കേരള സര്ക്കാര് ധനകാര്യ (ഹെല്ത്ത് ഇന്ഷുറൻസ് ) വകുപ്പിന്റെ 27/05/2024 തീയതിയിലെ പരിപത്രം ( നം. 30/2024/ധന )പ്രകാരം സംസ്ഥാന സര്ക്കാര് ജീവനക്കാരുടേയും പെന്ഷന്കാരുടേയും ആരോഗ്യ ഇന്ഷുറന്സ് പദ്ധതി (MEDISEP) - മൂന്നാം പോളിസി വര്ഷം ആരംഭിക്കുന്നതിനു മുന്പായി മെഡിസെപ് ഡാറ്റയില് അന്തിമമായി തിരുത്തലുകള് /കൂട്ടിച്ചേര്ക്കലുകള് ഒഴിവാക്കലുകള് വരുത്തുന്നതിനുള്ള നിര്ദ്ദേശം പുറപ്പെടുവിപ്പിച്ചു. Read Circular
സൂചന -
1) സ.ഉ.(അച്ചടി)നം. 70/2022/ധന തീയതി 23/06/2022
2) സര്ക്കുലര് നം. 68/2022/ധന തീയതി 06/08/2022
3) സര്ക്കുലര് നം. 18/2023/ധന തീയതി 17/02/2023
4) സര്ക്കുലര് നം. 57/2023/ധന തീയതി 15/06/2023
5) സര്ക്കുലര് നം. 03/2024/ധന തീയതി 16/01/2024
6) സര്ക്കുലര് നം. 06/2024/ധന തീയതി 19/01/2024
7)സര്ക്കുലര് നം. 14/2024/ധന തീയതി 11/03/2024
സംസ്ഥാന സര്ക്കാര് ജീവനക്കാരുടേയും പെന്ഷന്കാരുടേയും ആരോഗ്യ ഇന്ഷുറന്സ് പദ്ധതിയായ മെഡിസെപ് പദ്ധതിയിലെ ഗുണഭോക്താക്കളുടെ മെഡിസെപ് ഡാറ്റയിലെ തെറ്റുകള് തിരുത്തുന്നതിനും അക്കാലയളവിലുള്ള ആശ്രിതരെ ഉള്പ്പെടുത്തന്നതിനുമുള്ള സമയപരിധി സൂചന (2),(4) സര്ക്കുലറുകള് പ്രകാരം നീട്ടി നല്കുകയുണ്ടായി. അവസാനമായി, ഡാറ്റയില് കൂട്ടിച്ചേര്ക്കലുകള്/തിരുത്തലുകള് വരുത്തുന്നതിനുള്ള അന്തിമ തീയതി 22.06.2023 ആണെന്നും സമയബന്ധിതമായി ആശ്രിതരുടെ പട്ടികയില് ഉള്പ്പെടുത്തുവാന് നല്കിയ നവജാത ശിശുക്കള്. പുതുതായി വിവാഹം കഴിയുന്നവര് എന്നീ വിഭാഗക്കാരുടെ വിവരങ്ങള് ഒഴികെ, ഈ തീയതിക്കു ശേഷം സ്റ്റാറ്റസ് റിപ്പോര്ട്ടില് വരുത്തുന്ന തിരുത്തലുകള് മെഡിസെപ് ഐ.ഡി. കാര്ഡില് പ്രതിഫലിക്കുകയില്ലായെന്നും സൂചന (4) സര്ക്കുലര് മുഖാന്തിരം അറിയിപ്പ് നല്കിയിരുന്നു.
മേല്പറഞ്ഞ നിര്ദ്ദേശങ്ങള് സമയബന്ധിതമായി പാലിക്കാതെ ഗുണഭോക്താക്കള് ഡി.ഡി.ഒ/ട്രഷറി ഓഫീസര്/നോഡല് ഓഫീസര്മാരെ സമീപിക്കുകയും സര്ക്കാര് നിര്ദ്ദേശത്തിനു വിരുദ്ധമായി തങ്ങളുടെ പ്രൊഫൈലിലെ വിവരങ്ങളില് തിരുത്തല് വരുത്തുകയും കൂടിചേര്ക്കലുകള് നടത്തുകയും ചെയ്തിരിക്കുന്നതായി സര്ക്കാരിന്റെ ശ്രദ്ധയില്പ്പെട്ടിട്ടുണ്ട്.
മൂന്നാമത്തെ പോളിസി വര്ഷം (Third policy year) 01/07/2024 തീയതിയില് ആരംഭിക്കുന്ന സാഹചര്യത്തില്, വിവിധ വകപ്പുകള്,യൂണിവേഴ്സിറ്റികള്,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള് എന്നിവിടങ്ങളിലെ ജീവനക്കാര് തങ്ങളുടെയും ആശ്രിതരുടെയും വ്യക്തിഗത വിവരങ്ങള് തിരുത്തുന്നതിനും തങ്ങളുടെ നിലവിലുള്ള ആശ്രിതരെ മെഡിസെപ്പില് ഉള്പ്പെടുത്തുന്നതിനും ആശ്രിതരുടെ പട്ടികയില് നിന്നും ആരെയെങ്കിലും നീക്കം ചെയ്യന്നതിനുമുള്ള അപേക്ഷകള്, ബന്ധപ്പെട്ട ഡി.ഡി.ഒ.മാര്ക്കു 10/06/2024 -നു മുന്പായി സമര്പ്പിക്കേണ്ടതാണ് .
ഇപ്രകാരം സമയബന്ധിതമായി ലഭിക്കുന്ന അപേക്ഷകള് ഡി.ഡി.ഒ.-മാര് സ്വീകരിച്ചു 20/06/2024 തീയതിക്ക് മുന്പായി അപേക്ഷകരുടെ മെഡിസെപ് ഡാറ്റയില് ആവശ്യമായ തിരുത്തലുകള് വരുത്തി നിര്ബന്ധമായും 'VERIFY' ചെയ്യേണ്ടതാണ്.
സര്വീസില് നിന്നും വിരമിക്കുന്ന ജീവനക്കാരുടെ മെഡിസെപ് ബന്ധപ്പെടു ഡ്.ഡി.ഒ-മാര് BLOCK ചെയ്യേണ്ടതും ഇപ്രകാരം വിരമിക്കുന്ന ജീവനക്കാര് ബന്ധപ്പെട്ട ട്രഷറികളില് സമര്പ്പിക്കുന്ന പെന്ഷന് അപേക്ഷയില് സര്വീസ് കാലയളവില് ഉണ്ടായിരുന്ന മെഡിസെപ്പ് ഐ.ഡി. യും PEN നമ്പറും നിര്ബന്ധമായും രേഖപ്പെടുത്തേണ്ടതാണ് . ബന്ധപ്പെട്ട ട്രഷറി ഓഫീസര്, ആയത് പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതും ടി പെന്ഷനറുടെ എംപ്ലോയീ പ്രൊഫൈലില് നിന്നും മെഡിസെപ് ഐ.ഡി പെന്ഷനര് പ്രെഫൈലിലേക്ക് മാറ്റി വീണ്ടും VERIFY ചെയ്യേണ്ടതുമാണ് .
നിലവിലെ പെന്ഷന്കാര്, തങ്ങളുടെയും ആശ്രിതമുടെയും വൃക്തിഗത വിവരങ്ങള് തിരുത്തുന്നതിനും തങ്ങളുടെ നിലവിലുള്ള ആശ്രിതരെ മെഡിസെപ്പില് ഉള്പ്പെടുത്തുന്നതിനും ആശ്രിതരുടെ പട്ടികയില് നിന്നും ആരെയെങ്കിലും നീക്കം ചെയ്യന്നതിനുമുള്ള അപേക്ഷകള് ബന്ധപ്പെട്ട ട്രഷറി ഓഫീസര്/പെന്ഷന് ഓഫീസര്ക്കു 10/06/2024 -നു മുന്പായി സമര്പ്പിക്കേണ്ടതാണ് .
ഇപ്രകാരം സമയബന്ധിതമായി ലഭിക്കുന്ന അപേക്ഷകള് ട്രഷറി ഓഫീസര്മാര്/പെൻഷന് ഓഫീസര്മാര് സ്വീകരിച്ചു 20/06/2024 തീയതിക്ക് മുന്പായി അപേക്ഷകരുടെ മെഡിസെപ് ഡാറ്റയില് ആവശ്യമായ തിരുത്തലുകള് വരുത്തി നിര്ബന്ധമായും 'VERIFY' ചെയ്യേണ്ടതാണ്.
കൂടാതെ, എല്ലാ മെഡിസെപ് ഗുണഭോക്താക്കളും മെഡിസെപ് വെബ്സൈറ്റിലെ സ്റ്റാറ്റസ് മെനുവില് പെന് നം / എംബ്ലോയീ ഐ.ഡി./പി.പി.ഒ.നം/പെന്ഷന് ഐ.ഡി., ജനന തീയതി, വകുപ്പിന്റെ ട്രഷറിയുടെ പേര് എന്നിവ നല്കി സ്റ്റാറ്റസ് റിപ്പോര്ട്ട് ഡൌണ്ലോഡ് ചെയ്ത് തങ്ങളുടെ മെഡിസെപ് ഡാറ്റയില് ആവശ്യമായ തിരുത്തലുകള് ബന്ധപ്പെട്ടവര് വരുത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
20/06/2024 തീയതിക്ക് ശേഷം സ്റ്റാറ്റസ് റിപ്പോര്ട്ടില് വരുത്തുന്ന തിരുത്തലുകള് (നവജാത ശിശുക്കള്, പുതുതായി വിവാഹം കഴിയുന്നവര് എന്നീ വിഭാഗക്കാര് ഒഴികെ) മെഡിസെപ് ഐ.ഡി. കാര്ഡില് പ്രതിഫലിക്കില്ല. ആയതിനാല് ഡി.ഡി.ഒ.-മാരും ട്രഷറി ഓഫീസര്മാരും ടി തീയതിക്ക് മുന്പ് ലഭ്യമാകുന്ന അവസാന ഡാറ്റാ അപ്ഡേഷന് അപേക്ഷയും പരിഗണിച്ച് അന്തിമ തീയതിക്ക് മുന്പായി തന്നെ മെഡിസെപ് പോര്ട്ടലില് ആയത് ‘VERIFY’ ചെയ്തു ക്രമപ്പെടുത്തി വെയ്ക്കേണ്ടതാണ് .
2018 മുതല് ആരംഭിച്ച വിവരശേഖരണവും അതുമായി ബന്ധപ്പെട്ട കൂട്ടിചേര്ക്കലുകള്ക്കും തിരുത്തലുകള്ക്കുമായി നല്കിയിട്ടുള്ള കൃത്യമായ നിര്ദ്ദേശങ്ങള് സമയബന്ധിതമായി നിര്വഹിക്കാതെ അനുവദിച്ച സമയപരിധി കഴിഞ്ഞും ഡി.ഡി.ഒ.മാരുടേയും ട്രഷറി ഓഫീസര്മാരുടേയും സഹായത്തോടെ 20.06.2024 -നു ശേഷം status report തിരുത്തല് വരുത്തിയിട്ട് കാര്ഡ് ലഭ്യമായിട്ടില്ല എന്ന പരാതി നല്കിയാല് ആയത് പരിഗണിക്കുന്നതല്ല.
എന്നാല് അനുവദിച്ച സമയപരിധിയ്ക്കള്ളില് തിരുത്തലുകള് വരുത്തി VERIFY ചെയ്യതതിനു ശേഷവും എന്തെങ്കിലും സാങ്കേതിക പിഴവുകള് നിമിത്തം മെഡിസെപ് കാര്ഡ് ഡൌണ്ലോഡ് ചെയ്യുവാന് സാധിക്കാതെ വരുന്ന പക്ഷം. 1800-425-1857 എന്ന ടോള് ഫ്രീ നമ്പറിലോ sncmedisep@gmail.com എന്ന ഇമെയില് വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്.
2. വിവിധ വകുപ്പുകള്,യൂണിവേഴ്സിറ്റികള്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള് എന്നിവിടങ്ങളില് പുതുതായി സേവനത്തില് പ്രവേശിക്കുന്ന ജീവനക്കാരെ സംബന്ധിച്ചു ഡി.ഡി.ഒ./നോഡല് ഓഫീസര്മാര്ക്കുള്ള മാര്ഗ്ഗനിര് ദ്ദേശങ്ങള്:
ഒരു ജീവനക്കാരന് പുതുതായി സര്ക്കാര് സേവനത്തില് പ്രവേശിക്കുമ്പോള്, ആദ്യ ശമ്പളം മുതല് തന്നെ മെഡിസെപ് പ്രീമിയം കിഴിവ് ആരംഭിക്കുന്നതാണ്. ആയതിനാല് പുതുതായി സേവനത്തില് പ്രവേശിക്കുന്ന ജീവനക്കാര്ക്ക് സ്പാര്ക്കില് PEN ജനറേറ്റ് ചെയ്യന്നതോടൊപ്പം മെഡിസെപ് വെബ്സൈറ്റിലെ DDO login മുഖേന ഡി.ഡി.ഒ. MEDISEP ID കൂടി ജനറേറ്റ് ചെയ്യേണ്ടതാണ്. എങ്കില് മാത്രമേ, പ്രസ്തുത ജീവനക്കാരുടെ മെഡിസെപ് ഡാറ്റാ ഇൻഷുറന്സ് കമ്പനിക്കു കൈമാറുവാനും ഇൻഷുറന്സ് കമ്പനി മെഡിസെപ് കാര്ഡ് അനുവദിച്ചു സമയബന്ധിതമായി ടി ജീവനക്കാര്ക്കു മെഡിസെപ് പരിരക്ഷ ലഭ്യമാക്കുവാനും സാധിക്കുകയുള്ളൂ.
അപ്രകാരം ഒരു ജീവനക്കാരന്റെ ആദ്യ ശമ്പളം പ്രോസസ്സ് ചെയ്യുന്നതിനു മുമ്പായി നിര്ബന്ധമായും ടി ജീവനക്കാരനു MEDISEP ID ജനറേറ്റ് ചെയ്യേണ്ടതാണ്. ആയതിനാല്, പുതുതായി സർക്കാർ സേവനത്തിൽ പ്രവേശിക്കുന്ന ജീവനക്കാര് സേവനത്തില് പ്രവേശിക്കുന്ന അതേ ദിവസം തന്നെ 22/11/2021 തീയതിയിലെ 110/2021/ധന നമ്പര് സരിക്കലറിന്റെ അനുബന്ധമായി പുറപ്പെടുവിച്ചിട്ടുള്ള മെഡിസെപ്പിൽ അംഗമാകുന്നതിനുള്ള അപേക്ഷ ഫോം പൂർണമായും പൂരിപ്പിച്ച് ഡി ഡി ഓ ക്ക് സമർപ്പിക്കേണ്ടതാണ്.
അക്കാലയളവില് നിലവിലുള്ള എല്ലാ ആശ്രിതരുടെയും പേരുവിവരങ്ങള് കൃത്യമായി പ്രസ്തുത അപേക്ഷാ ഫോമില് രേഖപ്പെടുത്തേണ്ടതാണ്. ഡി.ഡി.ഒ.-മാര് ഇക്കാര്യം പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതാണ്. ജീവനക്കാരുടെ മെഡിസെപ് ഡാറ്റാ ഇന്ഷുറന്സ് കമ്പനിക്കു നല്കിക്കഴിഞ്ഞതിനു ശേഷം അവരുടെ ഡാറ്റയിലെ തെറ്റുകള് തിരുത്തുന്നതിനോ ആശ്രിതരെ (പുതുതായി വിവാഹം കഴിയുന്നവര്, നവജാത ശിശുക്കള് എന്നീ ആശ്രിതര് ഒഴികെ) ഉള്പ്പെടുത്തന്നതിനോ അവസരം ഉണ്ടായിരിക്കുന്നതല്ല. കൂടാതെ പുതുതായി സേവനത്തില് പ്രവേശിക്കുന്ന ജീവനക്കാരെല്ലാം പങ്കാളിത്ത പെന്ഷന് പദ്ധതിയില് ഉള്പ്പെട്ടവരാകുമെന്നതിനാല്, നിര്ബന്ധമായും അവരുടെ PRAN നമ്പര് കൂടി മെഡിസെപ് പോര്ട്ടലില് (നിര്ദ്ദിഷ്ട box-ല്) രേഖപ്പെടുത്തേണ്ടതാണ്. അതോടൊപ്പം വിവിധ വകുപ്പുകള്, യൂണിവേഴ് സിറ്റികള്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള് എന്നിവിടങ്ങളിലെ ഡി.ഡി.ഒ.-മാര് ദേശീയ പെന്ഷന് പദ്ധതിയില് (NPS) അംഗങ്ങളായിട്ടുള്ള നിലവിലെ മെഡിസെപ് ഗുണഭോക്താക്കളായ ജീവനക്കാരുടെ PRAN നമ്പര് കൂടി മെഡിസെപ് പോര്ട്ടലില് (നിര്ദ്ദിഷ്ട box-ല്) രേഖപ്പെടുത്തേണ്ടതും ആയത് നിര്ബന്ധമായും Verify ചെയ്യേണ്ടതുമാണ്.
3. പാര്ട്ട് സാലറി (ഭാഗിക ശമ്പളം) -യില് നിന്നുള്ള മെഡിസെപ് പ്രീമിയം കിഴിവ് നിര്ത്തല് ചെയ്തത് സംബന്ധിച്ച് :
പുതുതായി സേവനത്തില് പ്രവേശിക്കുന്ന ജീവനക്കാരുടേതുള്പ്പെടെ, മെഡിസെപ് അംഗത്വമുള്ള ഒരു ജീവനക്കാരന്റെയും പാര്ട്ട് സാലറിയില് നിന്നും സ്പാര്ക്ക് മുഖേന മെഡിസെപ് പ്രീമിയം കിഴിവ് ചെയ്യുവാന് ഇനിമുതല് സാധിക്കുന്നതല്ല. പാര്ട്ട് സാലറിയില് നിന്നും മെഡിസെപ് പ്രീമിയം കിഴിവ് ചെയ്യുന്നതില് പ്രായോഗിക ബുദ്ധിമുട്ട് നേരിടുന്നതിനാല് സ്പാര്ക്ക് സോഫ്റ്റ് വെയര് മുഖേന പാര്ട്ട് സാലറിയില് നിന്നും ചെയ്ത വന്നിരുന്ന മെഡിസെപ് കിഴിവ് സര്ക്കാര് നിര്ത്തല് ചെയ്തിരിക്കുകയാണ് .
അത്തരത്തില് പാര്ട്ട് സാലറി പ്രോസസ്സ് ചെയ്യേണ്ടിവരുന്ന മാസങ്ങളിലെ മെഡിസെപ് പ്രീമിയം കുടിശ്ശികയായി പരിഗണിച്ച് ,തൊട്ടടുത്ത മാസത്തെ/മുഴുവന് ശമ്പളവും ഒറ്റത്തവണയായി പ്രോസസ്സ് ചെയ്യുവാന് സാധിക്കുന്ന മാസത്തെ ശമ്പളത്തില് നിന്നും ആയത് കുറവ് ചെയ്യുവാന് ഡി.ഡി.ഒ. ശ്രദ്ധിക്കേണ്ടതാണ്. കുടിശ്ശിക പ്രീമിയം കിഴിവ് ചെയ്യേണ്ട രീതി സൂചന (5) സര്ക്കുലറില് പരാമര്ശിച്ചിട്ടുണ്ട്.
4. മുന്കൂറായി സര്ക്കാര് ഇൻഷുറന്സ് കമ്പനിക്ക് നല്കുന്ന പ്രീമിയം തുക കൃത്യമായി തന്നെ സര്ക്കാരിന് ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പു വരുത്തുന്നതിലേക്ക് ഡി.ഡി.ഒ./ട്രഷറി ഓഫീസര്/പെന്ഷന് ഓഫീസര്മാര്ക്കുള്ള മാര്ഗ്ഗനിര്ദ്ദേശങ്ങള്:
മെഡിസെപ് ഡേറ്റാ ബേസില് നിലവിലുള്ള (അതായത് ആക്ടീവ് മെഡിസെപ് കാര്ഡ് ഉള്ള) എല്ലാ ഗുണഭോക്താക്കളില് നിന്നും പ്രീമിയം തുക കുറവ് ചെയ്ത് അടയ്ക്കുന്നു എന്ന് ഉറപ്പാക്കുന്നതിലേക്ക് എല്ലാ ഡി.ഡി.ഒ./ട്രഷറി ഓഫീസര്/പെന്ഷന് ഓഫീസര്മാര് ശ്രദ്ധിക്കേണ്ടതാണ് . ഇത്തരത്തില് മുന്കൂറായി സര്ക്കാര് നല്കുന്ന ) പ്രീമിയം തുക കൃത്യമായി തന്നെ സര്ക്കാരിന് ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പു വരുത്തുന്നതിലേക്ക് സൂചന (4), (5),(9) പ്രകാരം നല്കിയ നിര്ദ്ദേശങ്ങള് കര്ശനമായി തന്നെ പാലിക്കേണ്ടതാണ്.
ഇത്തരത്തില് പ്രീമിയം നല്കാതെ തന്നെ ഏതെങ്കിലും ഗുണഭോക്താവ് പദ്ധതിയില് തുടരുന്ന സാഹചര്യം ഉണ്ടാകുകയാണെങ്കില് അത് വഴി സര്ക്കാരിന് ഉണ്ടാകുന്ന നഷ്ടത്തിന് ബന്ധപ്പെട്ട ഡി.ഡി.ഒ/നോഡല് ഓഫീസര്/ട്രഷറി ഓഫീസര്/പെന്ഷന് ഓഫീസര് ഉത്തരവാദികളായിരിക്കും. കൂടാതെ മെഡിസെപ് പ്രതിമാസ പ്രീമിയം തുക ശമ്പളം/പെന്ഷനില് നിന്നും ഈടാക്കുന്നുണ്ടെന്നതു ഓരോ ഗുണഭോക്താവും ഉറപ്പ് വരുത്തേണ്ടതാണ്.
*************************