ഗവേഷണ കേന്ദ്രം മാനേജർ കെ.കെ.ഗംഗാധരൻ മാസ്റ്റർ,സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി.എം.ജലീൽ,കെ.പി. വേണുഗോപാലൻ,കെ.കെ.ജിജി എന്നിവർ പ്രസംഗിച്ചു.സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എം.ഐ. അജികുമാർ സ്വാഗതവും സംഘാടകസമിതി വർക്കിംഗ് ചെയർമാൻ കെ.കെ.മനോജൻ നന്ദിയും പറഞ്ഞു.