സർക്കാർ /എയിഡെഡ് /സ്വകാര്യ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ സുരക്ഷാ ഉറപ്പാക്കുക എന്ന ലക്ഷ്യം മുൻനിർത്തി UP/HS/HSS സ്‌കൂളുകൾ കേന്ദ്രീകരിച്ച് സർക്കാർ നിർദ്ദേശപ്രകാരമുള്ള സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ രൂപീകരിക്കേണ്ടതുണ്ട്. വളരെ കാര്യക്ഷമമായി സ്വഭാവരൂപീകരണത്തിലും അവരുടെ ദൈനംദിന കാര്യങ്ങളിലും ഇടപെടാനും അതിലൂടെ സ്കൂളിലും കുട്ടികളുടെ സ്കൂൾ സമയത്തും കുട്ടികൾ സുരക്ഷിതരാണ് എന്നു ഉറപ്പുവരുത്തുവാൻ ഈ ഗ്രൂപ്പുകളെ സജ്ജമാക്കേണ്ടതുണ്ട്. പല സ്കൂളുകളിലും SPG കൾ ഉണ്ടെങ്കിലും അവ പ്രവർത്തനക്ഷമമായി കാണുന്നില്ല. ഇത് മൂലം കുട്ടികൾക്കിടയിൽ ഏറി വരുന്ന പല തെറ്റായ പ്രവണതകളെയും മുൻകൂട്ടി കണ്ടെത്താൻ സാധിക്കുന്നില്ല. അതിനാൽ എല്ലാ സ്കൂളുകളിലും SPG കൾ രൂപീകരിക്കേണ്ടതും നിലവിൽ പ്രവർത്തനം നിന്നുപോയ SPG കളെ വരുന്ന സ്കൂൾ വർഷത്തിൻറെ തുടക്കത്തിൽ തന്നെ പ്രവർത്തനസജ്ജമാക്കി മാറ്റേണ്ടതുമാണ്. ഇവ യഥാസമയം യോഗം ചേർന്ന് പ്രശ്നനങ്ങൾ, പരാതികൾ എന്നിവ ചര്ച്ച ചെയ്യേണ്ടതും പരിഹാരം കാണേണ്ടതുമാണ്. കുട്ടികൾ പലവിധ ദുശ്ശീലങ്ങളും ആർജിക്കുന്നത് സ്കൂൾ പരിസരത്ത് രൂപപ്പെടുന്ന പുതിയ കൂട്ടുകെട്ടുകൾ മൂലമോ, സമീപത്ത് സ്ഥിതി ചെയ്യുന്ന ചെറുകിട കച്ചവടക്കാരിൽനിന്നൊ, സാമൂഹ്യ വിരുദ്ധരിൽനിന്നോ ആണ്.ഇവരെ നിരന്തരം നിരീക്ഷിക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ സമീപ സ്ഥാപനങ്ങൾ ഇടപെടുന്നില്ല എന്നും ഉറപ്പുവരുത്താൻ ഒരു പരിധിവരെ SPG കളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നതാണ്.
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ
ചെയർമാൻ : പ്രിൻസിപ്പൾ /ഹെഡ്മാസ്റ്റർ /PTA പ്രസിഡൻറ്
കൺവീനർ : Concerned Police Station House Officer.
ജോയിൻറ് കൺവീനർ : SHO നിർദേശിക്കുന്ന ഒരു പോലീസുദ്യോഗസ്ഥൻ
മറ്റംഗങ്ങൾ
വാർഡ് മെമ്പർ/വാർഡ് കൌൺസിലർ, സ്കൂൾ സ്റ്റുഡൻറ് ലീഡർ, രണ്ടു രക്ഷിതാക്കൾ, രണ്ട് അദ്ധ്യാപകർ, പ്രദേശത്തെ മാന്യനായ ഒരു കച്ചവടക്കാരൻ ഒരു ആട്ടോ ടാക്സി ഡ്രൈവർ, ജാഗ്രത സമിതി അംഗങ്ങൾ/ എസ്പിസി അംഗങ്ങൾ, പ്രദേശത്തെ പ്രമുഖ വ്യക്തികൾ .
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻറെ ചുമതലകൾ
1. സ്കൂൾ പരിസരത്തെ ലഹരി, പുകയില, പൻമസാല . മദ്യം, പോർനോഗ്രാഫി എന്നീ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി ബന്ധപ്പെട്ടവരെ അറിയിക്കൽ
2. സ്കൂൾ സമയത്ത് ക്ലാസ് ഉപേക്ഷിക്കുന്ന കുട്ടികളെകുറിച്ചും അവർ എത്തിച്ചേരുന്ന കൂടിച്ചേരുന്ന ഇടങ്ങൾ /ഇടപെടുന്ന വ്യക്തികൾ/സ്ഥലങ്ങൾ എന്നിവ നിരീക്ഷിച്ചു കണ്ടെത്തി ബന്ധപ്പെട്ടവരെ അറിയിച്ചു വേണ്ട നടപടികൾ സ്വീകരിക്കൽ,
3. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി കുട്ടികളുമായി സൌഹൃദം സ്ഥാപിച്ചു. അവരെ ചൂഷണം ചെയ്യുന്നവരെ കണ്ടെത്തി ബന്ധപ്പെട്ടവരെ അറിയിച്ചു വേണ്ട നടപടികൾ സ്വീകരിക്കൽ,
മേൽ കാര്യങ്ങളും, സ്കൂൾ വാഹനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നിർദേശങ്ങളും എല്ലാ സ്കൂളുകളിലും അദ്ധ്യയന വർഷാരംഭത്തിൽ തന്നെ നടപ്പിലാക്കേണ്ടതാണ്