2024-25 അധ്യയന വര്ഷത്തെ ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് സംബന്ധിച്ച സർക്കുലർ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിപ്പിച്ചു.
സംസ്ഥാന സിലബസില് സര്ക്കാര്, എയ്ഡഡ്, അണ്-എയ്ഡഡ് (അംഗീകൃതം) സ്കൂളുകളില് 2024-25 അധ്യയന വര്ഷം ആറാം പ്രവൃത്തി ദിനം അടിസ്ഥാനപ്പെടുത്തിയുള്ള കുട്ടികളുടെ വിവരങ്ങള് സ്കൂളുകളില് നിന്നും സമ്പൂര്ണ്ണ വെബ്പോര്ട്ടലില് ഓണ്ലൈനായി ശേഖരിക്കുന്നു. ഈ അധ്യയനവര്ഷം ജൂൺ 3-നു സ്കൂള് തുറന്നതിനാല് ജൂണ് 10 ആണ് ആറാം പ്രവൃത്തിദിനം. ഈ സാഹചര്യത്തില് വിവരശേഖരണം നടത്തുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിര്ദ്ദേശങ്ങള് പാലിക്കേണ്ടതാണ്.
1. ആറാം പ്രവൃത്തിദിനത്തില് 2024 ജൂണ് 10 വൈകുന്നേരം 5 മണി വരെ മാത്രമായിരിക്കും വിദ്യാലയങ്ങളില് നിന്നും സമ്പൂര്ണ്ണയില് കുട്ടികളുടെ വിവരങ്ങള് രേഖപ്പെടുത്തുവാന് കഴിയുക.
2. സമ്പൂര് ണ്ണ ഓണ്ലൈന് വെബ്പോര്ട്ടലില് നല്കുന്ന ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് തസ്തിക നിര്ണ്ണയം നടത്തുന്നത്. എന്നതിനാല് ഓരോ സ്കൂളിലേയും മുഴുവന് കുട്ടികളേയും സംബന്ധിക്കുന്ന വിവരങ്ങള് സമ്പൂര്ണ്ണയില് കൃത്യമായും പൂര്ണ്ണമായും നല്കേണ്ടതാണ്.
3. ആറാം പ്രവൃത്തിദിനത്തില് 2024 ജൂണ് 10 ന് 5 PM -ന് ശേഷം, അതുവരെ നമ്പൂര്ണ്ണയില് രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങള് ഫ്രീസ് ചെയ്ത് സമന്വയയിലേയ്ക്ക് സിങ്ക് ചെയ്യപ്പെടുന്നതിനാല് അതിനുശേഷം സമ്പൂര്ണ്ണയില് വരുത്തുന്ന മാറ്റങ്ങള് തസ്തിക നിര്ണ്ണയത്തിനായി പരിഗണിക്കപ്പെടുന്നതല്ല.
4. സമ്പൂര്ണ്ണയില് രേഖപ്പെടുത്തുന്ന ആറാം പ്രവൃത്തി ദിവസത്തെ കണക്കുകളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനായി പ്രധാനാധ്യാപകന് സാക്ഷ്യപ്പെടുത്തിയ റിപ്പോര്ട്ട് ബന്ധപ്പെട്ട എ.ഇ.ഒ/ ഡി.ഇ.ഒ മാര്ക്കും, എ.ഇ.ഒ./ഡി.ഇ.ഒ.മാര് സാക്ഷ്യപ്പെടുത്തിയ റിപ്പോര്ട്ട് ബന്ധപ്പെട്ട ജില്ലാ ഉപഡയറക്ടര്മാര്ക്കും, ജില്ലാ ഉപഡയറക്ടർമാർ സാക്ഷ്യപ്പെടുത്തിയ റിപ്പോര്ട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്ിക്സ് വിഭാഗത്തിലേയ്ക്കും നല്കേണ്ടതാണ്.
5. ലോവര് പ്രൈമറി തലത്തില് അധിക ഭാഷ (അറബിക്/ കൊങ്കിണി) പഠിക്കുന്ന കുട്ടികളുടെ കാര്യത്തിലും, മറ്റ് ക്ലാസ്സുകളില് പാര്ട്ട് ഒന്ന്, രണ്ട്, - മലയാളം. അറബിക്, സംസ്കൃതം, ഉറുദു. തമിഴ്, കന്നട, ഗുജറാത്തി പഠിക്കുന്ന കുട്ടികളുടെ കാര്യത്തിലും, പഠിക്കുന്ന ഭാഷ സംബന്ധിച്ച വിവരം കൃതൃതയോടെ രേഖപ്പെടുത്തേണ്ടതാണ്. പിന്നീടുള്ള മാറ്റങ്ങള് പരിഗണിക്കപ്പെടുന്നതല്ല. തെറ്റായതോ അപൂര്ണ്ണമായതോ ആയ വിവരങ്ങള് നല്കിയത് മൂലം ഡിവിഷന്/തസ്തിക നഷ്ടപ്പെടുന്ന സാഹചര്യം വന്നാല് ആയതിന്റെ പൂര്ണ്ണ ഉത്തരവാദി പ്രധാനാധ്യാപകന് മാത്രമായിരിക്കും.
6. കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങള് സമ്പൂര്ണ്ണയില് രേഖപ്പെടുത്തുമ്പോള് മീഡിയം അടിസ്ഥാനപ്പെടുത്തിയുള്ള വിവരങ്ങളും ഭാഷ അടിസ്ഥാനപ്പെടുത്തിയുളള വിവരങ്ങളും കൃതൃതയോടെ രേഖപ്പെടുത്തേണ്ടതാണ്. തെറ്റായതോ അപൂര്ണ്ണമായതോ ആയ വിവരങ്ങള് നല്കിയിട്ടുണ്ടെങ്കില് ആയത് പിന്നീട് തിരുത്തുന്നതിനുളള അവസരം ഉണ്ടായിരിക്കുന്നതല്ല.
7. ആറാം പ്രവൃത്തിദിന ഫോര്മാറ്റില്, ആകെ. എസ്.സി. എസ്.ടി,മുസ്ലീം, അദര് ഒ.ബി.സി,മുസ്ലീം അദര് ഒ.ബി.സി ഒഴികെയുള്ള ഒ.ബി.സി. മുന്നോക്ക വിഭാഗം എ.പി.എല്/ ബി.പി.എല്. എന്നിവ കൃത്യമായും രേഖപ്പെടുത്തേണ്ടതാണ്. പഠനമാധ്യമം ഏതാണ് എന്നതുംവ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. കൂടാതെ, ഭാഷാടിസ്ഥാനത്തിലൂള്ള എണ്ണം രേഖപ്പെടുത്തുമ്പോള്, നിലവിലുള്ള സംസ്കൃതം,ഉറുദു, അറബിക് എന്നിവയ്ക്ക് പുറമേ മലയാളം, തമിഴ്, കന്നട, ഗുജറാത്തി, കൊങ്കിണി, അഡിഷണല് ഹിന്ദി എന്നിവയുടെ എണ്ണം കൂടി രേഖപ്പെടുത്തേണ്ടതാണ്.
8. സമ്പൂര്ണ്ണയിലെ ഡാഷ്ബോര്ഡില് കാണുന്ന വിവരങ്ങള് യു.ഐ.ഡി വാലിഡേഷന് മെനു പരിശോധിച്ച് യു.ഐ.ഡി വിവരങ്ങള് വാലിഡേറ്റ് ചെയ്യേണ്ടതും ഇന്വാലിഡ് ഡാറ്റയുണ്ടെങ്കില് വിവരങ്ങള് കൃത്യമാക്കുവാന് പ്രധാനാധ്യാപകന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ്.
9. വിദ്യാര്ത്ഥികളുടെ വിടുതല് സര്ട്ടിഫിക്കറ്റ് രക്ഷിതാവ് ആവശ്യപ്പെടുന്ന മുറയ്ക്ക് ഉടന് തന്നെ അനുവദിക്കേണ്ടതും യു.ഐ.ഡി ഉള്പ്പെടെയുള്ള സമ്പൂര്ണ്ണയിലെ വിവരങ്ങള് പുതിയ സ്കൂളിലേയ്ക്ക് മാറ്റി നല്കേണ്ടതുമാണ്. ഇപ്രകാരം നടപടി സ്വീകരിക്കാത്ത പക്ഷം മറ്റൊരറിയിപ്പില്ലാതെ തന്നെ ബന്ധപ്പെട്ട പ്രധാനാധ്യാപകനെതിരെ ചട്ടപ്രകാരമുള്ള നടപടികള് വിദ്യാഭ്യാസ ഓഫീസര്മാര് സ്വീകരിക്കേണ്ടതാണ്.
10. ഏതെങ്കിലും വിദ്യാര്ത്ഥിയുടെ യു.ഐ.ഡി വിവരങ്ങള് രേഖപ്പെടുത്തുമ്പോള് മറ്റൊരു സ്കൂളില് രേഖപ്പെടുത്തിയതായി കാണുകയും എന്നാല് ആ സ്കൂളുകളില് നിന്ന് ട്രാന്സ്ഫർ ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില് ഈ വിവരം അറിയിച്ചുകൊണ്ട് അതാത് വിദ്യാഭ്യാസ ഓഫീസര്മാര്ക്ക് അപേക്ഷ നല്കാവുന്നതാണ്.
11. യു.ഐ.ഡി ഉള്ള കുട്ടികളെ മാത്രമേ തസ്തിക നിര്ണ്ണയത്തിന് പരിഗണിക്കൂ എന്നതിനാല് ആറാം പ്രവൃത്തി ദിനത്തില് റോളിലുള്ള എല്ലാ കുട്ടികള്ക്കും യു.ഐ.ഡി ലഭ്യമാക്കുന്നതിന് പ്രധാനാധ്യാപകര് പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്. എന്നാല് യു.ഐ.ഡി ഇല്ലാത്തതിന്റെ പേരില് ഒരു കുട്ടിയ്ക്കും അവര്ക്ക് അവകാശപ്പെട്ട സ്കൂള് പ്രവേശനം നിഷേധിക്കരുത്.
12. സംസ്ഥാന സിലബസില് പഠിക്കുന്ന കുട്ടികളുടെ ആറാം പ്രവൃത്തിദിനം അടിസ്ഥാനമാക്കിയുളള എണ്ണം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്ററിക്സ് വിഭാഗം വിശകലനം ചെയ്ത് അന്നേ ദിവസം തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അംഗീകാരത്തിനു സമര്പ്പിക്കേണ്ടതാണ്.
13. പുതിയ അധ്യയന വര്ഷത്തില് ആറാം പ്രവൃത്തിദിനത്തിന്റെ പ്രത്യേക പ്രാധാന്യം ഉള്ക്കൊണ്ടുകൊണ്ട് മുകളില് പറഞ്ഞിട്ടുളള നിര്ദ്ദേശങ്ങള് ചുമതലപ്പെട്ട ഉദ്യോഗസ്ഥര് കൃത്യമായും പാലിക്കേണ്ടതാണ്.
14. ആറാം പ്രവൃത്തിദിനം അടിസ്ഥാനപ്പെടുത്തി ശേഖരിക്കുന്ന കുട്ടികളുടെ കണക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അറിവോ അംഗീകാരമോ ഇല്ലാതെ എ.ഇ.ഒ./ഡി.ഇ.ഒ/ ഡി.ഡി.ഇ മറ്റ് അനുബന്ധ ഓഫീസുകള് മുതലായവര് ഒരു ഏജന്സിയ്ക്കും കൈമാറരുത്.
**************************